- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ബാധ്യസ്ഥം, പരസ്യത്തിൽ പ്രത്യേകം പറഞ്ഞിരുന്നു; ക്ഷേത്ര മതിൽക്കെട്ടിന് ഉള്ളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയത്; നർത്തകിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ
തൃശൂർ: അഹിന്ദുവായതിനാൽ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തിൽ നിന്നും നർത്തകിയെ ഒഴിവാക്കിയത് വിവാദമായതോടെ, സംഭവത്തിൽ വിശദീകരണവുമായി കൂടൽ മാണിക്യക്ഷേത്രം ഭാരവാഹികൾ രംഗത്തു വന്നു. ക്ഷേത്ര മതിൽക്കെട്ടിന് ഉള്ളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് കൂടൽമാണിക്യ ക്ഷേത്രം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.
പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികൾ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരിൽ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.
അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി ദേവസ്വം ഓഫീസ് പരിശോധിച്ചപ്പോഴാണ്, ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാൻ പറ്റാത്തതിൽ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ഭരണസമിതി ബാധ്യസ്ഥമാണെന്നും പ്രദീപ് മേനോൻ പറഞ്ഞു.
അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിൽ നൃത്തപരിപാടിയിൽ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് നർത്തകിയായ മൻസിയ വി പിയാണ് രംഗത്തുവന്നത്. തൃശൂർ കൂടൽ മാണിക്യ ക്ഷേത്രത്തിലാണ് മതപരമായ വിവേചനം നേരിട്ടതെന്നും, ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ നിന്നും മാറ്റിനിർത്തിയതെന്നും മൻസിയ ആരോപിച്ചു. ഉത്സവ നോട്ടീസിൽ പേര് അച്ചടിച്ചു വന്നശേഷമാണ് വിവേചനം നേരിടേണ്ടി വന്നതെന്നും മൻസിയ സമൂഹമാധ്യമക്കുറിപ്പിൽ പറയുന്നു.
ഏപ്രിൽ 21 ന് വൈകീട്ട് നാലു മുതൽ അഞ്ചുവരെ മൻസിയയുടെ ഭരതനാട്യം എന്നാണ് നോട്ടീസിൽ അച്ചടിച്ചിട്ടുള്ളത്. എന്നാൽ ഈ നൃത്തപരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ച് അറിയിച്ചുവെന്നാണ് മൻസിയ പറയുന്നത്. അഹിന്ദു ആയതിനാൽ നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞതോടെ ഹിന്ദുമതത്തിലേക്ക് മാറിയോ എന്നും ചോദിച്ചിരുന്നുവത്രെ. വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ഉത്സവത്തിനോട് അനുബന്ധിച്ച് ലഭിച്ച അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നുവെന്നും മൻസിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ