ത്തരകൊറിയയുടെ കൈവശമുള്ള അണ്വായുധങ്ങളെക്കുറിച്ച് ലോകമാകമാനം ഉത്കണ്ഠകളുയരുന്ന കാലമാണിത്. കിം ജോൻഗ് ഉന്നിന് ഭ്രാന്തിളകിയാൽ അണുബോംബാക്രണത്തിൽ സിയോളിലും ജപ്പാനിലുമായി 20 ലക്ഷം പേർ കൊല്ലപ്പെടുമെന്നും 77 ലക്ഷം പേർക്ക് പരിക്കേൽക്കുമെന്നും അമേരിക്കയുടെ ഔദ്യോഗിക റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ഉത്തരകൊറിയ അണുബോംബ് പ്രയോഗം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തിയ ശേഷമാണ് വിദഗ്ദ്ധർ ഈ പ്രവചനം നടത്തിയിരിക്കുന്നത്. യുഎസും ഉത്തരകൊറിയയും തമ്മിലുള്ള സ്പർധ മുന്നില്ലാത്ത വിധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പുയർന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കിം തന്റെ ആണവായുധങ്ങൾ നിർദയം എടുത്ത് പ്രയോഗിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പേകിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ന്യൂക്ലിയർ, മിസൈൽ ടെസ്റ്റുകൾ നടക്കുകയും അതിനെതിരെ ട്രംപിന്റെ കടുത്ത താക്കീതുകളുണ്ടാവുകയും ചെയ്തതിന് ശേഷം അവയെ വിശകലനം ചെയ്താണ് യുഎസ് വെബ്‌സൈറ്റായ 38 നോർത്ത് ഈ പ്രവചനം നടത്തിയിരിക്കുന്നത്.

സൗത്തുകൊറിയൻ തലസ്ഥാനത്തും ജപ്പാൻ തലസ്ഥാനത്തും പ്യോൻഗ്യാൻഗ് നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് മരിക്കുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും കണക്കുകൾ നിരത്തിയിരിക്കുന്നത് ഈ റിപ്പോർട്ടിന്റെ ഓഥറായ മൈക്കൽ ജെ സഗുറെക്ക് ജൂനിയറാണ്. നിർണായക സന്ദർഭത്തിൽ ഉത്തരകൊറിയ അതിന്റെ ആയുധ പുരയിലുള്ള 25 ആണവായുധങ്ങളും എടുത്ത് പ്രയോഗിക്കുമെന്ന കണക്ക് കൂട്ടലിലാണീ പ്രവചനമുണ്ടായിരിക്കുന്നത്. സിയോളിൽ 24.1 മില്യണും ടോക്കിയോവിൽ 37.9 മില്യൺ പേരുമാണുള്ളത്.