- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്റർ; തീരുമാനം പി.രാജീവ് മന്ത്രിയായ സാഹചര്യത്തിൽ; പ്രചാരണ ഏകോപനവും മന്ത്രിമാരെ നിശ്ചയിക്കലും അടക്കം നിർണായക കാര്യങ്ങളിൽ ഇടപെട്ട കോടിയേരി വീണ്ടും പാർട്ടിയുടെ തലപ്പത്ത് എത്തുമെന്നും സൂചന
തിരുവനന്തപുരം: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാകും. നിലവിലെ ചീഫ് എഡിറ്റർ പി രാജീവ് മന്ത്രിയായ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനം. പാർട്ടി സെക്രട്ടറിയായി കോടിയേരി ഉടൻ തിരിച്ചെത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കോടിയേരി പുതിയ പദവിയിലേക്ക് എത്തുന്നത്.
നേരത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി അനാരോഗ്യത്തെ തുടർന്നാണ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹം.മന്ത്രിസഭാ രൂപീകരണമടക്കമുള്ള വിഷയങ്ങളിൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കോടിയേരിയും പങ്കെടുത്തിരുന്നു. സിപിഐഎം മന്ത്രിമാരെ നിശ്ചയിച്ചതിലും കോടിയേരിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു.
മന്ത്രിമാരുടെ വകുപ്പ് നിർണയിക്കാനുള്ള ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും എ വിജയരാഘവനായിരുന്നു സെക്രട്ടറി ചുമതല. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ഉള്ളപ്പോഴും തിരഞ്ഞെടുപ്പ് വേളയിൽ പ്രചാരണത്തിന്റെ ഏകോപനവും കോടിയേരിയുടെ കൂടി നേതൃത്വത്തിലായിരുന്നു. ഇനി ഈ ഉത്തരവാദിത്തം പൂർണ്ണമായും കോടിയേരി ഏറ്റെടുക്കും. വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു മന്ത്രിസഭയിൽ അംഗമാണ്. വിജയരാഘവനെ പിണക്കാതെ കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കാനായിരുന്നു ഈ തീരുമാനം എന്നാണ് സൂചന.
തുടർഭരണം ലഭിച്ച ശേഷം ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ അടക്കം പിണറായിക്കൊപ്പം സജീവമായി പങ്കെടുത്തത് കോടിയേരിയായിരുന്നു. സിപിഎം. മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ അടക്കം പേരുകൾ നിർദ്ദേശിച്ചതിലും കോടിയേരിക്ക് നിർണായക പങ്കുണ്ടായിരുന്നു. കെ.കെ. ശൈലജയെ അടക്കം മാറ്റിനിർത്താനുള്ള ഇന്നലത്തെ നിർണായക തീരുമാനം സെക്രട്ടേറിയറ്റിലും തുടർന്ന് സംസ്ഥാന സമിതിയിലും അറിയിച്ചതും കോടിയേരി ആയിരുന്നു. സംസ്ഥാന സമിതിയിൽ ചില അംഗങ്ങൾ ശൈലജ തുടരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചപ്പോൾ കഴിഞ്ഞ സർക്കാരിലെ എല്ലാ മന്ത്രിമാരും മികച്ചവരായിരുന്നു, അതിൽ ഒരാൾക്ക് ഇളവ് നൽകുന്നത് മറ്റുള്ളവരെ മോശക്കാരാക്കുന്നതിന് തുല്യമാകും എന്ന വിശദീകരണം നൽകിയതും കോടിയേരിയായിരുന്നു. അതോടെയാണ് ആ തീരുമാനം അംഗീകരിക്കപ്പെട്ടത്.
കാൻസർ രാഗ ബാധയെ തുടർന്ന് സിപിഎമ്മിൽ നിന്ന് അവധിയെടുത്ത പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഘടകകക്ഷികളുമായുള്ള ചർച്ചകൾ. മുഖ്യമന്ത്രി പിണറായി വിജയനും സജീവമായി പങ്കെടുത്തുവെങ്കിലും നിലപാട് വിശദീകരിച്ചതും നയപരമായ കാര്യങ്ങൾ മറ്റു പാർട്ടികളുമായി പങ്കിട്ടതും കോടിയേരിയായിരുന്നു. മന്ത്രിസ്ഥാനം നൽകാനുള്ള ബുദ്ധിമുട്ട് എൽജെഡിയെ അറിയിച്ചതും കോടിയേരിയായിരുന്നു. 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട ഒറ്റ എംഎൽഎമാരുള്ള രണ്ട് ഘടകക്ഷികളെ നിശ്ചയിക്കുന്നതിലും കോടിയേരി നിർണ്ണായക ഇടപെടൽ നടത്തി. രണ്ടാം ഘട്ടത്തിൽ മന്ത്രിസ്ഥാനം മതിയെന്ന് പറഞ്ഞെത്തിയ ആന്റണി രാജുവിനോട് ഇപ്പോൾ മന്ത്രിയാകാൻ പറഞ്ഞതും കോടിയേരിയാണ്.
2006 മുതൽ 2011 വരെ സംസ്ഥാനത്തെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി കോടിയേരി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരിയെ ആദ്യമായി പാർട്ടി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുത്തു.
മറുനാടന് മലയാളി ബ്യൂറോ