കൊച്ചി: മുൻവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അദ്ധ്യാപകൻ അറസ്റ്റിലായി. കോതമംഗലം പോത്താനിക്കാട് മൈലുർ അമലിപുറത്തു സെമിന നാസർ (17) മണ്ണെണ്ണ ഒഴിച്ച് ജിവനൊടുക്കിയ കേസിലാണ് അദ്ധ്യാപകനെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്്. കോതമംഗലത്തെ പ്രശസ്തമായ ഹയർസെക്കൻഡറി സ്‌കൂളിലെ +2 ഫിസിക്‌സ് വിഭാഗം അദ്ധ്യാപകനാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായത് .

കോട്ടയം ഞീഴൂർ മരങ്ങോടി കരയിൽ ശാന്തവിലാസത്തിൽ അരുണിനെ (36) യാണ് കഴിഞ്ഞ ദിവസം പോത്താനിക്കാട് പൊലീസ് മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന സെമിന കഴിഞ്ഞ ഒക്ടോബർ പതിനൊന്നിനാണ് മരണത്തിനു കിഴടങ്ങുന്നത്. സെമിന +2വിനു പഠിക്കുമ്പോഴാണു വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അദ്ധ്യാപകനുമായി പ്രണയത്തിലാവുന്നത്. തന്നെക്കാൾ ഇരട്ടിയിലേറെ പ്രായമുള്ള അദ്ധ്യാപകൻ പെൺകുട്ടിക്ക് പല സമ്മാനങ്ങളും നൽകിയിരുന്നു. +2 പഠനത്തിനു ശേഷവും ഇവർ പലപ്പോഴും കാണുകയും ഫോണിലുടെ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഇവരുടെ രഹസ്യ ഫോൺബന്ധം അദ്ധ്യാപകന്റെ ഭാര്യ കണ്ടുപിടിക്കുകയും പിന്നിടത് വലിയ പ്രശനമാവുകയും ചെയ്തു. അതിനുശേഷം രണ്ടുപേരുടെയും വിട്ടുകാർ ഈ പ്രശനത്തിൽ ഇടപെട്ടു. പിന്നിട് ഇവർ തമ്മിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുകയും ഇനി മുതൽ നേരിട്ട് കാണുകയോ ഫോണിലുടെയും മറ്റും ബന്ധപ്പെടുകയോ ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഭാര്യവീട്ടുകാരുടെ സമ്മർദ്ദത്തേത്തുടർന്ന് അരുൺ പെൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഭാര്യയെയും കുടുംബക്കാരിൽ ചിലരെയും കൂട്ടി മൂവാറ്റുപുഴയിലെത്തി, പെൺകുട്ടിയെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. ഈയവസരത്തിൽ അരുൺ പെൺകുട്ടിക്ക് നൽകിയിരുന്ന സ്വർണ്ണത്തിന്റെ താലിയും വിലപിടിപ്പുള്ള മൊബൈലും തിരികെ വാങ്ങി. ഇതിനു ശേഷം വിട്ടിലെത്തിയ പെൺകുട്ടി മുറിയിൽക്കയറി കതടച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സെമിനയുടെ ദേഹത്ത് 85 ശതമാനം പൊള്ളൽ ഏറ്റിരുന്നു.

സെമിന ആത്മഹത്യാശ്രമം നടത്തിയതറിഞ്ഞ് അദ്ധ്യാപകൻ അരുണും ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. അദ്ധ്യാപകൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സെമിന ഈ ബന്ധവുമായി മുന്നോട്ടു പോയത്. ആശുപത്രിയിൽകഴിഞ്ഞിരുന്ന അവസരത്തിൽ പെൺകുട്ടിയിൽ നിന്നും മജിസ്‌ട്രേറ്റ് നേരിട്ട് മൊഴിയെടുത്തിരുന്നു. താൻ ആത്മഹത്യക്കൊരുങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇക്കാര്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ഈ മൊഴി മൂലമാണ് അദ്ധ്യാപകനെതിരെ ലോക്കൽ പൊലീസ് നടപടിയെടുക്കാതിരുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർത്ഥിനിയുടെ മരണത്തിനു ശേഷം അദ്ധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഇയാൾ ഐ.ഇ. എൽ.ടി.എസ് പഠനവും മറ്റും നടത്തി വിദേശത്തേക്കു പോകാനൊരുങ്ങുകയായിരുന്നുവെന്നറിയുന്നു. ഈ സമയത്താണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇയാൾ അറസ്റ്റിലാവുന്നത്. ഇപ്പോൾ ഇയാൾ റിമാൻഡിലാണ്.

മരണമടഞ്ഞ പെൺകുട്ടിയുടെ അംഗവൈകല്യമുള്ള സഹോദരനെ എസ് എസ് എൽ സി പരീക്ഷയെഴുതിക്കാൻ സഹായിക്കാമെന്നറിയിച്ചാണ് ഇയാൾ പെൺകുട്ടിയുടെ കുടുംബവുമായി അടുത്തത്. മകളുടെ മരണത്തിനു കാരണക്കാരനായ അരുണിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് റൂറൽ എസ് പി യതീഷ് ചന്ദ്ര നടത്തിയ തെളിവെടുപ്പിലാണ് ഇയാൾ കുടുങ്ങിയത്. പെൺകുട്ടിയുടെ സഹോദരൻ വശം പെൺകുട്ടിക്കായി കൊടുത്തുവിട്ട അരുണിന്റെ ഡയറിയിൽ സ്വന്തം രക്തം കൊണ്ട് പെൺകുട്ടിക്ക് ഇയാളെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. നീ എന്റെ ഭാര്യയാണെന്നും ആരൊക്കെ എതിർത്താലും നിന്റെ സംരക്ഷണം ഞാൻ നോക്കിക്കൊള്ളാമെന്നും ഇതെന്റെ രക്തം കൊണ്ടെഴുതിയ കത്താണെന്നും കുറിപ്പിലുണ്ട്.

കുറിപ്പിനുള്ളിൽ അദ്ധ്യാപകന്റെ ഫോട്ടോയും പുതിയ സിംകാർഡും ഇവ പൊതിഞ്ഞുനൽകിയ അഞ്ഞുറിന്റെ നോട്ടും പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാൾക്കെതിരെയുള്ള തെളിവായി പൊലീസിന് നൽകിയിരുന്നു. സഹോദരിക്ക് പഠിക്കാനുള്ള പുസ്തകമാണെന്ന് ധരിപ്പിച്ച് ആറാംക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ സഹോദരന്റെ കൈവശമാണ് അരുൺ കത്തും സിം കാർഡും ഉൾപ്പെടെ ഡയറി കൊടുത്തുവിട്ടത്. പെൺകുട്ടി ആത്മഹത്യക്കൊരുങ്ങിയതറിഞ്ഞ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ മരണത്തിന് മുൻപ് ആശുപത്രി വിട്ട ഇയാൾ പിന്നീട് കുറച്ചുകാലത്തേക്ക് വാരപ്പെട്ടിയിൽനിന്നും മുങ്ങിയിരുന്നു. ഉറക്കഗുളികപ്രയോഗം തൽക്കാലം പൊലീസ് നടപടിയിൽനിന്നു രക്ഷപ്പെടുന്നതിനുള്ള അദ്ധ്യാപകന്റെ തന്ത്രമായിരുന്നെന്നും .ഇയാൾക്ക് നാടുവിടാൻ പൊലീസ് അവസരമൊരുക്കുകയായിരുന്നെന്നും ആരോപണമുണ്ടായിരുന്നു.