നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കോട്ടാറിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭാര്യയോടുള്ള അവിശ്വാസം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ കുട്ടികളെ രണ്ട് ദിവസം കെട്ടിയിട്ട് മർദ്ദിച്ചു. കുളച്ചൽ സ്വദേശി വർഗീസിന്റെ മകൻ ജോസ് കാൻപിയർ (40) ആണ് ഭാര്യ വനജയെ (32) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വനജയുടെ ആദ്യവിവാഹത്തിലുണ്ടായ മക്കൾ മഞ്ജു (13), അക്ഷര (12) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം പുറംലോകമറിയുന്നത്. മൂന്നുമാസം മുമ്പുമാത്രം വാടകയ്ക്ക് താമസമാക്കിയ ഇവർക്ക് നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല.

ജോസ് വിദേശത്ത് മത്സ്യബന്ധന തൊഴിൽ നടത്തിവന്നിരുന്നു. ഡിസംബറിൽ നാട്ടിലെത്തിയ ജോസ്, എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന വനജയെ വിവാഹം ചെയ്തു. മൂന്നുമാസം മുമ്പ് ഇവർ കുളച്ചലിൽ നിന്ന് കോട്ടാറിലെ വാടക വീട്ടിൽ താമസമാക്കി. വനജയുടെ അനാവശ്യ ഫോൺ വിളിയെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു.

ശനിയാഴ്ച രാത്രിയും ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ക്ഷുഭിതനായ ജോസ് വനജയുടെ കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖം മുഴുവനും സെല്ലോടേപ്പ് ഒട്ടിച്ച് മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു. ശബ്ദം കേട്ടെത്തിയ മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ടു.

രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതെ കുട്ടികളെ മർദ്ദിച്ചു. ഇന്നലെ രാവിലെ മൂത്തമകൾ മഞ്ജുവിനെ കഴുത്തിൽ കത്തികൊണ്ട് അറുത്തെങ്കിലും കുട്ടികളുടെ കരച്ചിൽ കണ്ട് കത്തി ഉപേക്ഷിച്ചശേഷം അടുക്കളയിൽ തൂങ്ങിമരിച്ചു. കെട്ടിയിരുന്ന കയർ എങ്ങനെയോ അഴിച്ച് വീടിന് പുറത്തിറങ്ങിയ മൂത്ത മകൾ മഞ്ജുവാണ് നാട്ടുകാരെ വിവരമറിയിച്ചത്.

വനജയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലും ജോസിനെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിലും കണ്ടെത്തി. ഇളയ മകൾ അക്ഷര മുറിയിൽ കയ്യും കാലും കയറു കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിൽ മുറിവേറ്റ മഞ്ജുവിനെയും അവശനിലയിലിരുന്ന അക്ഷരയെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ അപകട നില തരണം ചെയ്തു.