കോതമംഗലം: പ്രാർത്ഥനാലയം തുടങ്ങാൻ കോടികൾ വിലമതിക്കുന്ന സ്ഥലം കോതമംഗലം രൂപതയ്ക്ക് സൗജന്യമായി വിട്ടുനൽകിയെന്നും തുടർന്ന് കരാറിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാതെ തങ്ങളെ കബളിപ്പിച്ചെന്നും മറുനാടനിലൂടെ ലോകത്തെ അറിയിച്ച ഡോക്ടർ ജോസിനും ഭാര്യറോസമ്മയ്ക്കും നേരെ സഭയുടെ 'കാരുണ്യ വർഷം'.

വാഴക്കുളം കൊറ്റാഞ്ചേരിൽ ഡോക്ടർ ജോസ് ജോർജ്ജും ഫിൻലാന്റ് ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ ഭാര്യ റോസമ്മയും കോതമംഗലം രൂപത അധികൃതരുടെ ഭാഗത്തുനിന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങൾ നേരിടുന്ന കയ്‌പേറിയ ജീവിതാനുഭവം നേരത്തെ മറുനാടൻ മലയാളിയുമായി പങ്കിട്ടിരുന്നു. സങ്കടം ബോധിപ്പിക്കാൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ തന്റെ ഭാര്യയെ രൂപതയിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്നും തന്നേ അവരുടെ ഭർത്താവെന്നും വിശേഷിപ്പിച്ച് , ആർത്തട്ടഹസിച്ച് രൂപത അധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ആക്ഷേപിച്ചെന്നും കരാറിന്് വിരുദ്ധമായുള്ള രൂപതയുടെ പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി തുടരുമെന്നും ഈയവസരത്തിൽ ദമ്പതികൾ വ്യക്തമാക്കിയിരുന്നു.

മറുനാടൻ വാർത്ത വന്നതിന് പിന്നാലെ ഇവിടുത്തെ ആരാധനായത്തിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയിലായിരുന്നു. താമസിയാതെ അൾത്താര അടക്കം പൊളിച്ചുമാറ്റി ആരാധനാലയം താഴിട്ട് പൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് എറ്റെടുത്ത ഭൂമി തിരിച്ചുനൽകാമെന്നും ഇവിടെ നിർമ്മിച്ചിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റാമെന്നും കാണിച്ച് രൂപത പ്രൊക്യൂറേറ്റർ ഡോക്ടർ ജോസിന് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 22-ന് തയ്യാറാക്കിയ കത്ത് ഇന്നലെ രജിസ്‌ട്രേഡ് പോസ്റ്റിൽ ലഭിച്ചതായി ഡോ.ജോസ് മറുനാടനോട് വ്യക്തമാക്കി. കത്തിന്റെ കോപ്പിയും കൈമാറി. രൂപത വൈദീക സമിതി യോഗം ചേർന്ന് പ്രശ്‌നം ചർച്ചചെയ്‌തെന്നും ജോസിന് അതൃപ്തിയുള്ള സാഹചര്യത്തിൽ ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനം തുടരേണ്ടതില്ലന്ന് തീരുമാനിച്ചെന്നും ഇതേത്തുടർന്നാണ് സ്ഥലം തിരിച്ചെഴുതി കൈമാറാൻ ധാരണയായതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം താൽപര്യപ്രകാരമാണ് ജോസ് രൂപതയ്ക്ക് സ്ഥലം വിട്ടുനൽകിയതെന്നും ഇത് സംമ്പന്ധിച്ചുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ രൂപത കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുത്ത ശേഷം ഒരു കോടിയിൽപരം രൂപയുടെ പ്രവർത്തനങ്ങൾ ഇവിടെ നടത്തിയിട്ടുണ്ടെന്നും ജോസിന്റെ അതൃപ്തി കണക്കിലെടുത്താണ് ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും കെട്ടിടം നീക്കിക്കോളാമെന്നുമാണ് കത്തിലെ മറ്റ് പ്രധാന പരാമർശങ്ങൾ. അൾത്താര ബാലനായി ചെറുപ്പംമുതൽ പ്രവർത്തിച്ചിട്ടുള്ളതിനാലും ആത്മീയ കാര്യങ്ങളിൽ ഉള്ള താൽപര്യത്താലും സഭയോടുള്ള അകമഴിഞ്ഞ വിശ്വാസത്താലുമാണ് ഇപ്പോഴത്തെ താമസ സ്ഥലത്തോട് ചേർന്നുള്ള ഒരേക്കറിൽപ്പരം സ്ഥലം വ്യവസ്ഥകൾക്ക് വിധേയമായി കോതമംഗലം രൂപതയ്ക്ക് പ്രാർത്ഥനാലയം തുടങ്ങാൻ 2014 ജൂൺ 6-ന് തീറാധാരം ചെയ്ത് നൽകിയതെന്നും ഈ ദിവസം മുതൽ സഭാ നേതൃത്വം തന്നെ കബളിപ്പിച്ചതായി പിന്നീട് ബോദ്ധ്യമായെന്നുമാിരുന്നു ആദ്യ അഭിമുഖത്തിൽ ഡോക്ടർ ജോസ് മറുനാടനോട് വ്യക്തമാക്കിയത്.

സ്ഥലം വിട്ടുനൽകുന്നതിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും തുടർന്ന് നടന്ന സംഭവ പരമ്പരകളെക്കുറിച്ചും ഡോക്ടർ ജോസും ഭാര്യയും അന്ന് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ..

രൂപതയ്ക്ക് സ്വന്തമായി പ്രാർത്ഥനാലയം ഇല്ലന്നും ഇതിനായി സ്ഥലം അന്വേഷിക്കുന്നതായും പലരും പറഞ്ഞറിഞ്ഞു. രൂപതയിൽ നിന്നും വൈദീകരിൽ ചിലർ ഈ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭാര്യയും കുടുമ്പക്കാരുമായി ആലോചിച്ചു. അപകടത്തെത്തുടർന്ന് അരയ്ക്ക് താഴെ തളർന്ന നിലയിൽ ജീവിക്കുന്നതിനാൽ പള്ളിയിൽപോകുന്നതിനും പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും സാധിക്കാത്ത എന്റെ വിഷമം മനസ്സിലാക്കി ഭാര്യയും മറ്റ് ബന്ധുക്കളും പ്രാർത്ഥനാലയം തുടങ്ങാൻ രൂപതയുമായി സഹകരിക്കാൻ തീരുമാനിച്ചു. പൂർവ്വിക സ്വത്തായി ലഭിച്ചതും താമസ സ്ഥലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതുമായ മൂവാറ്റുപുഴ വില്ലേജ് ,ആവോലി കരയിൽ സർവ്വേ 19/അ നമ്പറിൽപ്പെടുന്ന ഒരേക്കർ 65 സെന്റ് സ്ഥലമാണ് പ്രാർത്ഥനാലയം തുടങ്ങാൻ വ്യവസ്ഥകൾക്ക് വിധേയമായി ഡോക്ടർ ജോസും ഭാര്യയും തീറാധാരം ചെയ്ത് നൽകിയത്.

മദ്യത്തിനും മറ്റും അടിമപ്പെട്ടവരെ സുഖപ്പെടുത്തി പുനഃരധിവസിപ്പിക്കുക,വയോധികരെയും അനാഥരെയും പരിപാലിക്കുക തുടങ്ങിയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്കും റോമൻകത്തോലിക്കാ സഭ വിശ്വാസികളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനും ലക്ഷ്യമിട്ടായിരിക്കണം പ്രാർത്ഥനാലയം പ്രവർത്തിക്കേണ്ടതെന്ന എന്റെയും ഭാര്യയുടെയും കാഴ്ചപ്പാട് തീറാധാരത്തിന്റെ 5-ാം പേജിൽ സൂചിപ്പിട്ടുണ്ട്. തീറാധാര കരാറിനൊപ്പം ഞാനും ഭാര്യയും രൂപത പൊക്യൂറേറ്റർ ഫാ.മാത്യൂസ് മാളിയേക്കലും കക്ഷികളായി മറ്റൊരു കരാറും രൂപപ്പെടുത്തിയിരുന്നു.തീറാധാര കരാറും ഇതും ഒപ്പം രജിസ്റ്റർ ചെയ്യുമെന്നായിരുന്നു ഫാ.മാത്യൂസും ഒപ്പമെത്തിയവരും ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ രജിസ്ട്രാറെയും മറ്റും രൂപത അധികൃതർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

രേഖകളിൽ ഞങ്ങളെക്കൊണ്ട് ഒപ്പിടീപ്പിച്ച് ഇവർ മടങ്ങി. പിന്നീട് ഒരുമാസം കഴിഞ്ഞ് എഗ്രിമെന്റിന്റെ ഇരട്ടിപ്പ് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ പലകാരണങ്ങൾ നിരത്തി ഒഴിഞ്ഞുമാറി. പിന്നീടുള്ള അന്വേഷണത്തിലാണ് തീറാധാരത്തിനൊപ്പം തയ്യാറാക്കിയിരുന്ന കരാർ രജിസ്റ്റർ ചെയ്തില്ലന്നും ഈ കള്ളക്കളിക്ക് ചരടുവലിച്ചത് ഫാ. മാത്യൂസ് ആണെന്നും മനസ്സിലാവുന്നത്.ഈ കാര്യത്തിൽ പ്രതിഷേധമറിയിച്ചപ്പോൾ നാല് മാസത്തോളം കഴിഞ്ഞ് തെറ്റ് തിരുത്താൻ രൂപത തയ്യാറായി. എന്റെ ചെലവിൽ രജിസ്ട്രാറെയും മറ്റും വീട്ടിൽ കൊണ്ടുവന്നാണ് ഈ കരാർ രജിസ്റ്റർ ചെയ്തത്.ഞങ്ങളുടെ ഭക്ഷണം,വസ്ത്രം,ചികത്സ,ആത്മീയ കാര്യങ്ങൾ എന്നിവയ്ക്കായുള്ള മാർഗ്ഗങ്ങൾ ഉറപ്പുവരുത്തുകയും അന്ത്യകർമ്മങ്ങൾ രൂപയുടെ മേൽനോട്ടത്തിൽ നടത്തണമെന്നുമായിരുന്നു ഈ കരാറിലെ പ്രധാന വ്യവസ്ഥകൾ.

2014 സെപ്തംമ്പർ 4-ന് രജിസ്റ്റർ ചെയ്ത ഈ കരാറിന്റെ ഇരട്ടിപ്പും രജിസ്റ്റർ ചെയ്യാനും അസൽ ഒന്നാം കക്ഷിസൂക്ഷിക്കാനും ഇരട്ടിപ്പ് രണ്ടാംകക്ഷിക്ക് കൈമാറുന്നതിനുമായിരുന്നു കരാർ വ്യവസ്ഥ.ഇതു പ്രകാരം ഇരട്ടിപ്പ് ലഭിക്കാതെ വന്നതോടൊണ് ഫാ.മാത്യൂസ് ചെയ്ത വിശ്വാസ വഞ്ചന മനസിലായത്. പ്രാർത്ഥാനാലയം സ്ഥാപിച്ച് ആദ്യനാളുകളിൽ ചടങ്ങുകൾ വീക്ഷിക്കാൻ എന്റെ മുറിയിൽ സി സി ടിവി കാമറ ദൃശ്യം ലഭിക്കുന്ന തരത്തിൽ രൂപതയിൽ നിന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.താമസിയാതെ ദൃശ്യങ്ങൾ ലഭിക്കാതായി.ഇത് പരിശോധിച്ചപ്പോൾ മുറിയിലെ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കേബിൾ മുറിച്ച നിലയിലയിൽ കണ്ടെത്തി.ഇത് നന്നാക്കിയ ശേഷം വീണ്ടും നശിപ്പിക്കപ്പെട്ടു.

ഇതിനെതിരെ ഇവിടുത്തെ വൈദീകനോട്് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.പിന്നീട് കരാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചെങ്കിലും മറുപിടിപോലും അയക്കാൻ രൂപത തയ്യാറായിട്ടില്ല.ഞങ്ങളുടെ വക്കീലിനെ സ്വാധീനിച്ച് വരുതിയിലാക്കുന്ന നയമാണ് രൂപത സ്വീകരിച്ചത്. ഇതിന്റെ പകപോക്കൽ എന്നപോലെ ,നാട്ടുകാർക്കിടയിലും കുടുമ്പക്കാർക്കിടയിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപത നേതൃത്വത്തിലെ വൈദീകർ ഞങ്ങളെക്കുറിച്ച് വ്യാപകമായി അപവാദങ്ങൾ പ്രചരിപ്പിച്ചു.ഇത് മൂലം ആരും തിരിഞ്ഞ് നോക്കാതായി.കുടുമ്പപ്രാർത്ഥനയിൽ പോലും ബന്ധുക്കളിൽ ആരും പങ്കെടുക്കാതായി.

താമസിക്കുന്ന സ്ഥലം കൂടി തട്ടിയെടുക്കാനാണ് രൂപതാത അധികൃതരുടെ നീക്കമെന്ന് പിന്നീട് ബോദ്ധ്യമായി.സ്ഥലം വിൽക്കുന്നുണ്ടോ എന്ന അന്വേഷണവുമായി പലരും സമീപിച്ചു.ഇതിന് വഴങ്ങുന്നില്ലന്ന് കണ്ടതോടെ എങ്ങിനെയും ഇതിന് എന്നേ നിർബന്ധിതനാക്കുന്നതിനായിരുന്നു ഇവരുടെ പിന്നീടുള്ള നീക്കം.അതിനായി എന്റെ സാമ്പത്തീക ശ്രോതസായ ആശൂപത്രിയും ചേർന്നുള്ള ഔഷധശാലയും പൂട്ടിക്കുന്നതിനാണ് ഇവരുടെ ഇപ്പോഴത്തെ ശ്രമം. എന്റെ ജോലിക്കാരിൽ പ്രമുഖനെ മോഹനവാഗ്ദാനങ്ങൾ നൽകി പ്രാർത്ഥാനാലയത്തിലെ വൈദീകൻ ഒപ്പംകൂട്ടിയതോടെ ഔഷധശാലയുടെ പ്രവർത്തനം താറുമാറായി.ആറ് ജില്ലകളിലെ വിൽപ്പന നഷ്ടമായി.ആശുപത്രിയിൽ ചികത്സ തേടിയെത്തിയിരുന്ന പ്രമുഖരെയും മറ്റ് വൈദീകരെയും കന്യസ്ത്രീകളെയും മറ്റും ഇവിടെ നിന്നും ഇക്കൂട്ടർ ഇടപെട്ട് അകറ്റി.

വീടിരിക്കുന്ന സ്ഥലംകൂടി വിട്ടുകിട്ടിയാൽ പ്രാർത്ഥാനായത്തിന്റെ മുൻവശം വികസിപ്പിക്കാമെന്ന കണക്കുകൂട്ടിലാണ് എല്ലാതരത്തിലും ഞങ്ങളെ ദ്രോഹിച്ച് ഇവിടെ നിന്നും ഓടിക്കാൻ അവർ പാടുപെടുന്നത്.ആരും കൂടെയില്ലങ്കിലും ഈശ്വരൻ കൂടെയുണ്ടാവുമെന്ന വിശ്വാസക്കാരാണ് ഞങ്ങൾ..ഞങ്ങളുടെ കണ്ണീരും വിഷമവും അങ്ങേര് കാണതിരിക്കില്ല.ജോസും റോസമ്മയും ഒരേ സ്വരത്തിൽ പറഞ്ഞു. ഇരുപത് ലക്ഷം പേരിൽ ഒരാൾക്ക് മാത്രം പിടിപെടുന്ന , സംസ്ഥാനത്ത് അത്യപൂർവ്വമായി മാത്രം സ്ഥിരീച്ചിട്ടുള്ള ഹീമോഫീലിയ എന്ന മാരകരോഗത്തിന് അടിമയാണ് ഡോക്ടർ ജോസ്.രക്തം കട്ടപിടിക്കില്ലാ എന്നതാണ് ഈ രോഗത്തിന്റെ അപായകരമായ അവസ്ഥ.ശരീരത്തിനുള്ളിലോ പുറത്തോ ചെറിയ മുറിവ് ഉണ്ടായാൽ പോലും മരണം സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്.ഇതിനകം നിരവധി തവണ അപകടകരമായ സാഹചര്യത്തെ താൻ തന്നെ വികസിപ്പിച്ചെടുത്ത മരുന്നുകളുടെ കൂടെ സഹായത്തോടെ നേരിട്ട ഡോക്ടർ ജോസ് ഇപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളിൽ സജീവമാണ്.

മുറിയിലെ കട്ടിലിനരുകിൽ ഗ്രന്ഥങ്ങളുടെ ഒരുകൂമ്പാരമുണ്ട്.പരീക്ഷണങ്ങളിൽ സഹായിക്കാൻ ശാരീരിക അസ്വസ്ഥതകൾക്കിടിലും റോസമ്മ സർവ്വസജ്ജയായി രംഗത്തുണ്ട്.സർപ്പയജ്ഞക്കാരൻ, വിഷ ചികത്സകൻ,ഹോമിയോപ്പതി ഡോക്ടർ.ഗവേഷകൻ തുടങ്ങി ഇതുവരെ ജീവതത്തിൽ നിരവധി വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾക്ക് മുന്നിൽ സർപ്പയജ്ഞം അവതരിപ്പിക്കുന്ന ബ്ലാക്ക് വൈറ്റ് ചിത്രങ്ങൾ ഒരു നിധി പോലെ ഡോക്ടർ സൂക്ഷിക്കുന്നുണ്ട്.