- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാൻ കഴിയുന്ന 2.2 എംഎം കാലിബർ; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; തോക്കിലെ ഉറവിടം കണ്ടെത്തിയാൽ കേരളം ഞെട്ടും; കോതമംഗലം കൊലയിൽ പിസി ജോർജിന് പറയാനുള്ളത്
കൊച്ചി: ഉഗ്ര പ്രഹര ശേഷിയുള്ള പിസ്റ്റൾ ഒരാളുടെ കൈവശം വരണമെങ്കിൽ അതിന് പിന്നിൽ ശക്തമായ ആരുടെയോ കൈകളുണ്ട്. അതിനാൽ കോതമംഗലത്തെ കൊലയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് മുൻ എംഎൽഎ പി.സി.ജോർജ്ജ് മറുനാടനോട് പറഞ്ഞു.
തന്റെ പക്കലുള്ള ലൈസൻസുള്ള പിസ്റ്റൾ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാൻ ശക്തിയുള്ളതാണ് ഈ തോക്ക്. അങ്ങനെയുള്ളപ്പോൾ 7.62 എം.എം കാലിബർ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പിസ്റ്റൾ യുവാവിന് ലഭിക്കണമെങ്കിൽ ഒന്നുകിൽ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം-പിസി ജോർജ് പറയുന്നു.
അല്ലെങ്കിൽ ഇന്ത്യൻ ആർമിയിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കണം. ഗുരുതരമായ ഒരു വിഷയമായി തന്നെ ഇതിനെ കണ്ട് ശക്തമായ അന്വേഷണം നടത്തി തോക്ക് എങ്ങനെ യുവാവിന് ലഭിച്ചു എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ യഥാർത്ഥ ഉറവിടം കണ്ടെത്തിയാൽ ഒരു പക്ഷേ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുമെന്നും ജോർജ്ജ് മറുനാടനോട് വ്യക്തമാക്കി.
കോതമംഗലത്തെ വെടിയുതിർന്ന് തോക്ക് ഏതെങ്കിലും സൈനികനിൽ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നാണ് പൊലീസ് അനുമാനം. സാധാരണഗതിയിൽ വിപണിയിൽ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയിൽ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ്. ചൈനീസ് പിസ്റ്റളിൽ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാൽ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ പിടി ഒഴികെയുള്ള കുഴലും പിസ്റ്റൾ ഭാഗവും കമ്പനി മെയ്ഡാണ്. അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാൽ മാറിയതാകാനാണ് സാധ്യത. മാനസയെ വധിക്കുന്നതിനായി മനപ്പൂർവം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പഴയ തോക്കായതിനാൽ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്.
ബാലിസ്റ്റിക് വിദഗ്ദ്ധർ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസൻസ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ഉയർന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാൻ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങൾ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാർക്കറ്റിലൂടെയോ ഡാർക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും.
50,000 രൂപയ്ക്കു മുകളിൽ മുടക്കാനായാൽ ഓൺലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രാഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോതമംഗലം നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയത്.
കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശി പി.വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രഖിൽ (32) സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. രാഖിൽ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിട്ടുണ്ട്.