ത്തരകൊറിയയെ ആക്രമിച്ച് കൊണ്ട് അമേരിക്ക ഏത് നിമിഷവും മൂന്നാം ലോക മഹായുദ്ധത്തിന് തിരികൊളുത്തുമെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തിൽ ശക്തമായി. ജപ്പാനുമായി ചേർന്നായിരിക്കും അമേരിക്ക ഈ യുദ്ധം നടത്തുകയെന്നും സൂചനകളുയരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ച് ആയുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തരകൊറിയയോട് ഇനിയും വാഗ്വാദം നടത്തിയിട്ട് കാര്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും ഇന്നലെ പ്രഖ്യാപിച്ചത് ഇതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നുണ്ട്.

പ്യോൻഗ്യാൻഗിനെ പാഠം പഠിപ്പിക്കാൻ തങ്ങൾ ഒന്ന് ചേർന്ന് നീങ്ങുമെന്നാണ് അമേരിക്കയും ജപ്പാനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും ചർച്ചയെന്ന പേരിൽ ഉത്തരകൊറിയയെ ആക്രമിക്കാനുള്ള പദ്ധതി ഒരുക്കുകയാണോ എന്ന ഗൗരവമായ ചോദ്യവും ഈ നിമിഷത്തിൽ ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ്ഉന്നിന്റെ അണുബോംബ് ശേഖരം തകർക്കാൻ ജപ്പാനുമായി ചേർന്ന് അമേരിക്ക എപ്പോൾ വേണമെങ്കിലും ആക്രമണം നടത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്.

ഉത്തരകൊറിയക്ക് മേലുള്ള സമ്മർദം നിലനിർത്തണമെന്ന് ട്രംപും ഷിൻസോ അബെയും ചേർന്ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലൂടെ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ഒരു മുതിർന്ന ജപ്പാനീസ് ഗവൺമെന്റ് ഒഫീഷ്യൽ ഇന്നലെ റിപ്പോർട്ടർമാരോട് പറഞ്ഞിരിക്കുന്നത്.

ആണവപദ്ധതി നിർത്തണമെന്ന് കിം ജോൻഗ്ഉന്നിന് മേൽ ചെലുത്തുന്ന സമ്മർദം നിർത്താൻ ജപ്പാന് കടുത്ത മുന്നറിയിപ്പേകി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. അതായത് ജപ്പാൻ ഇത്തരം സമ്മർദ തന്ത്രങ്ങളുമായി മുന്നോട്ട് പോയാൽ ജപ്പാന് മേൽ കടുത്ത ആണവാക്രമണമുണ്ടാകുമെന്നായിരുന്നു പ്യോൻഗ്യാൻഗ് മുന്നറിയിപ്പേകിയിരുന്നത്. ഇത് കഴിഞ്ഞ് അധികം വൈകുന്നതിന് മുമ്പാണ് ജപ്പാന്റെയും യുഎസിന്റെയും സംയുക്ത നീക്കം വെളിപ്പെട്ടിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു. ജപ്പാനീസ് പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉത്തരകൊറിയക്ക് മേൽ മനഃപൂർവം സമ്മർദം പയറ്റുകയാണെന്നാണ് നോർത്തുകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തിറക്കിയ ഒരു കമന്ററി ആരോപിക്കുന്നത്.

ജപ്പാന്റെ അത്തരം നീക്കങ്ങൾ കൊറിയൻ പെനിൻസുലയിൽ സംഘർഷം വർധിപ്പിക്കുമെന്നും അത് ജപ്പാനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നീക്കമായിരിക്കുമെന്നും രാജ്യത്തിന് മേൽ ആണവമേഘങ്ങളെയെത്തിച്ചേക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പേകുന്നു. ഇക്കഴിഞ്ഞ ആഴ്ചകളിൽ പ്യോൻഗ്യാൻഗ് ജപ്പാന് മുകളിലൂടെ രണ്ട് മിസൈലുകളെ അയച്ച് പരീക്ഷണം നടത്തിയിരുന്നു. കൂടാതെ തങ്ങളുടെ ആറാമത്തെ ആണവപരീക്ഷണവും ഉത്തരകൊറിയ നടത്തി വൻ പ്രകോപനവും സൃഷ്ടിച്ചിരുന്നു. അമേരിക്കയുടെ മെയിൻലാൻഡിനെ വരെ തകർക്കാൻ ശേഷിയുള്ള ആണവപോർമുനയുള്ള മിസൈൽ യാഥാർത്ഥ്യമാക്കുകയെന്ന തങ്ങളുടെ ലക്ഷ്യത്തെ ജപ്പാൻ അട്ടിമറിക്കുമെന്ന ആശങ്ക ഉത്തരകൊറിയയെ അലട്ടുന്നുവെന്നും സൂചനയുണ്ട്.

ഉത്തരകൊറിയയുടെ ആണവമിസൈൽ പരീക്ഷണങ്ങൾ നിർത്തണമെന്ന് താക്കീത് നൽകി വാഷിങ്ടൺ കഴിഞ്ഞ വീക്കെൻഡിൽ പ്യോൻഗ്യാൻഗുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാറല്ലെന്നുമാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്‌സ് ടില്ലേർസൺ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ആണവായുധ പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിൽ ഉത്തരകൊറിയ യാതൊരു വിധത്തിലുമുള്ള താൽപര്യവും പ്രകടിപ്പിക്കുന്നില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവായ ഹീതർ നൗറെറ്റ് വെളിപ്പെടുത്തുന്നത്. പ്യോൻഗ്യാൻഗുമായി ചർച്ച ചെയ്ത് സമയം കളഞ്ഞിട്ട് കാര്യമില്ലെന്ന് ട്രംപ് നേരത്തെ തന്നെ ടില്ലേർസണോട് അഭിപ്രായപ്പെട്ടിരുന്നു.