- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ഭാര്യയെ പട്ടികയ്ക്ക് അടിച്ച അമ്മായി അമ്മ; മുൻകൂർ ജാമ്യം നേടിയ ശേഷം മരുമകൾക്കും അച്ഛനും എതിരെ കൗണ്ടർ കേസ്; അമ്മായി അമ്മയേയും കാമുകനേയും മൊബൈലിൽ കുടുക്കിയപ്പോഴും ക്രൂരമർദ്ദനം; കൊരട്ടി പൊലീസ് അപ്പോഴും ഒളിച്ചു കളിയിൽ; മുഖ്യമന്ത്രി പിണറായി വായിച്ചറിയാൻ
കൊച്ചി: തൃശൂർ കൊരട്ടിയിൽ ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോഴും പ്രതിയെ പിടിക്കാൻ പൊലീസിന് മടി. മുഖത്ത് ഇടിയേറ്റ പെരുമ്പാവൂർ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്ത് സത്യവാനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവി. ആറുമാസം മുൻപു വിവാഹം കഴിച്ചു കൊരട്ടിയിലെ ഭർതൃവീട്ടിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിട്ടത്. ഭർതൃമാതാവും ആൺസുഹൃത്തും തന്നെ മർദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആൺസുഹൃത്തും വാതിൽ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മർദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ ഭർത്താവും ഇതും സ്ഥിരീകരിക്കുന്നു.
ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് തന്റെ ഭാര്യയെന്നും, തന്റെ മാതാവിന്റെ കാമുകനിൽ നിന്നും മാതാവിൽ നിന്നും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയാണെന്നും യുവാവ് പറയുന്നു. തിങ്കളാഴ്ച രാത്രി 9.30ക്ക് നടന്നതാണ് ഈ സംഭവമെങ്കിലും ഇപ്പോഴും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ് എന്നും യുവാവ് ആരോപിക്കുന്നു. ഇതോടെയാണ് പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ചയായത്.
യുവാവിന്റെ പോസ്റ്റ് ഇങ്ങനെ: നാളെ വനിതാ ദിനം... പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .... എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്...അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്... ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു....മുഖത്തെ 3,4 എല്ലുകൾ പൊട്ടി... ശ്വാസം പോലും മര്യാദക്ക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ.... എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു....അതുകൊണ്ട് തന്നെ ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം....
അമ്മായി അമ്മയുടെ ആൺസുഹൃത്തുമായുള്ള ബന്ധം മകനും ഭാര്യയും ചോദ്യം ചെയ്തിരുന്നു. ഇത് അറിയാതിരിക്കാൻ വേണ്ടി വിവാഹം കഴിഞ്ഞത് മുതൽ ഇവർ തന്നെ മർദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് ജോലിക്ക് പോയാൽ അമ്മായി അമ്മ വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നുവെന്നും ഭക്ഷണം പോലും നൽകാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയ്ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.
മൂന്നു കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് മർദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാൾ എന്നാണ് അവകാശവാദം. ഇത്തരത്തിൽ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ പെൺകുട്ടിയുടെ ഭർത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു. പക്ഷേ പൊലീസ് മാത്രം ഇതൊന്നും കേട്ടമട്ടു കാണിക്കുന്നില്ല.
ഇയാൾ പറയുന്നതു മാത്രമേ അമ്മ കേൾക്കൂ എന്നു വന്നതോടെയാണ് വീട്ടിൽ വരുന്നതിനും അനാവശ്യമായി ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തിയത്. ഇയാൾ കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്നമാണ്, രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി. ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്നതും വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതും. തടയാൻ ചെന്ന ഭർത്താവിനും മർദനമേറ്റെങ്കിലും പരുക്കില്ല. ഇയാൾ വന്ന കാർ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. നേരത്തെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയും ഭർത്താവും നൽകിയ പരാതിയിൽ അമ്മായിമ്മയ്ക്കും ഇവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. പട്ടിക വെച്ച് അമ്മായി അമ്മയും സഹോദരനും വൈഷ്ണവിയെ മർദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. കേസിൽ സഹോദരൻ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.
ശേഷം അമ്മായി അമ്മ നൽകിയ കൗണ്ടർ പരാതിയിൽ വൈഷ്ണവിയുടെ അച്ഛനേയും വൈഷ്ണവിയേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. മർദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൗണ്ടർ കേസ് നൽകിയത് വൈഷ്ണവി നൽകിയ കേസിനെ ദുർബ്ബലപ്പെടുത്താനാണ്. എന്നിട്ടും പൊലീസ് കേസെടുത്തു. രണ്ട് കേസുകൾ ഉള്ളതിനാൽ യഥാർത്ഥ കേസ് അടികൊണ്ടവർക്ക് പിൻവലിക്കേണ്ട അവസ്ഥ ഭാവിയിലുണ്ടാകും. ഇതിന് വേണ്ടിയാണ് ഈ കേസെടുത്തത്.
എന്നാൽ തന്റെ അച്ഛനെതിരെ അമ്മായി അമ്മ നൽകിയ കേസ് വ്യാജമാണെന്നും സമാന രീതിയിൽ അയൽവാസിക്കും അമ്മായി അമ്മ കേസ് നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആൺസുഹൃത്ത് മതി ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലായിരുന്നു അന്ന് അയൽവാസിക്കെതിരെ പീഡനകേസ് നൽകിയതെന്നാണ് യുവതി പറയുന്നത്. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിട്ടും ക്രൂരമായ മർദനമാണ് വീട്ടിൽ ഭാര്യയ്ക്ക് ഏൽക്കേണ്ടി വന്നത്. വിവാഹ ശേഷം വൈഷ്ണവിക്ക് എട്ടുകിലോ തൂക്കം കുറഞ്ഞെന്നും മുകേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ