- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസയെ കൊല്ലാൻ രാഖിലിന് പിസ്റ്റൾ നൽകിയത് മോദി; സുഹൃത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുമായി ബീഹാറിൽ എത്തിയ പൊലീസിന് ഉന്നംപിഴച്ചില്ല; ഗൺ മാഫിയയെ വെടിവച്ച് ഓട്ടിച്ച് സോനുകുമാർ മോദിയെ പൊക്കി മടക്കം; കോതമംഗലത്തെ കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
കൊച്ചി: മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന് കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ബിഹാർ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദി (21) ആണ് പിടിയിലായത്. ഇതോടെ കേസിൽ വഴിത്തിരിവുണ്ടാകുകയാണ്. രാഖിലിന്റെ സുഹൃത്തിൽ നിന്നാണു പൊലീസിനു തോക്ക് നൽകിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.
കോതമംഗലം കേസിൽ ഈ അറസ്റ്റ് നിർണ്ണായകമാണ്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്സി ഡ്രൈവറെ തിരയുന്നുണ്ട്. പട്നയിൽനിന്ന് ഇയാളുടെ സഹായത്തോടെ രാഖിൽ മുൻഗറിൽ എത്തി. ഇവിടെ നിന്ന് തോക്ക് വാങ്ങി. പിടികൂടുമ്പോൾ സോനുവിന്റെ സംഘം എതിർത്തെങ്കിലും പൊലീസ് വകവച്ചില്ല. മുൻഗർ എസ്പിയുടെ സ്ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിർത്തു. ഇതോടെ ഇവർ രക്ഷപ്പെട്ടു.
കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് വീട്ടിൽ എത്തിയ ഇയാളുമായി മാനസ വാക്കുതർക്കത്തിൽ ഏർപ്പെടുകയും മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ സഹപാഠികൾ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകൾനിലയിൽ വീട്ടുടമസ്ഥയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോൾ ചോരയിൽക്കുളിച്ചു കിടക്കുന്ന നിലയിൽ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ