- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലോമിയുടെ ആത്മാവിനെ ഓർത്ത് ഇനിയെങ്കിലും ജോസഫ് മാസ്റ്ററെ വെറുതെ വിടൂ; തിരുമേനി എന്തിനാണ് അങ്ങ് ഇങ്ങനെ സ്വയം പല്ല് കുത്തി നാറ്റിക്കുന്നത്?
കൈവെട്ടിമാറ്റപ്പെട്ടതിലൂടെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാൻസ് കോളേജിലെ അദ്ധ്യാപകൻ ടിജെ ജോസഫിന് മാന്യമായി റിട്ടയർ ചെയ്യാൻ അവസരം ഒരുക്കിക്കൊണ്ട് അവസാന നിമിഷം ജോലിയിൽ തിരിച്ചെടുത്ത കോതമംഗലം രൂപതാ നേതൃത്വത്തിന്റെ നടപടി അഭിനന്ദനീയമാണ് എന്ന് എഴുതിയവരിൽ ഞങ്ങളും ഉണ്ടായിരുന്നു. ജോലിയിൽ നിന്നും പിരിച്ചു വിട്ടതും തിരി
കൈവെട്ടിമാറ്റപ്പെട്ടതിലൂടെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാൻസ് കോളേജിലെ അദ്ധ്യാപകൻ ടിജെ ജോസഫിന് മാന്യമായി റിട്ടയർ ചെയ്യാൻ അവസരം ഒരുക്കിക്കൊണ്ട് അവസാന നിമിഷം ജോലിയിൽ തിരിച്ചെടുത്ത കോതമംഗലം രൂപതാ നേതൃത്വത്തിന്റെ നടപടി അഭിനന്ദനീയമാണ് എന്ന് എഴുതിയവരിൽ ഞങ്ങളും ഉണ്ടായിരുന്നു. ജോലിയിൽ നിന്നും പിരിച്ചു വിട്ടതും തിരിച്ചെടുക്കാതെ റിട്ടെയർ ചെയ്യിക്കാൻ ഗൂഢാലോചന നടത്തിയതും അങ്ങേയറ്റം അപലപനീയമാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത മാദ്ധ്യമം ആയിട്ടു കൂടി അവസാന നിമിഷം സഭാനേതൃത്വം എടുത്ത നിലപാടിനെ ഞങ്ങൾ അഭിനന്ദിക്കുകയായിരുന്നു. ജോസഫിന്റെ ഭാര്യ സലോമിയുടെ മരണം കേരളീയ സമൂഹത്തിന് ഏല്പിച്ച ആഘാതം അത്രമേൽ വലുതായിരുന്നു.
പ്രൊഫ. ജോസഫിനെ തിരിച്ചെടുത്ത് മാന്യമായി റിട്ടെയർ ചെയ്യാൻ അനുവദിച്ചതോടെ ആ വിവാദം അവിടെ തീരേണ്ടതായിരുന്നു. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടതുമായി ബന്ധപ്പെട്ട നാണക്കേട് മാറ്റാൻ ഉതകുന്ന തീരുമാനം ആയിരുന്നു അത്. ജോലിയിൽ നിന്നും പിരിച്ചുവിട്ട മെത്രാൻ മാറി പുതിയ മെത്രാൻ രൂപത ഭരണം ഏറ്റതുകൊണ്ട് തന്നെ പുതിയ മെത്രാന് ഈ പാപഭാരം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ പുതിയ മെത്രാൻ തന്റെ മുൻഗാമിയെ ന്യായീകരിക്കാൻ വേണ്ടി ഒരു കാരണം ഇല്ലാതെ ഇപ്പോൾ ഇറങ്ങിപ്പുറപ്പെടുകയും അതിന്റെ ഭാഗമായി സ്വയം പല്ലിട കുത്തി നാറ്റിക്കുകയും ആണ് ചെയ്തിരിക്കുന്നത്. ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും മാന്യതവിട്ട് ഒരു വാക്ക് പോലും സംസാരിക്കാതിരുന്ന പ്രൊഫസർ ടിജെ ജോസഫിനെ അധിക്ഷേപിക്കാൻ ഒരു ഇടയലേഖനം തന്നെ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഇറക്കുകയുണ്ടായി. സൺഡേ ശാലോമിലെ ലേഖനത്തിലൂടെ മെത്രാൻ ഒരു കാരണവുമില്ലാതെ ഈ വിവാദം വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. തെറ്റ് ആർക്കും പറ്റാം. അത് തെറ്റാണ് എന്നു സമ്മതിക്കാനുള്ള ആർജ്ജവമാണ് ഒരു മനുഷ്യന്റെ മേന്മ ഉയർത്തിപ്പിടിക്കുന്നത്. പിൻഗാമിയെ തള്ളാതെ തന്നെ തെറ്റുകൾ സമ്മതിക്കാനുള്ള വിവേകമായിരുന്നു ഇവിടെ മാർ മഠത്തിക്കണ്ടത്തിൽ കാട്ടേണ്ടിയിരുന്നത്. കത്തോലിക്കാ സഭയുടെ പൂർവ്വ ചെയ്തികളെക്കുറിച്ച് വിവേകമുള്ള മാർപാപ്പമാർ പിൽക്കാലത്ത് ക്ഷമാപണം നടത്തിയ കാര്യം ഇവിടെ വിസ്മരിക്കരുത്.
മാർ മഠത്തിക്കണ്ടത്തിലിന്റെ വിശദീകരണത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ അതിലെ പല വാദങ്ങളും പച്ചക്കള്ളമാണ് എന്നും പരസ്പര വിരുദ്ധമാണ് എന്നും മനസ്സിലാക്കാം. ഈ ലേഖനം വായിക്കുന്ന ആർക്കും മനസ്സിലാകും മെത്രാൻ സ്വയം പരിഹാസ്യനാവുകയാണ് എന്ന്. മെത്രാന്റെ വിശദീകരണത്തിലെ ചില പൊരുത്തക്കേടുകൾ മാത്രം നമുക്ക് വിലയിരുത്താം. ലേഖനത്തിൽ ആദ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പ്രൊഫസർ ജോസഫ് ബോധപൂർവ്വം മതനിന്ദാ ലക്ഷ്യത്തോടെ ചോദ്യം പ്രസിദ്ധീകരിച്ചു എന്ന സൂചന നൽകിയാണ്. ആ വാചകം ഇങ്ങനെയാണ്: 'പരീക്ഷയെഴുതിയ ഒരു കുട്ടിതന്നെ ചോദ്യത്തിൽ ചില മാറ്റങ്ങൾ വരുത്തി മതനിന്ദ ദ്യോതിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി ഉത്തരം എഴുതുകയും ഇക്കാര്യം സാറിനെ അറിയിക്കുകയും ചെയ്തതാണ്. ഇത് സാവകാശം വാർത്തയാവുകയും ബോധപൂർവം ചെയ്ത പ്രവൃത്തിയെന്ന് വിശേഷിപ്പിക്കപ്പെടുകയും തൽഫലമായി വലിയ സംഘർഷങ്ങൾ ഉണ്ടാവുകയും കോളജിനും മാനേജ്‌മെന്റിനും എതിരെ ഭീഷണി ഉയരുകയും ചെയ്തത് മറക്കാൻ സമയമായിട്ടില്ല.
ഈ വാദം ഏറെ നാളായി കൈവെട്ടിനെ ന്യായീകരിക്കുന്ന മതമൗലികവാദികൾ പ്രചരിപ്പിക്കുന്നതുമായി സാമ്യം ഉണ്ട്. മതമൗലികവാദികൾ പ്രചരിപ്പിക്കുന്നത് ചോദ്യം പ്രസിദ്ധീകരിക്കും മുമ്പ് ഒരു കുട്ടി ചൂണ്ടിക്കാട്ടി എന്നും എന്നിട്ടും സാരമില്ല എന്നു പറഞ്ഞ് മുമ്പോട്ട് പോയെന്നുമാണ്. മെത്രാൻ പറയുന്നത് ഉത്തരം എഴുതുമ്പോൾ ഒരു വിദ്യാർത്ഥി വേണ്ട മാറ്റങ്ങൾ വരുത്തിയെന്നാണ്. ജോലിയിൽ നിന്നും പിരിച്ചുവിടുക എന്ന ഉദ്ദേശത്തോടെ മാനേജ്‌മെന്റ് ആദ്യം മുതൽ അദ്ധ്യാപകനെതിരെ നിലപാട് എടുത്തതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ ഇത്തരം വാദങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ല. എന്നാൽ മെത്രാന്റെ വാദം ശരിയാണ് എന്നു അംഗീകരിക്കാമെന്ന് വയ്ക്കുക. അങ്ങനെ ആണെങ്കിൽ കൂടി വിദ്യാർത്ഥിയുടെ തിരുത്ത് വരുന്നത് പരീക്ഷ എഴുതിയപ്പോഴാണ്. വിദ്യാർത്ഥി ഇത് ചൂണ്ടിക്കാട്ടിയിരുന്നു എന്നത് നേരായിരുന്നു എങ്കിൽ തന്നെ വിതരണം ചെയ്ത് കഴിഞ്ഞാൽ ചോദ്യപേപ്പറിന്റെ കാര്യത്തിൽ അദ്ധ്യാപകന് എന്ത് ചെയ്യാൻ പറ്റുമായിരുന്നു. ഒരു ക്ലാസ് ടെസ്റ്റ് നടത്തിയതല്ലാതെ ഇത് ആ അദ്ധ്യാപകൻ മറ്റൊരിടത്തും നൽകിയതായി ആരും ആരോപിക്കുന്നില്ല എന്നോർക്കണം. ഈ സാഹചര്യത്തിൽ മനപ്പൂർവ്വം മതനിന്ദ എന്ന ഉദ്ദേശത്തിൽ തളച്ചിടാൻ ശ്രമിക്കുന്നത് എന്ത് ഉദ്ദേശത്തോടെയാണ് എന്ന ചോദ്യം പ്രസക്തമാകുകയാണ്.
ചോദ്യപേപ്പർ ഉണ്ടാക്കിയത് താൻ അല്ല എന്ന് ഒരിക്കൽ പോലും ഈ അദ്ധ്യാപകൻ പറയാതിരിക്കവേ ഇത് വൈദികനായ അദ്ധ്യാപകന്റെ സൃഷ്ടിയാണ് എന്ന തരത്തിൽ പ്രചാരണം നടത്തി എന്നു പറയുന്നത് ബാലിശമാണ്. അനിഷ്ടകരമായ സംഭവത്തിന് കൂടുതൽ വർഗ്ഗീയനിറം കലർത്താൻ മാത്രമാണ് ഈ ആരോപണം എന്ന് വ്യക്തം. പിടി കുഞ്ഞുമുഹമ്മദും പിഎം ബിനുകുമാറും ഉത്തരവാദികൾ അല്ലാതിരിക്കവേ അതെടുത്ത് ഉപയോഗിച്ച ടിജെ ജോസഫ് മാത്രം എങ്ങനെ കുറ്റക്കാരനായി എന്ന ചോദ്യം ആരും ഇതുവരെ എവിടെയും ഉന്നയിച്ച് കണ്ടുമില്ല. ദൈവവും ഞാനും തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് കുഞ്ഞുമുഹമ്മദ് എന്ന പേരിലെ മൊഹമ്മദ് എന്ന പേര് ഫസ്റ്റ് പേഴ്‌സണു പകരം ജോസഫ് സാർ ചേർത്തത് എന്ന് എത്രതവണ വിശദീകരിച്ചിട്ടും ആരും ചെവിക്കൊള്ളാതെ പോകുകയായിരുന്നു എന്നും മറക്കരുത്.
ഇത്രയധികം ന്യായങ്ങൾ ഉന്നയിച്ചിട്ടും അദ്ധ്യാപകനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെപ്പറ്റി മെത്രാന്റെ ലേഖനത്തിലും മൗനമാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മതനിന്ദയുടെ പേരിൽ പൊലീസ് കേസെടുത്തപ്പോൾ ജോലിയിൽ നിന്നും അനേ്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തതിനെ ആരും കുറ്റപ്പെടുത്തുന്നില്ല. ക്രൈസ്തവ മാനേജ്‌മെന്റ് എന്ന നിലയിൽ തീർച്ചയായും അത് ചെയ്യേണ്ടിയിരുന്നു. ആ തീരുമാനത്തിനെ പ്രൊഫസർ ജോസഫ് പോലും വിമർശിക്കുന്നില്ല. പിന്നീട് അദ്ധ്യാപകന്റെ കൈവെട്ടി മാറ്റപ്പെടുകയും കാലും കയ്യും മഴുകൊണ്ട് അടിച്ച് തകർക്കപ്പെടുകയും ചെയ്തതോടെ അദ്ധ്യാപകന് അനുകൂലമായി സമൂഹം നിലനിന്നസമയത്ത് യാതൊരു പ്രകോപനവുമില്ലാതെ പിരിച്ചുവിട്ടത് തികച്ചും നിന്ദ്യവും മാനുഷിക പരിഗണന ഇല്ലാത്തതുമായ തീരുമാനമായിരുന്നു. ഈ തീരുമാനത്തിന്റെ പിന്നിലെ ചാലകശക്തി എന്ത് എന്ന് അന്വേഷിക്കാൻ സഭാനേതൃത്വം ഒരു ശ്രമവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇതേക്കുറിച്ച് ഒരു വിശദീകരണവും മെത്രാൻ നൽകാത്തത്.
അതേ സമയം ട്രിബ്യൂണലിലെ കേസ് നീണ്ടു പോയതിനെക്കുറിച്ച് വിശദമായി തന്നെ മെത്രാൻ പ്രതിപാദിക്കുന്നുണ്ട്. സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവാത്ത ന്യായങ്ങളാണ് ഇവിടെ മെത്രാൻ നിരത്തുന്നത്: 'യൂണിവേഴ്‌സിറ്റി ട്രിബ്യൂണൽ കോടതിയുടെ വിധി ലഭിക്കുമ്പോൾ ഈ അദ്ധ്യാപകന്റെ പുനഃപ്രവേശനമുൾപ്പെടെയുള്ള എല്ലാ വിഷയങ്ങൾക്കും സമഗ്രമായ പരിഹാരമുണ്ടാകുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷിച്ചു. പക്ഷേ, യൂണിവേഴ്‌സിറ്റി ട്രിബ്യൂണൽ കോടതിയിലെ കേസിന്റെ നടപടിക്രമങ്ങൾ നീണ്ടുപോയി. ഇത് നീട്ടികൊണ്ടുപോകാൻ മാനേജ്‌മെന്റ് ബോധപൂർവം ശ്രമിച്ചു എന്ന ആരോപണവും സത്യവിരുദ്ധമാണ്. കേസ് നീട്ടികൊണ്ടുപോകാൻ മാനേജ്‌മെന്റല്ല, ജോസഫ് സാറിന്റെ വക്കീൽതന്നെയാണ് ശ്രമിച്ചത് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്‌ന'. ഇങ്ങനെയാണ് ഇതേക്കുറിച്ച് മെത്രാന്റെ ലേഖനത്തിൽ പറയുന്നത്. ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെതിരെയാണ് പ്രൊഫസർ ജോസഫ് ട്രിബ്യൂണലിനെ സമീപിച്ചത്. റിട്ടെയർ ചെയ്യും മുമ്പ് ജോലിയിൽ പ്രവേശിക്കുക എന്നത് പ്രൊഫസറുടെ ജീവിതാഭിലാഷം ആയിരുന്നു. അത് നടക്കില്ല എന്ന് ഉറപ്പു വന്നപ്പോഴാണ് സലോമി ആത്മഹത്യ ചെയ്തത്. എന്നിട്ടും തനിക്ക് ജോലിയിൽ കയറാനുള്ള വഴി അടയ്ക്കാനായി ജോസഫും ജോസഫിന്റെ വക്കീലും മനപ്പൂർവ്വം ശ്രമിച്ചു എന്ന് മെത്രാനച്ചൻ പറഞ്ഞാൽ സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ? ചെയ്ത കുറ്റം മറച്ച് വയ്ക്കാനും ന്യായീകരിക്കാനും ഒരു സഭാദ്ധ്യക്ഷൻ നടത്തുന്ന ശ്രമം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണിത് ചൂണ്ടിക്കാട്ടുന്നത്.
ട്രിബ്യൂണൽ കേസ് ബൗദ്ധികമായി ചർച്ച ചെയ്ത് സമയം കളയേണ്ട ഒരു വിഷയമേ അല്ല. മതനിന്ദ കേസിന്റെ പേരിൽ ആണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ആ കേസ് റദ്ദ് ചെയ്തപ്പോൾ സ്വാഭാവികമായും ജോലിയിൽ തിരിച്ചെടുക്കാവുന്നതാണ്. ജോലിയിൽ തിരിച്ചെടുത്താൽ ട്രിബ്യൂണലിലെ കേസിന് പ്രസക്തി ഇല്ലാതാകും. ഒടുവിൽ ജനവികാരം ഇല്ലാതായപ്പോൾ ട്രിബ്യൂണലിന്റെ തീർപ്പിന് കാത്ത് നിൽക്കാതെ മാനേജ്‌മെന്റ് ചെയ്തതും ഇത് തന്നെയല്ലേ? എന്നിട്ടും കോടതി വിധി വന്നു കഴിഞ്ഞും നാലഞ്ച് മാസം ജോസഫിനെ ഇട്ട് വെള്ളം കുടിപ്പിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. ആ തെറ്റ് അംഗീകരിക്കാതെ നുണ പറഞ്ഞ് സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ മെത്രാൻ നടത്തുന്നത്. പലതവണ ചർച്ച ചെയ്ത ശേഷം ജോലിയിൽ തിരിച്ചെടുക്കാം എന്നു മാനേജ്‌മെന്റ് ജോസഫിന് ഉറപ്പ് നൽകിയിരുന്നു എന്നു ജോസഫ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും പിന്നെ എന്തുകൊണ്ട് റിട്ടെയർ ചെയ്യേണ്ട ആഴ്ച ആദ്യം ട്രിബ്യൂണൽ തീരുമാനം ആകാതെ ജോലിക്കെടുക്കാൻ സാധിക്കില്ല എന്നു മാനേജ്‌മെന്റ് അറിയിച്ചു? ആ നിലപാടായിരുന്നു സലോമിയുടെ ജീവൻ എടുക്കാൻ കാരണമായത് എന്ന കാര്യം എന്തുകൊണ്ടാണ് ഇപ്പോൾ വിസ്മരിക്കുന്നത്?
ജോസഫിനൊപ്പം പ്രവർത്തിച്ചിരുന്ന ഒരു വൈദികന്റെ നീക്കങ്ങൾ ആയിരുന്നു ക്ലാസ്‌റൂമിൽ തീരേണ്ട വിഷയം ഇത്രയും വലുതാക്കിയത് എന്ന് ആരോപിക്കുമ്പോൾ ന്യായം പറയുന്ന മെത്രാനോട് ചോദിക്കാൻ രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഈ വൈദികൻ ജോലി ചെയ്തിരുന്ന ഡിപ്പാർട്ട്‌മെന്റ് തലവനാണ് കൈവെട്ടിമാറ്റപ്പെട്ടും കാല് വെട്ടിപ്പറിച്ചും മാസങ്ങളോളം മരണത്തോട് മല്ലിട്ട് കഴിഞ്ഞത്. സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്ന ഈ വൈദികന് യാതൊരു തെറ്റായ ലക്ഷ്യങ്ങളും ഇല്ലെങ്കിൽ എന്തുകൊണ്ടാണ് മരണത്തോട് മല്ലിട്ടു കഴിഞ്ഞ തന്റെ ഡിപ്പാർട്ട്‌മെന്റ് തലവനെ ഒരിക്കൽ പോലും സന്ദർശിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യാൻ പോലും ശ്രമിക്കാതിരുന്നത്? മറ്റൊരു ചോദ്യം കൂടിയുണ്ട്. കരുണാമയമായ സമീപനം ആയിരുന്നു സഭയുടേതെങ്കിൽ ട്രിബ്യൂണലിൽ ഹാജരായി ജോസഫ് മാസ്റ്റർക്കെതിരെ ഈ വൈദികൻ മൊഴി നൽകിയത് എന്തിനായിരുന്നു? ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മെത്രാന് മനസ്സിലാകും താൻ പറയുന്നതല്ല വാസ്തവം എന്ന്.
ലേഖനം എഴുതിയ മെത്രാൻ മാന്യന്മാരിൽ മാന്യനാണ് എന്നാണ് പറഞ്ഞ് കേൾക്കുന്നത്. ആരുടെയെങ്കിലും ഒക്കെ സമ്മർദ്ദം കൊണ്ടോ മുൻഗാമിയുടെ ചെയ്തികളെ ന്യായീകരിക്കേണ്ട ബാധ്യതയിൽ നടത്തിയ എടുത്ത് ചാട്ടം കൊണ്ടോ ഒക്കെ ആവാം ജോസഫ് മാസ്റ്ററെ കുറ്റക്കാരനാക്കാൻ ഇപ്പോൾ ശ്രമം നടത്തുന്നത്. എന്നാൽ ഈ ശ്രമം കൊണ്ട് രൂപതയുടേയും മാനേജ്‌മെന്റിന്റെയും മുഖം കൂടുതൽ വികൃതമാകുകയേ ഉള്ളൂ എന്ന സത്യം സഭാനേതൃത്വം മെത്രാന് പറഞ്ഞ് കൊടുക്കട്ടെ. ചെറിയൊരു നോട്ടപ്പിശകിന് അനുഭവിക്കാവുന്നതിൽ അധികം ശിക്ഷ ഈ മനുഷ്യൻ അനുഭവിച്ച് കഴിഞ്ഞു. ഇനി എന്തൊക്കെ ലഭിച്ചാലും ഇതുവരെ അനുഭവിച്ച ദുരന്തങ്ങൾക്കും സലോമിയുടെ ജീവനും പകരമാകുകയില്ല. അതുകൊണ്ട് തന്നെ ഈ മനുഷ്യനെ കൂടുതൽ മുറിവേല്പിക്കാതിരിക്കാനുള്ള വകതിരിവാണ് സഭാനേതൃത്വം കാട്ടേണ്ടത്. എങ്കിൽ മാത്രമേ ജോലിയിൽ തിരിച്ചെടുത്തതിന്റെ പുണ്യം മുഴുവനായി ലഭിക്കൂ.
ആ നശിച്ച ദിവസങ്ങളുടെ ഓർമ്മയ്ക്ക്; പ്രൊഫസർ ടിജെ ജോസഫ് മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു. നാളെ മുതൽ വായിക്കുക