കോതമംഗലം: കോൺട്രാക്ടറുടെ ടോറസ് കടത്തി വിടുന്നതിനായി മാത്രം കോതമംഗലം വാരപെട്ടി പഞ്ചായത്തിലെ കണിയാൻകുടികടവിൽ പുതിയ പാലം നിർമ്മിക്കുന്നു. നാല് ദിവസം മുമ്പാണ് പാലത്തിന്റെ പണി ആരംഭിച്ചത്.

നിർമ്മാണത്തിലുള്ള പുതിയ പാലത്തിന് സമീപം ജനകീയ ആസൂത്രണത്തിൽ പണിത പാലം ഒരു കേടുമില്ലാതെ നിൽക്കുമ്പോഴാണ് എംഎൽഎ ടിയു കുരുവിളയുടെ ഒത്താശയോടെ പുതുതായി ഒരു പാലം നിർമ്മിക്കുന്നത്. വിദേശ പ്രതിനിധികൾ പോലും വന്നു പഠനം നടത്തിയ പാലം ഒരു കുഴപ്പവുമില്ലാതെ നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെയൊരു പാലം എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണിയുന്നത് എന്ന ചോദ്യം നാട്ടുകാരിൽ ചിലർ ചോദിക്കുന്നുണ്ട്. വലിയ വാഹനങ്ങൽ വരെ കടന്നുപോകുന്ന പാലമാണ് നിലവിൽ സ്ഥലത്തുള്ളത്. 2000ൽ വിജെ പൗലോസ് എംഎൽഎയുടെ ഫണ്ടിൽ നിന്നുമാണ് പാലം പണിതത്

കണിയാൻകുടികടവിനു സമീപമുള്ള ഒമ്പതോളം കടവുകളിൽ പാലമില്ലാതിരിക്കുമ്പോഴാണ് നിലവിലെ പാലത്തിനു തൊട്ടടുത്തായി പുതിയ ഒന്നുകൂടി വരുന്നത്. വാരപെട്ടി പഞ്ചായത്തിൽ തന്നെ പാലം ആവശ്യമുള്ള അനേകം കടവുകളാണുള്ളത്. എന്നാൽ സ്ഥലത്തെ പ്രമുഖനായ ഒരു കോൺട്രാക്ടറെ സഹായിക്കുന്നതിനായി മാത്രമാണ് ഇത്തരമൊരു പാലം പണിയുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ ഇടത് മുന്നണിയുടെ ആഭിമുഖ്യത്തിൽ സമരവും സംഘടിപ്പിച്ചിരുന്നെങ്കിലും വികസനത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആക്ഷപമുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും എന്ന കണക്കുകൂട്ടലിൽ അവർ സമരം അവസാനിപ്പിക്കുകയും ചെയ്തു.

വികെ ജനാർദ്ദനൻ എന്ന കോൺട്രാക്ടറുടെ ടാർ മിക്‌സിങ്ങ് യൂണിറ്റിൽ നിന്നും ലോഡ് നിറച്ച് ടോറസുകൾക്ക് കടന്നുപോകുന്നതിനായാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള ലോഡു നിറച്ചു വരുന്ന ടോറസ് ലോറികൾ നിലവിലെ പാലത്തിലൂടെ പോകാൻ നാട്ടുകാർ സമ്മതിക്കാറില്ല. എന്നാൽ ലോഡ് എടുക്കുന്നതിനായി ഇതേ പാലത്തിലൂടെ ടൊറസുകൾ കടന്നു പോകുന്നത് നാട്ടുകാർ തടയാറില്ല. ഭീമമായ ലോഡുമായി വരുന്ന ടോറസുകൾ പാലത്തിനെ അപകടത്തിലാക്കാൻ സാധ്യതയുള്ളതിനാലാണ് ഇത് തടയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

പാലത്തിന്റെ ഒപ്പം ഒരു തടയണയും ഇവിടെ നിർമ്മിക്കുന്നുണ്ട്. പഞ്ചായത്തിലെ ലിഫ്റ്റ് ഇറിഗേഷൻ വേണ്ടി പഞ്ചായത്ത് എല്ലാ കൊല്ലവും മണൽ ചാക്ക് നിരത്തി ലക്ഷങ്ങൾ മുടക്കി കൃത്രിമ തടയണ നിർമ്മിക്കുകയാണ്. ഇതിനായി പഞ്ചായത്തിന് എംഎൽഎ ഒരു സഹായവും നൽകാറില്ല. എന്നാൽ എംഎൽ യുടെ ബിനാമി എന്നു കൂടി അറിയപ്പെടുന്ന കോൺട്രാക്ടറെ സഹായിക്കുന്നതിനുമാത്രമായി നടപ്പാക്കുന്ന ഈ പദ്ധതി കൺമുന്നിൽ കാണുന്ന അഴിമതിയാണെന്നും ചില നാട്ടുകാർ ആരോപിക്കുന്നു.

ചെറിയ ഒരു ഇടവഴി റോഡ് ടാർ ചെയ്താൽ പോലും വലിയ ഫ്ളാ്‌സ് അടിച്ച് വിളമ്പരം ചെയ്യുന്ന ഈ കാലത്ത് മണ്ഡലത്തിൽ ഒരു പാലം പണി ആരംഭിച്ചുവെന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വലിയ മുതൽകൂട്ടാകുമെന്നിരിക്കെ പോലും എംഎൽഎയും കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ കുരുവിള ഈ നേട്ടത്തെക്കുറിച്ച് ഒരു തെരഞ്ഞെടുപ്പ് വേദിയിലും പരാമർശിക്കാറുമില്ല.