കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തത്. ഇപ്പോൾ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്.

പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും താറുമാറായിരിക്കുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ കരസേന കോട്ടയത്തെത്തി. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കൻ മലയോര മേഖലയിൽ വൻ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

നിർത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കരസേനയുടെ ഒരു യൂണിറ്റ് കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്. കൂട്ടിക്കൽ ടൗണിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അൽപം പ്രയാസപ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. കൂട്ടിക്കൽ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയ്യാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിരുന്നു.

കടുവാപ്പാറയിൽ റിസോർട്ടിന് മേൽ മണ്ണിടിഞ്ഞ് വീണ് റിസോർട്ട് മണ്ണിനടിയിൽപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പീരുമേട്ടിലക്ക് എൻഡിആർഫ് ടീമിനെ അയച്ചതായും മുട്ടും ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായും മന്ത്രി പറഞ്ഞു. പെരിയാർ വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിക്കലും ഊർജ്ജിതമാക്കി

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്. കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നൽകുന്ന സൂചന.



എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി.എയർഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂർ ജില്ലയിലെ ഷോളയാർ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി എന്നീ അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്തു എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ ഏകോപനം റവന്യു മന്ത്രിക്ക്

ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാശ്വാസ- ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല റവന്യൂ മന്ത്രി കെ രാജനു നൽകി.

കോട്ടയത്തെത്തിയ മന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകി. അടുത്ത രണ്ടു ദിവസം റവന്യു മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.