കോതമംഗലം: പ്രമുഖ ധനകാര്യ സ്ഥാപനമായ എൻ എഫ് സി യുടെ കോതമംഗലം ബ്രാഞ്ചിൽ നടന്ന തിരിമറിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം നിക്ഷേപകരുടെ നെഞ്ചിടിപ്പിന് ആക്കംകൂട്ടുന്നു. കോടികളുടെ നിക്ഷേപം സ്ഥാപനം മേഖലിയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

നിക്ഷേപങ്ങൾ വിപൂലീകരിക്കുന്നതിന് സ്ഥാപനത്തിലെ ജീവനക്കാർ ഫീൽഡ് വർക്കും നടത്തിയിരുന്നു.നിക്ഷേപം ആവശ്യപ്പെട്ട്് സ്ഥാപനത്തിലെ ജിവനക്കാരി നിരവധി വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു. തന്റെ എട്ട്് ലക്ഷംരൂപ സ്ഥാപനത്തിലെ ജീവനക്കാർ തട്ടിയെടുത്തെന്ന വ്യാപാരിയുടെ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി,സെയിൽസ് ഓഫീസർ ഊഞ്ഞാപ്പാറ കുരുട്ടാംപുറത്ത് ജോയൽ(24)എന്നിവരെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.ഇവരിൽ ജോയലിനെ ഇന്നലെ അറസ്റ്റുചെയ്തു.

ഇത് സംബന്ധിച്ചുള്ള തെളിവെടുപ്പിൽ തങ്ങൾ നിക്ഷേപം സ്വീകരിക്കുന്നില്ലന്നാണ് കമ്പിനി നടത്തിപ്പുകാർ മൊഴി നൽകിയതെന്ന് കോതമംഗലം സി ഐ അഗസറ്റിൻ മാത്യു മറുനാടനോട് വ്യക്തമാക്കി. ഈ സ്ഥീതിയിൽ സ്ഥാപനത്തിലെ ജിവനക്കാർ തങ്ങൾ അറിയാതെ നിക്ഷേപം സ്വീകരിച്ചെന്ന് വരുത്തിത്തീർക്കുന്നതിനാണ് കമ്പനി നടത്തിപ്പുകാർ ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇക്കൂട്ടർ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വ്യാപാരികളടക്കം വമ്പന്മാർ വൻതുക സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകകളുടെ ലഭ്യത സംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കനില്ലാത്ത സാഹചര്യത്തിലാണ് വിവരം പുറത്തറിയിക്കാൻ ഇവർ മടിക്കുന്നതെന്നുമാണ് പരക്കെയുള്ള വിലിരുത്തൽ.

കമ്പനിയുടെ ശാഖ മാനേജരായ ശ്രിഹരിയും ജീവനക്കാരനായ ജോയലും ചേർന്നാണ് തട്ടിപ്പ് നടത്തി പണം കവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം.മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ പരാതി ഉണ്ടാകുമെന്നറിഞ്ഞ ശ്രീഹരി വെള്ളിയാഴ്ച വൈകിട്ട് ബൈക്കിൽ രക്ഷപെടവെ കാലടിയിൽ വച്ച് ബൈക്ക് മറിയുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു.തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഒളിവിൽ പോവുകയായിരുന്നവെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സ്ഥാപനത്തിൽ നിന്നും ഒന്നര കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയിട്ടുള്ളതാണ് ഒന്ന്.മറ്റൊന്ന് കോതമംഗലത്തെ വ്യാപാരി ബെന്നി വർഗീസ് നൽകിയിട്ടുള്ളതും. അമ്പത് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ട രണ്ടുപേരുടെയും എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരാളുടെയും പരാതിയും പൊലിസിന് ലഭിച്ചിട്ടുണ്ട്. ബെന്നി വർഗീസ് നൽകിയ പരാതി പ്രകാരം എട്ടരലക്ഷം രൂപയാണ് അപഹരിച്ചിട്ടുള്ളത്.കമ്പനിയുടെ സ്വർണത്തിന്റെ വിലയായി കണക്കാക്കിയിട്ടുള്ളത് ഏകദേശം മുപ്പത് ലക്ഷം രൂപയാണ്.

ടാർജറ്റ് തികയ്ക്കാനെന്ന പേരിൽ വ്യാപാരികളെയും ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ളവരെയും ഫോണിൽ വിളിച്ചും നേരിൽ ബന്ധപ്പെട്ടും ഇവർ ഏതാനും ദിവസത്തേക്ക് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിക്കുകയും ഇതിന് കമ്പനി രസീത് നൽകുകയും പിന്നീട് മുൻധാരണ പ്രകാരമുള്ള പലിശ ചേർത്ത് കൃത്യമായി തുക തിരിച്ച് നൽകുകയും ചെയ്തിരുന്നു. ഇത് പൊലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വിവരമൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ലന്നുള്ള വിചിത്ര വാദമാണ് കമ്പനി നടത്തിപ്പുകാർ പൊലീസിന് മുമ്പാകെ ആവർത്തിക്കുന്നത്.ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിൽ പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.

2016 ജൂലൈ ആദ്യം മുതലുള്ള പണയ സ്വർണം നഷ്ടപ്പെട്ടതായിട്ടാണ് കമ്പനിയുടെ പരാതി. ഒരു വർഷത്തിലേറെയായി നടന്നുവന്നിരുന്ന തട്ടിപ്പിനെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ല എന്ന കമ്പനി അധികൃതരുടെ വെളിപ്പെടുത്തൽ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളുന്നില്ല.കോടതിയിൽ ഹാജരാക്കിയ ജോയലിനെ റിമാൻഡ് ചെയ്തു.