ത്തരകൊറിയൻ സർവാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരനെ മലേഷ്യയിൽ കൊലപ്പെടുത്തിയത് ഈ യുവതിയോ? കിം ജോങ് നാമിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഏഷ്യൻ വംശജകളായ രണ്ട് സ്ത്രീകളാണെന്ന് മലേഷ്യൻ പൊലീസ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ, പാശ്ചാത്യ മാദ്ധ്യമങ്ങളും കൊലയാളി സ്ത്രീ ഇതുതന്നെയെന്ന് ഉറപ്പിക്കുന്നു.

മലേഷ്യൻ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. വിമാനത്താവള പരിസരത്തുനിന്നുതന്നെ ഇവരെ പിടികുടിയതാസും സൂചനയുണ്ട്. കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന ആരോപണവും ശക്തമാണ്. കോലാലംപുർ വിമാനത്താവളത്തിലാണ് തിങ്കളാഴ്ച നാം കൊല്ലപ്പെട്ടത്.

ഉത്തര കൊറിയയിലെ ചാര സംഘടനയിൽപ്പെട്ട രണ്ട് യുവതികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചനകൾ. സൂചികൾ ഉപയോഗിച്ച് വിഷം ഉള്ളിൽക്കടത്തിയശേഷം ഈ യുവതികൾ രക്ഷപ്പെട്ടുവെന്നാണ് ദക്ഷിണ കൊറിയൻ ടിവി അവകാശപ്പെട്ടത്. വിമാനത്താവളത്തിൽ അവശനിലയിൽ കണ്ടെത്തിയ നാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉത്തരകൊറിയയുടെ ഭരണാധികാരിയാകുമെന്ന് ഒരിക്കൽ വിലയിരുത്തപ്പെട്ടയാളാണ് നാം. ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അച്ഛനും മുൻ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റെ മൂത്തമകനുമാണ് നാം. 2001-ൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് നാം അനഭിമതനായതും കിം ജോങ് ഉൻ അനന്തരാവകാശിയാകുന്നതും.

വിമാനത്താവളത്തിൽവച്ച് നാമിനെ കണ്ടെത്തിയ യുവതി, ബാഗിലുണ്ടായിരുന്ന വിഷംപുരട്ടിയ തൂവാല ഉപയോഗിച്ച് നാമിനെ ബോധം കെടുത്തുകയും വിഷംനിറച്ച പേന ശരീരത്തിൽ കുത്തിയിറക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകം പരിശീലനം സിദ്ധിച്ച കൊലയാളിയാണ് യുവതിയെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഉത്തരകൊറിയൻ ചാര സംഘടനയുടെ മേധാവിയാണ് ഈ യുവതിയെന്നും റിപ്പോർട്ടുകളുണ്ട്.

സാധാരണ നിലയ്ക്ക് അംഗരക്ഷകരോടൊപ്പമാണ് നാമിന്റെ യാത്ര. എന്നാൽ, മക്കാവുവിലേക്ക് യാത്ര ചെയ്യാനായി കോലാലംപുർ വിമാനത്താവളത്തിലെതത്തുമ്പോൾ നാം തനിച്ചായിരുന്നു. വർഷങ്ങളായി വധഭീഷണി നേരിടുന്ന നാമിനെ പിന്തുടർന്നിരുന്നവരാണ് കൊലയ്ക്ക് പിന്നിലെന്നും സൂചനയുണ്ട്. ഒരു യുവതി പിന്നിൽനിന്നെത്തി തൂവാലകൊണ്ട് മുഖം പൊത്തുകയും മറ്റേയുവതി കൈയിൽ കരുതിയിരുന്ന പേന ശരീരത്തിൽ കുത്തുകയുമാണ് ചെയ്തതെന്നാണ് സൂചന.