കൊച്ചി: ആ കുഞ്ഞു മാലാഖയുടെ കണ്ണുകൾ ഇനിയും ഈ ലോകത്തിലെ കാഴ്ചകൾ കാണും. തന്റെ കളിക്കൂട്ടുകാരായ നാലുപേർക്കൊപ്പം തിരിച്ചുവരാനാകാത്ത അവസാന യാത്രയ്ക്കു പോയ കൃഷ്‌ണേന്ദു ഇതുവരെ അറിയാത്ത മറ്റു രണ്ടുപേരിലൂടെയാകും ഇനി ലോകത്തെ കാണുക.

ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ ദാരുണമായ ദുരന്തമാണ് ഇന്നലെ കോതമംഗലത്തുണ്ടായത്. അഞ്ചു പിഞ്ചോമനകളാണ് പ്രകൃതിയുടെ ക്രൂരതയിൽ പൊലിഞ്ഞുവീണത്.

ജീവൻ നഷ്ടമായ കുരുന്നുകളിൽ ഏറ്റവും പ്രായം കുറവ് അഞ്ചുവയസുകാരിയായ കൃഷ്‌ണേന്ദു എന്ന കുഞ്ഞുതാരകത്തിനായിരുന്നു. ജീവിതം എന്താണെന്ന തിരിച്ചറിയും മുമ്പേ, പൂക്കളെയും പൂമ്പാറ്റകളെയും കണ്ടു കൊതിതീരും മുമ്പേ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്‌ത്തി ആ പിഞ്ചു പൈതൽ യാത്രയാകുകയായിരുന്നു.

പക്ഷേ, തങ്ങളുടെ പിഞ്ചോമനയുടെ ഓർമകൾ എന്നെന്നും നിലനിൽക്കാനായി അവളുടെ കണ്ണുകൾ ദാനം ചെയ്യുകയായിരുന്നു കൃഷ്‌ണേന്ദുവിന്റെ മാതാപിതാക്കളായ കോഴിപ്പിള്ളി ഇഞ്ചൂർ ആലിങ്കമോളത്ത് അഭീഷും വർഷയും. കാഴ്ചകൾ കണ്ടു മതിവരാതെ മടങ്ങിയ കൃഷ്‌ണേന്ദുവിന്റെ കണ്ണുകൾ ഇതുവരെ ഈ ലോകത്തെ വെളിച്ചം കണ്ടിട്ടില്ലാത്ത രണ്ടുപേർക്കു വെളിച്ചമേകും. ഇതിലൂടെ തങ്ങളുടെ പിഞ്ചോമനയും ഈ ലോകത്തിലെ കാഴ്ചകൾ കാണുമെന്നു തന്നെ ഉറച്ചുവിശ്വസിക്കുകയാണ് ഈ മാതാപിതാക്കൾ.

ഈ അധ്യയന വർഷമാണു കൃഷ്‌ണേന്ദു കറുകടം വിദ്യാവികാസ് സ്‌കൂളിൽ പ്രവേശനം നേടിയത്. വാരപ്പട്ടി സഹകരണ ബാങ്ക് ജീവനക്കാരനാണു കൃഷ്‌ണേന്ദുവിന്റെ പിതാവ് അഭീഷ്. മാതാപിതാക്കളുടെ സമ്മതം കിട്ടിയതോടെ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് കൃഷ്‌ണേന്ദുവിന്റെ നേത്രപടലങ്ങൾ നീക്കം ചെയ്തു. മരണത്തിലും നന്മയുടെ വെളിച്ചം പകർന്നു മടങ്ങിയ കുഞ്ഞു കൃഷ്‌ണേന്ദുവിന്റെ കണ്ണുകളിലൂടെ ഇനി രണ്ടുപേർ മനോഹരമായ ലോകത്തെ കാണും.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സ്‌കൂൾ ബസിനു മുകളിൽ മരം വീണാണ് കൃഷ്‌ണേന്ദു അടക്കം അഞ്ചു കുട്ടികളുടെ ജീവൻ പൊലിഞ്ഞത്. കൃഷ്‌ണേന്ദുവിന് പുറമെ കുത്തുകുഴി മാത്തന്മോളേൽ ജോഹൻ ജെഹി (13), ഊന്നുകൽ പുന്നയ്ക്കൽ ഗൗരി (10), പിണവൂർ കാരോത്തുകുഴി അമീൻ ജാബിർ (8), നെല്ലിമറ്റം ചിറ്റായത്ത് ഇഷ സാറ എൽദോ (14) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കുട്ടികളുമായി വീടുകളിലേക്കു പോവുകയായിരുന്ന ബസിനുമുകളിലേക്ക് ശക്തമായ കാറ്റിൽ വൻ മരം കടപുഴകി വീഴുകയായിരുന്നു. അപകടസമയത്ത് 12 വിദ്യാർത്ഥികളാണു ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടൊന്നടങ്കമാണ് അന്ത്യാഞ്ജലിയേകിയത്. കുട്ടികളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പോലുമാകാതെ വിങ്ങുകയാണ് അയൽക്കാരും നാട്ടുകാരും. ഉച്ചയോടെ നാലുകുട്ടികളുടെ സംസ്‌കാരം നടത്തി. ഒരാളുടെ സംസ്‌കാരം നാളെ നടക്കും. കോതമംഗലംഅടിമാലി ദേശീയപാതയിൽ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് സ്‌കൂൾ ബസിനുമുകളിൽ മരം വീണത്.

അമിൻ ജാബിർ, ഈസ സാറ എൽദോസ്, ജോഹൻ ജഗി, കൃഷ്‌ണേന്ദു എന്നിവരുടെ സംസ്‌ക്കാരമാണ് നടത്തിയത്. അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ പ്രമുഖരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ബന്ധുക്കൾ എത്താനുള്ളതിനാൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി (10)യുടെ സംസ്‌കാരമാണ് നാളെക്ക് മാറ്റിവച്ചത്.

അമിൻ ജാബിറിന്റെ കബറടക്കം രാവിലെ പിടവൂർ ജുമാ മസ്ജിദിലാണു നടന്നത്. ഈസ സാറ എൽദോയുടെ സംസ്‌കാരം നെല്ലിമറ്റം സെന്റ് ജോൺസ് യാക്കോബായ പള്ളിയിലും കൃഷ്‌ണേന്ദുവിന്റെ സംസ്‌കാരം വീട്ടുവളപ്പിലും നടത്തി. ജോഹൻ ജഗിയുടെ സംസ്‌കാരം കുത്തുകുഴി മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിസെമിത്തേരിയിലാണ് നടത്തിയത്. ഗൗരിയുടെ സംസ്‌കാരം നാളെ രാവിലെ 11ന് മൂന്നുകല്ലിലെ വീട്ടുവളപ്പിൽ നടക്കും.

അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്. കുത്തുകുഴി മാത്തന്മോളയിൽ ജൂവൽ, വാരപ്പെട്ടി പുത്തൻപുരയിൽ ദിവാനിയ, ഇഞ്ചൂർ ആലങ്കമോളേലിൽ എ. അനഘ, ഊന്നുകൽ പുന്നയ്ക്കൽ ദേവസാരംഗ്, കോഴിപ്പിള്ളി കുന്നപ്പിള്ളി ഹൃദ്യ എൽദോസ്, കോഴിപ്പിള്ളി തുന്നപ്പംമോളേൽ മനു എൽദോ, കുത്തുകുഴി മാത്തൻകുഴി ജൂവൽ ജിജി എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ ജ്യൂവലിനു മാത്രമാണ് ഗുരുതര പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു ജ്യൂവൽ ചികിത്സയിലുള്ളത്.