കോതമംഗലം: ലാബ് ജീവനക്കാരിയും വിദ്യാർത്ഥിനിയുമായ 18കാരിയെ ഏഴ് മണിക്കൂർ തടഞ്ഞുവച്ച് തുടയിൽ സൂചി കുത്തിയിറക്കിയും ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചും ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി കോതമംഗലം തങ്കളം പൂവത്തുംചുവട്ടിൽ അബ്ദുൾ നാസർ തന്റെ ലാബിലേക്ക് ആളുകളെ ആകർഷിച്ചത് നീതി മെഡിക്കൽ ലാബ് ശൃംഖലയുടെ പേര് ദുരുപയോഗം ചെയ്ത്. കൺസ്യൂമർ ഫെഡ്ിന് കീഴിലെ സ്ഥാപനങ്ങൾക്കാണ് നീതിയെന്ന പേര് ഉപയോഗിക്കുന്നത്.

കോതമംഗലത്തും സമീപ പട്ടണങ്ങളിലുമായി ഏഴ് ലാബുകൾ ഇയാൾ നടത്തുന്നുണ്ട്. സർക്കാർ സ്ഥാപനത്തിന്റെ നീതി എന്ന പേര് ദുരുപയോഗിച്ചതും പൊലീസ് അന്വേഷിക്കും. താലൂക്ക് ആശുപത്രികളോട് ചേർന്ന് തന്നെയാണ് നീതി ലാബുകൾ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ലാബെന്ന് തെറ്റധിരിച്ച് ആളുകൾ നാസറിന്റെ ലാബിലെത്തി. പെൺകുട്ടിയുടെ പരാതിയിൽ ഇയാൾ അറസ്റ്റിലായതോടെയാണ് ലാബിനെ കുറിച്ചും ആരോപണം ഉയരുന്നത്.

ലാബിലെ പണം പെൺകുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പീഡനത്തിലാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 16നാണ് കോതമംഗലം ആശുപത്രിപ്പടി നീതി ലാബിലെ പാർട്ട് ടൈം ജീവനക്കാരിയും ലാബ് ടെക്‌നിഷ്യൻ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ സംഘം ചേർന്ന് ഉപദ്രവിച്ചത്. പെൺകുട്ടിയുടെ തുടയിൽ കുത്തിക്കയറ്റിയ സൂചി ഒടിഞ്ഞതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. പിറ്റേന്ന് തന്നെ കോതമംഗലം പൊലീസിന് പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രതിയെ കുറുപ്പംപടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തടങ്കലിൽ വയ്ക്കുക, ആയുധം ഉപയോഗിച്ച് മുറിവേല്പിക്കുക, ലൈംഗികമായി വഴങ്ങാൻ പ്രേരിപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് നാസറിനെതിരെ ചുമത്തിയിട്ടുള്ളത്. അച്ഛനില്ലാത്ത പെൺകുട്ടി ഫീസടയ്ക്കാൻ പണം കണ്ടെത്താനാണ് ലാബിൽ പാർട്ട് ടൈം ജോലിക്ക് ചെന്നത്. ലാബിൽ നിന്ന് പല ദിവസങ്ങളിലായി പണം നഷ്ടമായെന്ന് പറഞ്ഞായിരുന്നു പീഡനം. അമ്മ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. പെൺകുട്ടി പ്‌ളസ് ടുവിന് മികച്ച വിജയം നേടിയിരുന്നു.

കഴിഞ്ഞ 16-ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തന്നെ ലാബിൽ സൂക്ഷിച്ചിരുന്ന 26,000-രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയിൽ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും സഹ ജീവനക്കാരികളെക്കൊണ്ട് തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും വായ് പൊത്തിപ്പിടിച്ച് ഭിത്തിയോടു ചേർത്തുനിർത്തി തുടയിൽ സിറിഞ്ചിന്റെ നീഡിൽ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തിയതായുമാണ് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നത്.

കുത്തിയ ശേഷം സിറിഞ്ച് കറക്കി തന്നെ കൂടുതൽ വേദനിപ്പിക്കുന്നതിനുള്ള നാസറിന്റെ നീക്കത്തിനിടെ നീഡിൽ മാംസത്തിനുള്ളിൽ വച്ച് ഒടിഞ്ഞിരുന്നുവെന്നും കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത് നീക്കം ചെയ്തതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ചെറുപ്പത്തിലേ പിതാവ് മരിച്ചുപോയ യുവതിയുടെ വീട്ടിൽ രണ്ടു പെൺമക്കളും അമ്മയും മാത്രമാണുള്ളത്. അമ്മ കൂലിപ്പണിക്കു പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്.

ഒരു സ്വകാര്യ കോളേജിൽ വിദ്യാർത്ഥിനിയായ യുവതി ഫീസ് കൊടുക്കാൻ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം നാസറിന്റെ ലബോറട്ടറിയിൽ കഴിഞ്ഞ നവംബർ 7 മുതൽ ജോലിക്കു ചേർന്നത്.