കോതമംഗലം: കോതമംഗലം മർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള അനുകൂല വിധി നടപ്പിലാക്കാൻ ഓർത്തഡോക്സ് വിഭാഗം ഇന്ന് വൈകിട്ട് വീണ്ടും എത്തും. ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സാന്നിദ്ധ്യമുണ്ടാവുമെന്നും പെരുമ്പാവൂർ ഡി വൈ എസ് പി ജി വേണു അറിയിച്ചു. മൂവാറ്റുപുഴ ഡി വൈ എസ് പി ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ ഇപ്പോൾ ഇവിടുത്തെ ചുമതലകൂടി ജി വേണുവിനാണ്. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ വലിയ സുരക്ഷ പൊലീസ് ഒരുക്കുന്നു. എന്നാൽ പള്ളി തർക്കത്തിൽ കോടതി വിധി നടപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന വാദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കോതമംഗലം മർത്തോമ ചെറിയപള്ളിയിൽ തർക്കം കൂടുതൽ തലവേദനയായി സർക്കാരിന് മാറുന്നത്.

ഇന്ന് സന്ധ്യപ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. ഇന്നലെ വിവരം പുറത്തുവന്നതുമുതൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കവുമായി യാക്കോബായ വിഭാഗം സജീവമായി രംഗത്തുണ്ട്. പള്ളിയിൽ വിശ്വാസികൾ എത്തിത്തുതുടങ്ങിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2-മുതൽ പ്രാർത്ഥനയജ്ഞം ആരംഭിക്കുന്നതിന് ക്രമീകരണം പൂർത്തിയായിട്ടുണ്ടെന്നാണ് അറിയുന്നത്. കോതമംഗലം മർത്തോമ ചെറിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗം റമ്പാൻതോമസ്് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ഞാറാഴ്ച അനുകൂല കോടതി വിധിയുമായി എത്തിയിരുന്നു. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

എന്നാൽ ക്രമസാധാനനില തകർത്ത് പള്ളിയിൽ പ്രവേശിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നുള്ള മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോന്റെ ശക്തമായ നിലപാടിനെത്തുടർന്ന് തോമസ്പോൾ റമ്പാൻ ഉൾപ്പെടെയുള്ളവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. പള്ളി സ്ഥാപിച്ച കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നിലനിൽക്കുന്നതാണെന്നും ഇത് തകർക്കാൻ ആരെയും അനുവദിക്കില്ലന്നുമാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ ഉറച്ച നിലപാട്.

വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടുനൽകിക്കൊണ്ടുള്ള വിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കുന്നത്. നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും വിശ്വാസികൾ ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധി വന്നപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും, വിവിധ സാമൂദായിക രാഷ്ട്രീയ- കക്ഷി നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. മാർത്തോമ ചെറിയ പള്ളിക്ക് കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ നിർണ്ണായക സ്ഥാനമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.എൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സുറിയാനി ക്രിസ്തിയാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഈ കബറിങ്കൽ ആർക്കും വരാം.. അവകാശികളായല്ല അഭയാർത്ഥികളായി.. ഇതാണ് ഇപ്പോൾ യാക്കോബായ പക്ഷക്കാരായ ഇവിടുത്തെ വിശ്വാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയുടെ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന ആചാര-വിശ്വാസങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസ-ആചാരങ്ങൾ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി ഇക്കൂട്ടരെ ഒന്നടങ്കം ആശങ്കകൂലരാക്കിയിട്ടുണ്ട്.

1934ലെ ഓർത്തഡോക്സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാച്ചന് പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടുമാണ് കോടതി വിധി ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ പള്ളിക്കമ്മറ്റി നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പള്ളിയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവൻ ത്യജിക്കാൻപോലും തങ്ങൾ തയ്യാറാണെന്നുള്ള പ്രഖ്യപനവുമായി വിശ്വാസികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ഭക്തിയുടെ മാർഗ്ഗവിട്ടുള്ള പ്രതിഷേധ പരിപാടികൾ നടത്താനോ സംഘടിപ്പിക്കാനോ പള്ളി മുന്നിട്ടിറങ്ങില്ല.ഈ മാർഗ്ഗം എല്ലാം നേടിത്തരുമെന്ന് അഞ്ചലമായ വിശ്വാസത്തിന്റെ നിറവിലാണ് ഓരോരുത്തരും പള്ളിയിലേക്ക് എത്തുന്നത്.പള്ളി ട്രസ്റ്റി അഡ്വ.സി ഐ ബേബി മറുനാടനോട് പറഞ്ഞിരുന്നു.