- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാറാം വയസ്സിലെ പ്രണയവും ഗർഭവും; പോക്സോ കേസിൽ ജയിൽ മോചിതനായപ്പോൾ ചതിച്ച പെണ്ണിനെ കെട്ടിയ വീരശൂര പരാക്രമി; ഭർത്താവ് മിക്കപ്പോഴും ജയിലിൽ കിടന്നപ്പോഴുള്ള വിരക്തിയെ കല്യാണാനന്തര പ്രണയമാക്കിയത് ആധാറിലെ 'നമ്പർ' കൈമാറ്റം; ഒടുവിൽ കാമുകനെ കഴുത്തിൽ കുത്തിയ കാമുകിയും! കൊരാണിയിൽ ലക്ഷ്മിയും അജീഷും അകത്താകുമ്പോൾ
തിരുവനന്തപുരം: കേസിൽപെട്ട് മിക്കപ്പോഴും ജയിലിൽ കഴിയുന്ന ഭർത്താവിനോട് തോന്നിയ വിരക്തിയാണ് യുവാവുമായി അടുപ്പത്തിലാകാൻ കാരണമെന്ന് കത്തികുത്ത് കേസിൽ അറസ്റ്റിലായ യുവതി. യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പനവൂർ കൊല്ല അജിത് ഭവനിൽ അജീഷിന്റെ ഭാര്യ ലക്ഷ്മി(26) പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്.
പതിനാറാം വയസ്സിൽ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപോയത് ഭർത്താവ് അജീഷിന്റെ വീര ശൂര പരാക്രമങ്ങൾ കണ്ടാണ്. എന്നാൽ പിന്നീടാണ് അറിയുന്നത് ഗുണ്ടാ നേതാവാണ് തന്റെ ഭർത്താവെന്ന്. അടിപിടിയും കേസുമൊക്കെയായി സമാധാനമില്ലാത്ത ജീവിതം. ഈ സാഹചര്യത്തിലാണ് മംഗലപുരം സ്വദേശി നിധീഷുമായി അടുപ്പത്തിലായതെന്നാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്.
പതിനാറു വയസ്സുള്ളപ്പോഴാണ് അജീഷുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിനിടക്ക് ഗർഭിണിയാകുകയും അത് കേസിലേക്ക് വഴിമാറുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് കൊടും ക്രിമിനലാണ് അജീഷെന്ന് തിരിച്ചറിയുന്നത്. ഗുണ്ടാ കേസുകളും ചന്ദനക്കടത്തും മറ്റുമൊക്കെയായി നിരവധി കേസുകൾ. പലപ്പോഴും കേസിൽപെട്ട് ജയിലാകുന്നത് പതിവായിരുന്നു.
മൂന്ന് മാസം മുൻപ് ഭർത്താവുമൊത്ത് വാളിക്കോടുള്ള ജനസേവന കേന്ദ്രത്തിൽ ആധാർ എടുക്കാനായി എത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരനായ നിധീഷായിരുന്നു ആധാറിനുള്ള അപേക്ഷ ശരിയാക്കി കൊടുത്തത്. ആധാർ ലഭിക്കുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് നിധീഷിന്റെ നമ്പർ വാങ്ങിയിരുന്നു. ലക്ഷിമിയുടെ നമ്പർ നിധീഷും വാങ്ങി. അങ്ങനെ ആധാറിന്റെ പേരിൽ തുടങ്ങിയ സംസാരം സൗഹൃദത്തിലേക്കെത്തി.
ഇതിനിടയിൽ അജീഷ് ഒരു കേസിൽപെട്ട് ജയിലിൽ പോയതോടെയാണ് ഇവരുടെ സൗഹൃദം പ്രണയമായി മാറിയത്. ജയിൽ മോചിതനായി ഭർത്താവ് തിരിച്ചെത്തിയപ്പോഴേക്കും ബന്ധം ദൃഢമായിത്തീർന്നു. ഭർത്താവ് അറിയാതെ ഇരുവരും ബന്ധം തുടർന്നു വരുന്നതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ മൊബൈലിലേക്ക് നിധീഷ് വിളിച്ചപ്പോൾ അജീഷ് ഫോണെടുക്കുകയും ബന്ധം പുറത്തറിയുകയുമായിരുന്നു. ഇരുവരും തമ്മിൽ വലിയ പ്രശ്നമുണ്ടായി.
ലക്ഷ്മിക്ക് നിധീഷുമൊന്നിച്ച് ജീവിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അജീഷ് കൊടിയ മർദ്ദനം അഴിച്ചു വിടുകയായിരുന്നു. ഇതിനിടയിൽ ലക്ഷ്മി തൂങ്ങിമരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവ് ആ സമയം അവിടെയുണ്ടായിരുന്നതിനാൽ ശ്രമം വിഫലമായി. ലക്ഷ്മിക്ക് ഇയാളുമായി ഒത്തുപോകാൻ കഴിയാതായതോടെ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ 19 ന് പരാതി നൽകുകയും അവിടെ വച്ച് ഒത്തു തീർപ്പാക്കി വിടുകയുമായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്മി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുക കൂടി ചെയ്തതോടെ ഭർത്താവ് അജീഷ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ലക്ഷ്മിയോട് പറഞ്ഞ് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കോരാണിയിൽ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തുകയും ഇവിടെ വച്ച് നിധീഷിനെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
കയ്യിലും കാലിലും ചവിട്ടിപ്പിടിക്കുകയായിരുന്നു താനെന്നും ലക്ഷ്മിയാണ് കുത്തിയതെന്നുമാണ് അജീഷ് മൊഴി നൽകിയത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കാരണം നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ഇയാൾ തന്നെയാകും കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കണമെങ്കിൽ കുത്തേറ്റ നിധീഷിന്റെ മൊഴിയെടുക്കണം. ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ ഇനിയും ദിവസങ്ങളെടുക്കും. നിധീഷിന്റെ മൊഴി കൂടി ലഭിച്ചാലെ സംഭവത്തിലെ ദുരൂഹത പുറത്തു വരൂ. അറസ്റ്റിലായ ലക്ഷ്മി മാനസിക നില തെറ്റിയപോലെയാണ് പെരുമാറുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് പാതയോരത്തുള്ള കടയുടെ ചായ്പിലാണ് സംഭവം, രക്ഷപ്പെടാൻ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവിൽ പോയിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ, എസ്ഐ മാരായ ജിബി , ഐ.വി. ആശ, എഎസ്ഐ ജയൻ, പൊലീസുകാരായ ഡിനോർ, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.