കൊച്ചി: ഒരു നെടുനീളൻ വാർത്തയേക്കാൾ മാദ്ധ്യമങ്ങളിൽ വരുന്ന ഒരു ഫോട്ടോയാകും ജനങ്ങളോട് ഏറെ സംവദിക്കുക. വാക്കുകൾ കൊണ്ടു വർണിക്കുന്നതിനേക്കാൾ ഒരു ചിത്രത്തിന് പലപ്പോഴും കൂടുതൽ കഥകൾ പറയാനുമുണ്ടാകും.

അച്ചടി മാദ്ധ്യമങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ പ്രാധാന്യം എന്താണെന്നു തിരിച്ചറിയുന്നതു കൂടിയാണ് ഇത്തരം ചിത്രങ്ങൾ. എന്നാൽ, ചിത്രങ്ങൾക്കു പിന്നിലെ കഥകൾ പലപ്പോഴും പുറംലോകം അറിയാറില്ല എന്നതാണു വാസ്തവം.

എന്നാൽ, അടുത്തിടെ ഏറെ ചർച്ചയായ ഒരു ചിത്രം ലഭിക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ വിവരിക്കുന്നുണ്ട്. മലയാള മനോരമയിലെ ചീഫ് ഫോട്ടോ ജേർണലിസ്റ്റ് ജോസുകുട്ടി പനയ്ക്കലിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രം. കോതമംഗലം ദുരന്തത്തിന്റെ ബാക്കി പത്രമായ ഈ ചിത്രത്തെക്കുറിച്ച് ജോസുകുട്ടി അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ വിവരിക്കുന്നുണ്ട്.

കോതമംഗലത്ത് സ്‌കൂൾ ബസിനുമുകളിൽ മരം വീണ് അഞ്ച് പിഞ്ചുകുട്ടികൾ മരിക്കാൻ ഇടയാക്കിയ ദുരന്തം മലയാളികളുടെ മനസിൽ നിന്ന് ഇതുവരെയും മാഞ്ഞിട്ടില്ല. ആ കുരുന്നുകളിൽ ഒരാളുടെ സംസ്‌കാരത്തിന്റെ വിവരങ്ങൾ തിരക്കി എത്തിയപ്പോഴാണ് ജോസുകുട്ടിക്ക് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ഈ ചിത്രം ലഭിച്ചത്.

അപകടത്തിൽ മരിച്ച ആറാം ക്ലാസുകാരി ഇസ സാറ എൽദോയുടെ വീട്ടിൽ ജനലഴിയിൽ കുരുങ്ങിക്കിടക്കുന്ന ഒരു പാവക്കുട്ടിയുടെ ദൃശ്യമാണ് മനസിനെ ഏറെ നൊമ്പരപ്പെടുത്തുന്ന ഓർമയായി ജോസുകുട്ടി തന്റെ ക്യാമറയിൽ ഒപ്പിയെടുത്തത്. തന്റെ പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ എന്നവണ്ണം ജനലിൽകൂടി നോക്കുന്ന ആ പാവക്കുട്ടിയുടെ ചിത്രം ദുരന്തത്തിന്റെ ഭീകരതയ്‌ക്കൊപ്പം ഏവരുടെയും മനസിൽ ഒരു നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ചിത്രത്തെക്കുറിച്ച് ജോസുകുട്ടി പറയുന്നതിങ്ങനെ: 'കാത്തിരുന്ന് കിട്ടിയ ഏക മകൾ ആറാം ക്ലാസ് പ്രായംവരെ എത്തുമ്പോൾ തങ്ങളെ തനിച്ചാക്കി പോകുന്ന മാതാപിതാക്കളുടെ മുഖം ആലോചിച്ചപ്പോഴേ കൺകോണിൽ ചെറിയ നനവ്. വീടിനടുത്ത് എന്നെ ഇറക്കി വണ്ടി മാറ്റിയിട്ടുവരാമെന്നറിയിച്ച് കാറുമായി ഡ്രൈവർ പോയി. കുറച്ചുനേരം അവിടെത്തന്നെ നിന്നു. വിഷാദമുഖവുമായി വീട്ടിലേക്ക് പോയവർ നനഞ്ഞ കൺപീലിയുമായി തിരിച്ചുപോകുന്നതും ശ്രദ്ധിച്ചു.

ഇത് എന്റെ ആരുമല്ല.. വെറും ജോലി മാത്രം... എന്ന് മനസിൽ ഉരുവിട്ട് വീട്ടുമുറ്റത്തുകെട്ടിയ പന്തലിലേക്ക് കയറി. പന്തലിൽകിടത്തിയ കുഞ്ഞുശരീരത്തിനടുത്തിരുന്ന് ആരൊക്കെയോ കരയുന്നുണ്ട്. അവിടേക്കൊന്നും ശ്രദ്ധിക്കാനേപോയില്ല. വീടിന്റെ പ്രധാനവാതിലിനോടുചേർന്ന ജനലിൽ ഒരു പാവക്കുട്ടി മുറ്റത്തേക്കുനോക്കി കിടക്കുന്നുണ്ട്. ഒരു കൈപുറത്തിട്ട് മറു കൈ ജനൽക്കമ്പിയിൽ പിടിച്ചാണ് അവളുടെ കിടപ്പ്. കണ്ടാൽ തന്റെ കൂട്ടുകാരിക്ക് അന്തിമയാത്ര പറയുന്ന അതേ പ്രതീതി. ജനലിന്റെ അടുത്ത പാളിക്കിടയിലൂടെയും മുന്നിലും അരികിലുമൊക്കെയായി ആ കുഞ്ഞുദേഹം വീക്ഷിച്ച് വിഷണ്ണരായി നിൽക്കുന്നവരുടെ മുഖത്തേക്കും കണ്ണോടിച്ചു. എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കുതന്നെ. താമസിച്ചില്ല അതേ വികാരങ്ങളുമായി ആ ഫ്രെയിം ക്യാമറയിലാക്കി മാറിനിന്നു.

മരിച്ച കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും കരഞ്ഞുതളർന്ന മുഖം ജനക്കൂട്ടത്തിനിടയിൽ കത്തുന്ന മെഴുകുതിരികൾക്കിടയിലൂടെ കാണുന്നുണ്ട്. ഈ എരിച്ചിൽ അവരുടെ മനസിലെരിയുന്നതിനേക്കാൾ തുലോം തുച്ഛമെന്ന് സൂം ലെൻസ് എനിക്ക് കാണിച്ചുതന്നു. ആരുടെയും ശ്രദ്ധയിൽപെടാതെ മറ്റൊരുചിത്രംകൂടി. പിന്നെ അവിടെ നിന്നില്ല പുറത്തേക്ക് തിടുക്കത്തിൽ ഇറങ്ങി. പാവക്കുട്ടിയെ തിരിഞ്ഞൊന്നുനോക്കി. ഇല്ല! ജനൽക്കമ്പിയിൽ നിന്നും ആരോ അതിനെ എടുത്തുമാറ്റിയിരിക്കുന്നു. അതോ തന്റെ കൂട്ടുകാരിയുടെ അന്ത്യയാത്ര കാണാൻ കഴിയാതെ ഈ കൂട്ടവിലാപത്തിൽ നിന്നും അവധിയെടുത്ത് അവൾ താഴേക്ക് വീണുവോ?'

ചില ചിത്രങ്ങൾ ഇങ്ങനെയാണ്. മനസിനെ എപ്പോഴും പിടിച്ചുലയ്ക്കും. അതിനു പിന്നിലെ കഥകൾ അറിയുമ്പോൾ വേദന കൂടുകയും ചെയ്യും. ജോസുകുട്ടി പനയ്ക്കലിന്റെ ഈ ചിത്രവും അതുപോലെ തന്നെ. പറയാനുണ്ടാകില്ലേ, ആ പാവക്കുട്ടിക്ക് ഒരുപാടു കഥകൾ. കണ്ണുകൾ ഈറനണിയിച്ച് ഇപ്പോഴുമുണ്ടാകില്ലേ ആ പാവക്കുട്ടി ഇസയുടെ വീട്ടിൽ.

വിടനൽകുന്നു കൂട്ടുകാരീ... കോതമംഗലത്ത് സ്കൂൾ ബസിൽ മരം വീണ് മരിച്ച വിദ്യാവികാസ് സ്കൂൾ വിദ്യാർത്ഥി ഈസ സാറാ എൽദോയു...

Posted by Josekutty Panackal on Saturday, 4 July 2015