കോതമംഗലം: പണം കാണാതെ പോയെന്നുപറഞ്ഞ് ഇക്ക തടഞ്ഞുവച്ചു. മുറിയിൽ വച്ച് ചേച്ചിമാരെക്കൊണ്ട് തുണിയഴിപ്പിച്ചു പരിശോധിച്ചു. പലതവണ കരണത്തടിച്ചു. ശാരീരികബന്ധത്തിന് തയ്യാറാവണമെന്ന് ചെവിയിൽ ആവശ്യപ്പെട്ടു. ഒടുവിൽ വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുവച്ച് സിറിഞ്ചിന്റെ നീഡിൽ തുടയിൽ കുത്തിയിറക്കി വട്ടം കറക്കി. പിന്നെ തുരുമ്പിച്ച കത്തികൊണ്ട് കുത്തിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി...

എട്ടു മണിക്കൂറിലേറെ ലബോറട്ടറി ഉടമയിൽ നിന്നും തനിക്ക് നേരിടേണ്ടി പീഡനങ്ങളെക്കുറിച്ച് ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ ഏകദേശ രൂപം ആണിത്. കോതമംഗലം താലൂക്ക് ആശുപത്രിക്കുസമീപം പ്രവർത്തിച്ചുവരുന്ന നീതി ലാബ് ഉടമ നാസറിനെതിരെ ഇവിടത്തെ ജീവനക്കാരിയായ വെണ്ടുവഴി സ്വദേശിനിയാണ് പൊലീസിൽ വിവരം നൽകിയിട്ടുള്ളത്. നവംബർ 7 മുതലാണ് പെൺകുട്ടി ലാബിൽ ജോലിക്കു ചേർന്നത്. രാവിലെ 6.30 മുതൽ 10.30 വരെയായിരുന്നു ജോലിസമയം. ഫീസ് കൊടുക്കാൻ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം പെൺകുട്ടി നാസറിന്റെ ലാബിൽ പാർടൈം ജോലിക്കു ചേർന്നത്.

നേരത്തെ പിതാവ് മരണപ്പെട്ട നിർദ്ധനകുടുംബത്തിലെ അംഗമാണ് പെൺകുട്ടി. മാതാവ് കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് സ്വകാര്യ കോളേജിൽ പഠനം നടത്തുന്ന ഈ പെൺകുട്ടിയും സഹോദരിയുമുൾപ്പെടുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ചുവടെ.

രാവിലെ എട്ടുമണിയോടെ ഇക്കാ അടുത്തുവന്ന് നീ പണം വല്ലതും എടുത്തിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അകത്ത് സീസീ ടിവി കാമറ നിരീക്ഷണമില്ലാത്ത വേസ്റ്റ് സാധനങ്ങളിടുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ 26,000 രൂപ കാണാതായിട്ടുണ്ടെന്നും പണം നീയാണ് എടുത്തിട്ടുള്ളതെന്നും ഇതു കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഇത് ഇടുമെന്നും പറഞ്ഞു.

ഉടൻ പണം തിരികെ നൽകിയില്ലെങ്കിൽ പൊലീസ് ഇവിടെ വന്ന് നിന്നെ വിലങ്ങുവച്ചുകൊണ്ടുപോകുമെന്നും ആയുഷ്‌കാലം പുറത്തിറങ്ങാൻ കഴിയില്ലെന്നും ഭീഷിണിപ്പെടുത്തി. അമ്മയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് കേട്ടാലറയ്ക്കുന്ന കാര്യങ്ങൾ പറഞ്ഞു. കുടുംബക്കാരെ മൊത്തത്തിലും തെറിവിളിച്ചു. പണം എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞെങ്കിലും ഇക്ക വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടു. ഈ സമയം കൂടെ ജോലിചെയ്തിരുന്ന ചേച്ചിമാരും മുറിയിലുണ്ടായിരുന്നു. ഇക്കാ ഇങ്ങനെ ചോദിച്ചാൽ ഇവളൊന്നും പറയില്ലെന്നും കരണത്തിനടികൊടുത്ത് ചോദിക്കാനും ഇവർ ആവശ്യപ്പെട്ടു. നിങ്ങൾ അടിച്ചോ, എന്തുകേസുവന്നാലും ഞാൻ നോക്കിക്കോളാമെന്നും ഇക്ക അവരോട് പറഞ്ഞു. അവരാരും തല്ലാൻ തയ്യാറായില്ല. ഇക്കാ നിർദ്ദേശിച്ചതനുസരിച്ച് അവർ എന്റെ തുണിയഴിച്ച് പരിശോധിക്കുകയും ചെയ്തു.

വീണ്ടും പണം എടുത്തോ എന്ന് ഇക്ക ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചു. പിന്നെ കരണത്ത് മാറിമാറി അടിച്ചു. ഇതോടെ വല്ലാത്ത ഭയമായി. ഇക്കപറയുന്നത് സമ്മതിക്കുകയാണു നല്ലതെന്നും ഇല്ലെങ്കിൽ പറയുംപോലെ പ്രവർത്തിക്കുന്ന ആളാണ് ഇക്കയെന്നും പറഞ്ഞ് കൂടെ ജോലി ചെയ്തിരുന്ന ചേച്ചിമാരും ഈയവസരത്തിൽ ഭീഷണിപ്പെടുത്തി.

പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ നീ കുറ്റം സമ്മതിച്ചാൽമാത്രം മതി, പണം തിരികെ തരേണ്ട എന്ന് ഇക്ക പറഞ്ഞു. സമ്മതിച്ചില്ലെങ്കിൽ നിന്റെ പേരിൽ കേസ് കൊടുത്ത് ജയിലിലടയ്ക്കുമെന്നും എസ്ഐ എന്റെ സുഹൃത്താണെന്നും പറഞ്ഞു. ഞാൻ വിചാരിച്ചാൽ ഒത്തിരികാര്യങ്ങൾ നടക്കും, ഇപ്പോൾ അഞ്ഞൂറ് കോടി രൂപയുടെ ഇടപാടിന് പോകുകയാണ്, നീ കാരണം അത് മുടങ്ങരുത്, എനിക്ക് വേഗം പോകണം. അതുകൊണ്ട് കുറ്റം സമ്മതിക്കണമെന്നും ഇക്ക പറഞ്ഞു.

ഇതിനിടയിൽ ഇക്കായുടെ ഭാര്യയും മറ്റൊരു ചേച്ചിയും കൂടി ഞാൻ പഠിച്ചിരുന്ന നേഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി കൂട്ടുകാരികളോട് എന്നെപറ്റി തിരക്കി. കൂട്ടുകാരികളുടെ നമ്പറും വാങ്ങി. ഇത് ഇവർക്കാക്കെ നൽകി. ഇക്കാ എന്റെ മുമ്പിൽ വച്ച് ഇവർ ഓരോരുത്തരെയും വിളിച്ചു. അവരാരും എന്നെക്കുറിച്ച് മോശം പറഞ്ഞില്ല. പിന്നെ എന്റെ കൂട്ടുകാരിയുടെ വാപ്പായെ വിളിച്ചു. അദ്ദേഹം ലാബിലേക്ക് വരാമെന്നും പറഞ്ഞു.

വീട്ടിൽ പോകണമെന്നു പറഞ്ഞ് കരഞ്ഞപ്പോൾ ശാരീരിക ബന്ധത്തിന് സമ്മതിച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നും വീട്ടിൽ വിടാമെന്നും ചെവിയിൽ പറഞ്ഞു. ഇതുകേട്ടപ്പോൾ എന്റെ വിഷമവും ഭയവും ഒന്നുകൂടി വർദ്ധിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ ഇക്ക 5 രൂപയുടെ സിറിഞ്ചുമായി എന്റെ അടുത്തേക്കുവന്നു. മുഖം പൊത്തി ഭിത്തിയോട് ചേർത്തുനിർത്തി, തുടയിൽ നീഡിൽ കുത്തിയിറക്കി.

വീണ്ടും പണം എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. തുടയിൽ കുത്തിയിറക്കിയ നീഡിൽ പല ഭാഗത്തേക്ക് ചലിപ്പിച്ചുകൊണ്ടായിരുന്നു ചോദ്യം ചെയ്യൽ. വേദനകൊണ്ടു പുളയുകയായിരുന്നു ഞാൻ. എന്തുവേണമെങ്കിലും സമ്മതിക്കാമെന്നുപറഞ്ഞപ്പോഴാണ് അയാൾ സിറിഞ്ച് ചുറ്റിക്കുന്നത് നിർത്തിയത്. വേദനയുടെ കാഠിന്യത്തിൽ ഞാൻ പെട്ടെന്ന് കാൽ മാറ്റിയപ്പോൾ നീഡിൽ ഒടിഞ്ഞു. പിന്നീട് തുരുമ്പിച്ച കത്തിയുമായി ഇക്ക മുറിയിലേക്ക് കടന്നുവന്ന് പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി. ഇതോടെ വല്ലാത്ത ഭയമായി.

പിന്നെ പണം എടുത്തിട്ടുണ്ടെന്നുകാട്ടി എന്നെക്കൊണ്ട് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഇക്ക എഴുതി ഒപ്പിട്ട് വാങ്ങി .എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. കിട്ടിയ ബസ്സിന് വേദന സഹിച്ച് വീട്ടിലെത്തി. വീട്ടിൽ വിവരം അറിയിച്ചതോടെ അമ്മ എന്നെ കോതമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ചു. മറ്റെവിടെങ്കിലും കൊണ്ടുപോകാനായിരുന്നു ഇവിടെ നിന്നും നിർദ്ദേശിച്ചത്. പിന്നീട് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ എത്തിയപ്പോഴും മടക്കിഅയച്ചു.തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചു.

ഇവിടെ നടത്തിയ ഓപ്പറേഷനിൽ ഒടിഞ്ഞ നീഡിൽ പുറത്തെടുത്തു. കുത്തേറ്റ ഭാഗത്ത് മൂന്നു തുന്നൽ ഇടേണ്ടി വന്നു. മുറിവ് കരിയാത്തതിനാൽ ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ മാസം 16-നായിരുന്നു ഇക്കാ എന്നെ ഉപദ്രവിച്ചതെന്നും 17-ന് കോതമംഗലം പൊലീസിൽ നിന്നും വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേർ വന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് എഴുതി തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പും വാങ്ങി പോയെന്നും പിന്നീടുള്ള വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പെൺകുട്ടി മറുനാടനുമായി പങ്കുവച്ച വിവരം. സംഭവത്തിൽ കേസെടുത്തുവെന്നും പ്രതിയായ നാസറും ഭാര്യയും ഒളിവിലാണെന്നുമാണ്് അന്വേഷണ ഉദ്യോഗസ്ഥനായ കോതമംഗലം സിഐ വി.റ്റി.ഷാജൻ നൽകുന്ന വിവരം.

രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ലാബിലെ ഇരുട്ടുമുറിയിൽവച്ചാണ് യുവതിയോട് ക്രൂരത കാട്ടിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ജീവിതസാഹചര്യം ബോദ്ധ്യമുള്ള ചിലർ നടത്തിയ നീക്കങ്ങളെത്തുടർന്ന് ജീവൻ ഭയന്നാണ് ഗൗരവമേറിയ ഈ സംഭവം പെൺകുട്ടിയും കുടുംബവും കൂടുതൽ പേരോട് വെളിപ്പെടുത്താൻ തയ്യാറാവാതിരുന്നതെന്നാണ് സൂചന. പൊലീസ് ഇക്കാര്യത്തിൽ വേണ്ടവണ്ണം ഉണർന്നു പ്രവർത്തിച്ചില്ലന്നും ലാബ് ഉടമയ്ക്കും കുടുംബത്തിനും രക്ഷപെടാൻ അവസരം നൽകിയെന്നും മറ്റുമുള്ള ആക്ഷേപവും വ്യാപകമായിട്ടുണ്ട്.