കൊരട്ടി: കൊരട്ടി പള്ളി വികാരി ഫാ.മാത്യൂമണവാളന്റെ വിശ്വസ്തരും ഇദ്ദേഹത്തിനൊപ്പം അഴിമതികളിൽ പങ്കാളിത്തമുണ്ടെന്ന് ആരോപണം നേരിടുന്നവരുമായ നാലംഗ സംഘത്തിന്റെ വിശുദ്ധ നാട് സന്ദർശന നീക്കവും വിവാദത്തിൽ.ഇന്ന് ഇടവകയിൽ നിന്നും ഇസ്രയേൽ സന്ദർശി്ക്കാൻ പുറപ്പെടുന്ന 48 അംഗ സംഘത്തിൽ പള്ളിയുടെ മുതൽ തട്ടിയെടുത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ യാത്ര പള്ളിക്കായി ഇളവ് ലഭിച്ച പണം കൊണ്ടാണെന്നും ഇത് നീതീകരിക്കാനാവില്ലന്നും ചൂണ്ടിക്കാട്ടി ഇടവകാംഗങ്ങളിൽ ഒരു വിഭാഗം രംഗത്തെത്തി.

12 സീറ്റ് തരപ്പെടുത്തി നൽകുമ്പോൾ ട്രാവൽ ഏജൻസി ഒരു സീറ്റ് സൗജന്യമാക്കി നൽകുക പതിവാണ്.കൊരട്ടി പള്ളി ഇടവകയിൽ നിന്നും 44 സീറ്റുകൾ ലഭിച്ചപ്പോൾ 4 സീറ്റ് സൗജന്യ നിരക്കിൽ ലഭിച്ചു എന്നാണ് ലഭ്യമായ വിവരം.മൊത്തം ഇന്നത്തെ യാത്രയിൽ പള്ളി ഇടവകയിൽ നിന്നും 48 പേർ യാത്ര പുറപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്.

സൗജന്യമായി ലഭിക്കുന്ന സീറ്റുകളുടെ തുക മൊത്തം യാത്രക്കാരുടെ തുകയിൽ നിന്നും കുറച്ചാണ് ട്രാവൽ ഏജൻസികൾക്ക് നൽകാറുള്ളതെന്നും ഇപ്പോൾ ഈ തുക ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടിൽ കഴിഞ്ഞുവരുന്ന ഇപ്പോഴത്തെ ഭരണ സമിതി അംഗവും മുൻ ഭരണ സമിതി അംഗം ഉൾപ്പെടുന്ന നാലംഗ സംഘം തങ്ങളുടെ യാത്രയ്ക്കായി വിനയോഗിക്കുകയാണെന്നുമാണ് ഇടവകയിലെ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

വിശുദ്ധനാട് കാണാൻ കൂട്ടത്തോടൊപ്പം ചേർന്നിട്ടുള്ളവരിൽ ഒരാൾ പള്ളിയിലെ സ്വർണം വിൽപ്പനയ്ക്ക് ഒത്താശ ചെയ്ത വ്യക്തിയെന്നും മറ്റൊരാൾ ചില്ലറ നിറച്ച ചാക്കുകൾ കാറിൽ കടത്തിയ മുൻ കൈക്കാരനാണെന്നും ഇടവക വിശ്വാസികൾ വ്യക്തമാക്കി.നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതായി ആരോപണം നേരിടുന്നയാളും ഭൂമികച്ചവടത്തിന് ചുക്കാൻ പിടിച്ച വസ്്തു ദല്ലാളും സംഘത്തിലുണ്ടെന്നാണ് ഇക്കൂട്ടരുടെ ആരോപണം.

ഒരു സീറ്റിന് 82000 രൂപയാണ് ട്രാവൽ ഏജൻസി ഈടാക്കിയിരിക്കുന്നതെന്നാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവരിൽ ഒരാളുടെ ബന്ധു നൽകുന്ന വിവരം.പള്ളിയിൽ വികാരി വിളിച്ചറിയിച്ചതനുസരിച്ചാണ് സീറ്റ് ബുക്കിങ് നടന്നതെന്നും പള്ളിക്കായികിട്ടിയ സൗജന്യ ടിക്കറ്റിൽ അഴിമതിക്കാർ ഫ്രീയായി നാടുചുറ്റാനിറങ്ങുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ചൂടേറിയ വാദപ്രതിവാദത്തിന് സാദ്ധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇതിനിടെ പള്ളിയിൽ നിലനിൽക്കുന്ന ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് ഇടവക വിശ്വാസി പ്രതിനിധികളുമായി രൂപത പ്രതിനിധികൾ അങ്കമാലിയിലെത്തി ചർച്ചനടത്തും.ചർച്ചയിൽ തീരുമാനമായില്ലങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുമൈന്നാണ് വിശ്വാസികൾ പങ്കുവക്കുന്ന വിവരം.