കോതമംഗലം: സുപ്രീംകോടതിയുടെ വിധിയാണ് ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നത്. ആചാരങ്ങൾ കാലാകാലങ്ങളിൽ മാറണമെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇതിനിടെയിൽ എല്ലാ സുപ്രീംകോടതി വിധിയും സർക്കാർ നടപ്പാക്കാറുണ്ടോ എന്ന ചോദ്യവും സജീവമായി. വിളപ്പിൽശാലയിലെ ചവറ് ഫാക്ടറി വിധി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നടക്കാതെ പോയി. ഇതിനൊപ്പം ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കത്തിലെ സർക്കാർ നിലപാടും ചർച്ചയായി. പള്ളിക്കേസിൽ സർക്കാർ ബലപ്രയോഗത്തിന് തയ്യാറല്ല. സമവായത്തിനാണ് ശ്രമം. ഇത് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സംഘർഷാവസ്ഥ നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുമായി എത്തിയിട്ടും ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ കോടതി ഉത്തരവുമായി കുർബാന അർപ്പിക്കാൻ തോമസ് പോൾ റമ്പാനും ശുശ്രൂഷകരും പള്ളിയിലെത്തിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം പൊലീസ് പറയുന്നതെല്ലാം രസകരമായ കാര്യങ്ങളാണ്. മുവാറ്റുപുഴ ഡി വൈ എസ് പി കെ. ബിജു മോന്റെ വാക്കുകൾ ശബരിമല ഭക്തരും വൈറലാക്കുകയാണ്. വർഷങ്ങളായി നടക്കുന്ന ആചാരങ്ങളെ പൊലീസ് എങ്ങനെ ബലപ്രയോഗത്തിലൂടെ അട്ടിമറിക്കുമെന്നാണ് ബിജു മോൻ തോമസ് പോൾ റമ്പാന് നൽകുന്ന വിശദീകരണം. ഇതോടെ റമ്പാന് മടങ്ങി പോകേണ്ടിയും വന്നു.

1934 - ലെ ഭരണഘടനയനുസരിച്ച് പള്ളികളുടെ ഭരണാവകാശം ഓർത്തഡോക്‌സ് പക്ഷത്തിന് ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇതനുസരിച്ച് യാക്കോബായ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കോതമംഗലം ചെറിയ പള്ളിയുടെയും ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിനാണ്. സുപ്രീംകോടതി വിധിക്ക് ശേഷവും ഓർത്തഡോക്‌സ് പക്ഷത്തെ പള്ളിയിൽ പ്രവേശിക്കാൻ എതിർ വിഭാഗം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളിയിൽ കുർബാനയർപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് നൽകുകയും ചെയ്തു. എന്നാൽ പൊലീസ് തന്നെ വിശ്വാസികളുടെ വികാരമുയർത്തി തടഞ്ഞു.

ഞായറാഴ്ച രാവിലെ കോടതി ഉത്തരവുമായി കുർബാനയർപ്പിക്കാൻ തോമസ് പോൾ റമ്പാനും ശുശ്രൂഷകരും പള്ളിയിലെത്തി. എന്നാൽ മുവാറ്റുപുഴ ഡി വൈ എസ് പി കെ. ബിജു മോന്റെ നേതൃത്വത്തിൽ പൊലീസ് വൈദികനെയും സംഘത്തെയും തടയുകയായിരുന്നു. പള്ളിയിൽ എതിർ വിഭാഗത്തിന്റെ കുർബാന നടക്കുന്നതിനാൽ സ്തീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റാൻ കഴിയില്ലെന്നും മടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇവിടെ നടക്കുന്നത് വർഷങ്ങളായുള്ള ആചാരമാണെന്നും പറഞ്ഞു. തുടർന്ന് റമ്പാനും സംഘവും പള്ളിയിൽ കയറാതെ മടങ്ങുകയായിരുന്നു. വൈകാതെ അനുകൂല സാഹചര്യം ഒരുക്കുമെന്ന് പൊലീസ് വൈദികന് ഉറപ്പു നൽകി. നടന്ന കാര്യങ്ങൾ കോടതിയെ അറിയിച്ചോളാനും ആവശ്യപ്പെട്ടു.

പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയുടെ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ച് മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. 1934ലെ ഓർത്തഡോക്‌സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാച്ചന് പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടാണ് വിധി.

പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള ഈ വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് യാക്കോബായക്കാർ പറയുന്നത്. മുൻപും ഇത്തരത്തിൽ വിധി വന്നപ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങിയിരുന്നു. അന്ത്യോഖ്യ സിംഹാസനത്തിങ്കൽ നിന്ന് സുറിയാനി സഭയുടെ വിശ്വാസവുമായി കോതമംഗലത്ത് എത്തിചേർന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി കൂടിയാണ് മാർ തോമ ചെറിയ പള്ളി.

നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്ന് യാക്കോബായ വിശ്വാസികൾ ആരോപിക്കുന്നു. മഹാഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന വിധത്തിൽ കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ള വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ചെറിയപള്ളി മാനേജിങ് കമ്മിറ്റി പറയുന്നു. എങ്കിലും സുപ്രീംകോടതി കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുള്ളതിനാൽ സഭാ തർക്കത്തിൽ യാക്കോബായക്കാർ പ്രതീക്ഷയ്ക്ക് വകയില്ല. അപ്പോഴും പൊലീസ് തൊടു ന്യായങ്ങൾ പറഞ്ഞ് ഓർത്തഡോക്‌സുകാരെ നിരാശപ്പെടുത്തുകയാണ്.

കന്നി 20 എന്ന ചരിത്രപ്രസിദ്ധമായ പെരുന്നാൾ നടക്കുന്ന ഈ പള്ളിയിൽ യാക്കോബായ ക്രിസ്ത്യാനികളാണ് നിലവിൽ ആരാധന നടത്തുന്നതെന്ന് നഗരസഭ പോലും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ജനലക്ഷങ്ങളാണ് പെരുന്നാൾ ദിനങ്ങളിൽ കോതമംഗലത്ത് എത്തിച്ചേരുന്നത്. ഈ പെരുന്നാളിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഈ പ്രദേശത്തെ ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

നൂറ്റാണ്ടുകളായി യാക്കോബായ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസരീതി അനുസരിച്ച് ആരാധന നടത്തുന്ന മാർ തോമ ചെറിയ പള്ളിയിൽ യാക്കോബായ സഭയെ വിലക്കിയ വിധി വന്നതിന് ശേഷം കോതമംഗലത്തിന്റെ സമാധാന അന്തരീക്ഷവും കലുഷിതമായിരിക്കുകയാണ്. ഈ നാടിന്റെ മത സാമൂദായിക അന്തരീക്ഷം വൃണപ്പെടുത്തുന്ന നീക്കത്തെ നഗരസഭയുടെ പ്രമേയത്തിൽ ശക്തമായി അപലപിച്ചിട്ടുണ്ട്.