കോതമംഗലം: പ്രതികൂല കാവസ്ഥയിലും ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിൽ പങ്കെടുക്കാൻ കോതമംഗലം മാർത്തോമ ചെറിയപള്ളിയിലേയ്ക്ക് നിലയ്ക്കാത്ത ഭക്തജനപ്രവാഹം. ഇന്നലെ നഗരം ചുറ്റി നടന്ന രാത്രി 10 ണിയോടെ നഗരം ചുറ്റി നടന്ന പ്രധാന പെരുന്നാൾ പ്രദക്ഷിണത്തിൽ പതിനായിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു.വൈകിട്ട് ഉണ്ടായ ശക്തമായ മഴയും ഇടിമിന്നലും അവണിച്ചാണ് വിശ്വാസ തീവ്രതയുടെ നിറവിൽ ഭക്തർ ഇന്നലെ യൽദോ മാർ ബസേലിയോസ് ബാവായുടെ കബർ വണങ്ങാൻ എത്തിയത്.

ഇന്ന് രാവിലെ മുതൽ പള്ളിയിലും പരിസര പ്രദേശങ്ങളിലും ഭക്തജനത്തിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. രാവിലെ മുതലുള്ള തെളിഞ്ഞ കാലാവസ്ഥ ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിക്കാൻ സഹായകമായിട്ടുണ്ട്. മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരികുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളാണ് കന്നി -20 പെരുന്നാൾ എന്ന പേരിൽ ആഘോഷിച്ചുവരുന്നത്.ഇക്കുറി 333-ാമത് ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്.

പള്ളിയിലേയ്ക്കുള്ള തീർത്ഥാടക സംഘങ്ങൾക്ക് പി.ഒ ജംഗ്ഷൻ, ഹൈറേഞ്ച് ജംഗ്ഷൻ, കോഴിപ്പിള്ളി കവല, ചക്കാലയ്ക്കൽ കുടി ചാപ്പൽ എന്നിവടങ്ങളിൽ നഗര സഭയുടെയും വിവിധ സംഘടനകളുടെയും ജനപ്രതി നിധികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകിട്ട് അഞ്ചു മണിയോടുകൂടി ആരംഭിച്ച മഴയും ഇടിയും ആരിലും ഭിതി ജനിപ്പിക്കുന്നതായിരുന്നു.നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും മുൻകരുതൽ എന്ന നിലയിൽ വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പ്രദക്ഷണം പള്ളിയിലെത്തിയാലുടൻ നടത്തിയിരുന്ന കരിമരുന്ന് പ്രയോഗം കാണാൻ കഴിയാത്തതിൽ ഒരു വിഭാഗം വിശ്വാസികൾ നിരാശരാണ്. പ്രളയ ദുരിതം കണക്കിലെടുത്ത് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തി വന്നിരുന്ന കരിമരുരുന്ന് പ്രയോഗം ഇത്തവണ ഒഴിവാക്കാൻ പള്ളിക്കമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇന്നും തുടരും. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി രണ്ട് വരെ എ.എം റേഡിൽ പോസ്റ്റ് ഓഫിസ് മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതും സർവ്വീസ് നടത്തുന്നതും വിലക്കി.

ശോഭന സ്‌കൂൾ ജംഗ്ഷൻ മുതൽ തങ്കളം വരെയും പോസ്റ്റ് ഓഫിസ് മുതൽ വിമലഗിരി സ്‌കൂൾ ജംഗ്ഷൻ വരെയും റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചു. ബേസിൽ സ്‌കൂൾ, ലൈബ്രറി റോഡുകൾ വഴി തീർത്ഥാടകർ പള്ളിയിലേക്ക് പ്രവേശനവും വിലക്കിയിട്ടുണ്ട്. ഹൈറേഞ്ചിൽ നിന്നും എത്തുന്ന തീർത്ഥാടക വാഹനങ്ങളും കോതമംഗലത്ത് സർവ്വീസ് അവസാനിപ്പിക്കുന്ന ബസുകളും ശോഭന സ്‌കൂളിന് സമീപം ആളുകളെ ഇറക്കി എ.എം റോഡിൽ പാർക്ക് ചെയ്യണം. ദീർഘദൂര ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ബൈപ്പാസ് വഴി പോകണം. ചേലാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലയൻ കീഴിൽ സർവ്വീസ് അവസാനിപ്പിച്ച് ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം. മറ്റ് വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴി പടിഞ്ഞാറോട്ട് പോകണം. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തങ്കളത്ത് സർവീസ് അവസാനിപ്പിച്ച് ബൈപാസിൽ പാർക്ക് ചെയ്യണം. ദീർഘദൂര ബസുകൾ ബൈപാസ് വഴിയാണ് പോകേണ്ടത്.

മുവാറ്റുപുഴയിൽ നിന്ന് വരുന്നവാഹനങ്ങൾ എം.എ കോളേജ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിച്ച് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.വാരപ്പെട്ടിയിൽ നിന്നും വരുന്ന വാഹനങ്ങൾ കോഴിപ്പിള്ളിയിലെ വാട്ടർ അതോററ്റി ഓഫീസിന് മുന്നിൽ സർവീസ് അവസാനിപ്പിച്ച് റോഡരികിൽ പാർക്ക് ചെയ്യണം. പെരുന്നാളിന്റെ സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.പള്ളിയും നഗരത്തിന്റെ പ്രധാന ഭാഗങ്ങളും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പള്ളി പരിസരത്തും , നഗരത്തിലും ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ് . പോക്കറ്റടിക്കാരെയും സാമൂഹിക വിരുദ്ധരെയും കണ്ടത്തുന്നതിനായി മഫ്തിയിൽ പൊലീസ് സംഘം റോന്തുചുറ്റുന്നുണ്ട്.