- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ-കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം ഉദ്ഘാടനം നാളെ; നിലപാടിൽ അയഞ്ഞ് കർണ്ണാടകയും; ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
ഇരിട്ടി: രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കേരളാ-കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ കേരളം നിർമ്മിച്ച പുതിയ പാലംനാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാവിലെ ഒൻപതുമണിക്ക് പാലം തുറന്നു കൊടുക്കും. പേരാവൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിനെ കൂടാതെ വീരാജ്പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യ , കുടക് ജില്ലയിൽ നിന്നുമുള്ള കർണ്ണാടകാ ലജിസ്ളേറ്റിവ് അംഗം സുജ കുശാലപ്പ എന്നിവരും ചടങ്ങിനെത്തും. മന്ത്രി നാടമുറിച്ച ശേഷം ജനപ്രതിനിധികൾക്കൊപ്പം പാലത്തിലൂടെ അക്കരെ വരെ നടന്നെത്തുന്ന രീതിയിലായിരിക്കും ചടങ്ങ്.
ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കർണ്ണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെഎസ്ടിപി ചീഫ് എഞ്ചിനീയർ ഉദ്ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്പേട്ട എംഎൽഎയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിൽ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. 90 മീറ്റർ നീളത്തിൽ അഞ്ചുതൂണുകളിലായി നിർമ്മിക്കേണ്ട പാലത്തിന്റെ നിർമ്മാണ പ്രവർത്തി 2017 ഒക്ടോബറിൽ ആണ് തുടങ്ങുന്നത്.
പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂണിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പുഴയുടെ മറുകര പൂർണ്ണമായും കർണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കർണ്ണാടക വനം വകുപ്പ് നിർമ്മാണം തടയുകയായിരുന്നു.പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂർണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയാണ് അവർ ഈ വാദം ഉന്നയിച്ചത്. പലതട്ടിൽ ചർച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.
മൂന്ന് വർഷം ഒരു പ്രവ്യത്തിയും നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിൽ പ്രശ്നമെത്തി. ചർച്ചകർക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23-നാണ് ദേശീയ വന്യജീവി ബോർഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുനാരംഭിക്കാൻ കഴിഞ്ഞത്. കർണ്ണാടക വനം വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി നിർമ്മാണം പുനരാരംഭിച്ചപ്പോൾ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീർക്കേണ്ടപണി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.
കെഎസ്ടിപി പദ്ധതിൽ ഉൾപ്പെടുത്തി തലശ്ശേരി - വളവുപററോഡിൽ നിർമ്മിച്ച ഏഴുപാലങ്ങളിൽ ആറാമത്തെ പാലമാണ് കൂട്ടുപുഴ പാലം. ശേഷിക്കുന്ന ഏഴാമത്തെ പലമായ എരഞ്ഞോളിപ്പാലവും കൂട്ടുപുഴ പാലത്തിന്റെ ഉദ്ഘാടന ശേഷം നാളെ തന്നെ മന്ത്രി ഗതാഗതത്തിന് തുറന്നുകൊടുക്കും.
മറുനാടന് മലയാളി ബ്യൂറോ