കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ച ജോളിയുടെ വിടുതൽ ഹർജികൾ കൂടുതൽ വാദങ്ങൾക്കായി 20ലേക്ക് മാറ്റി. റോയ് തോമസ്, സിലി വധക്കേസുകളിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജികളായിരുന്നു കോടതി പരിഗണിച്ചത്. മുഖ്യപ്രതിയായ ജോളിക്കെതിരേ മതിയായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ഈ ഘട്ടത്തിൽ വിടുതൽ ഹർജി അനുവദിക്കരുതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണിക്കൃഷ്ണൻ കോടതിയെ ധരിപ്പിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നായിരുന്നു ജോളിക്കായി ഹാജരായ ബി എ ആളൂരിന്റെ വാദം. ഹർജികളിൽ ശനിയാഴ്ച വാദം തുടരും.

2011ൽ മരിച്ച റോയ് തോമസ് സയനൈഡ് ഉള്ളിൽചെന്നു മരിച്ചതല്ലെന്നും കൊലപാതകമായിരുന്നെന്നും ഡിവൈ എസ് പി ആർ ഹരിദാസിന്റെ അന്വേഷണത്തിലായിരുന്നു കണ്ടെത്തിയത്. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയായിരുന്നു കേരളത്തെ നടുക്കിയ സീരിയൽ കൊലപാതകങ്ങളിലേക്കു അന്വേഷണം എത്താൻ ഇടയാക്കിയത്. ആൽഫിൻ, അന്നമ്മ തോമസ്്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലയുമായി ബന്ധപ്പെട്ട കേസുകൾ ഈ മാസം 31ന് കോടതി പരിഗണിക്കുന്നുണ്ട്.

കോഴിക്കോട് പ്രിൻസിപൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് മുഴുവൻ കേസുകളും എരഞ്ഞിപ്പാലത്തെ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ഇതോടൊപ്പം കേസിലെ മുഖ്യ പ്രതിയായ ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിക്കെതിരായ റിവിഷൻ ഹർജിയും കോടതി പരിഗണിച്ചിരുന്നു.

കേരള പൊലിസിന്റെ കേസന്വേഷണത്തിലെ ഏറെ വെല്ലുവിളി നേരിട്ടതായിരുന്നു കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണങ്ങൾ. പ്രതിയെയും സാഹചര്യങ്ങളെയും ഏറെ നിരീക്ഷിക്കുകയും ദീർഘനാളത്തെ രഹസ്യാന്വേഷണങ്ങളുടെയും ആകെത്തുകയാണ് കേസിലെ പ്രതിയെ പുറത്തുകൊണ്ടുവന്നത്.

കൂടത്തായ് പൊന്നാമറ്റത്തെ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ (57), മകൻ റോയ് തോമസ് (40), ബന്ധുവായ സിലി, സിലിയുടെ മകൾ രണ്ടു വയസുകാരി അൽഫോൻസ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചായിൽ (68) എന്നിവരായിരുന്നു മരിച്ചത്. ഇതിൽ ആദ്യ മരണം 2002ൽ അന്നമ്മയുടേതായിരുന്നു. പിന്നീട് 2008ൽ ടോം തോമസും മരിച്ചു. 2011ൽ റോയിയും മൂന്നു വർഷങ്ങൾക്ക് ശേഷം മാത്യുവും മരണത്തിന് കീഴടങ്ങി.

ഇതെല്ലാമായിരുന്നു ആസൂത്രിതമായ കൊലപാതകങ്ങളായിരുന്നുവെന്ന് പൊലിസിന്റെ അന്വേഷണ മികവിൽ വെളിപ്പെട്ടത്. റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണായിരുന്നു ഞെട്ടിക്കുന്ന കൊലകളുടെ ചുരുളഴിച്ചത്.