- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്തെ കോവിഡ് കേസുകളെ സംബന്ധിച്ച് ചിലർ നടത്തുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ; കണ്ടെയ്ന്മെൻറ് സോണുകളെ പള്ളിത്തർക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തിൽ അസ്വസ്ഥത പരത്തുന്നവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ
കൊച്ചി: കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ യഥാർത്ഥമല്ലെന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കോവിഡ് കേസുകളെ തുടർന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്മെൻറ് സോണുകളെ പള്ളിത്തർക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തിൽ അസ്വസ്ഥത പരത്തുന്നവർക്കെതിരെ പകർച്ചവ്യാധി തടയൽ, ദുരന്ത നിവാരണം എന്നീ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യും.
കോവിഡ് പരിശോധനാഫലം വിലയിരുത്തി പൊസീറ്റീവായവർ, പ്രാഥമിക സമ്പർക്കത്തിലുള്ളവർ, ദ്വിതീയ സമ്പർക്കത്തിലുള്ളവർ എന്നിവരുടെ പട്ടിക തയാറാക്കിയ ശേഷമാണ് കൺടെയ്ന്മെൻറ് സോൺ സംബന്ധിച്ച് ശുപാർശ നൽകുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന ശുപാർശ ജില്ലാ കളക്ടർ, സബ് കളക്ടർ, ആർ.ഡി.ഒ, സിറ്റി പൊലീസ് കമ്മീഷണർ, ഡിവൈ.എസ്പി എന്നിവരടങ്ങിയ ഉന്നതതല സമിതി പരിശോധിക്കും. ഇതിനു ശേഷമാണ് കൺടെയ്ന്മെൻറ് സോണുകൾ സംബന്ധിച്ച അന്തിമ ഉത്തരവിറക്കുന്നത്.
കോതമംഗലം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഗൗരവതരമായ രീതിയിൽ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. കോതമംഗലത്തെ 19 വാർഡുകളിൽ കോവിഡ് പൊസീറ്റീവ് കേസുകൾ നിലവിലുണ്ട്. ഒരു വാർഡിലെ പൊസിറ്റീവ് കേസുമായി സമ്പർക്കത്തിലുള്ളവർ ആ വാർഡിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ലെന്നും സമീപ പഞ്ചായത്തുകളിൽ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം സോഫ്റ്റ് വെയർ സഹായത്തോടെ വിശകലനം ചെയ്താണ് സമ്പർക്ക സാധ്യത വിലയിരുത്തി കൺടെയ്ന്മെൻറ് സോണുകൾ നിശ്ചയിക്കുന്നത്.
നിലവിൽ 56 പോസിറ്റീവ് കേസുകളാണ് കോതമംഗലം നഗരസഭയിൽ മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരസഭയിൽ മാത്രം പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 162 പേരും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 267 പേരുമുണ്ട്. നഗരസഭയിലെ 2,3,5,6,7,9,12,14,16,17,18,21,22,25,26,27,28,29,30 എന്നീ വാർഡുകളിൽ നിലവിൽ കോവിഡ് കേസുകളുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.