കോതമംഗലം: ആദ്യം സമീപിച്ചത് മരുമകളെ കെട്ടിച്ചു നൽകണമെന്നാവശ്യപ്പെട്ട്. പറ്റില്ലെന്നറിയിച്ചപ്പോൾ വീട്ടിലെത്തി ഭീഷണിയും കേട്ടാലറയ്ക്കുന്ന അസഭ്യങ്ങളും പതിവാക്കി. ഇതും ഏശാതായപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കമ്പിന് വീട്ടമ്മയെ അടിച്ചു വീഴ്‌ത്തി. പിന്നെ തള്ളി വീഴ്‌ത്തി, വസ്ത്രങ്ങൾ വലിച്ചുകീറി. മാറിടം കടിച്ചുപറിച്ചു. നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരനായ 52 കാരനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് വീട്ടമ്മ ഊന്നുകൽ പൊലീസിൽ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ.

കഴിഞ്ഞ ദിവസമാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് ഊന്നുകൽ പൊലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിനിടയിൽ പ്രതി നേര്യമംഗലം പിറക്കുന്നം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് എന്ന പള്ളിയാൻ കുഞ്ഞിനെ എസ്.ഐ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി എസ്.ഐ അറിയിച്ചു. അറസ്റ്റു ചെയ്തിട്ടും ആരെയും കൂസാത്ത ശരീരഭാഷയും മറുപടിയുമാണ് ഇയാളിൽ നിന്നുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചെത്തി അയൽവാസികളോടും നാട്ടുകാരോടും ഇയാൾ അസഭ്യം പറയുക പതിവായിരുന്നെന്നും ചിലപ്പോഴൊക്കെ കയ്യേറ്റം നടത്താറുണ്ടെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ആരെങ്കിലും എതിർത്താൽ ഹരിജൻ പീഡനത്തിന് പരാതി നൽകി അകത്താക്കുമെന്നതാണ് ഇയാളുടെ പ്രധാന ഭീഷണി. ഇത്തരത്തിൽ പൊലീസുകാർക്കെതിരെയും ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

നേരത്തെ വാക്കുതർക്കത്തെത്തുടർന്ന് അയൽവാസിയുടെ കൈവെട്ടിയ സംഭവത്തിൽ ഇയാൾ പ്രയോഗിച്ചതും ഇതേ ഭീഷണിയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിൽ നിന്നും ഭാര്യയെയും മക്കളെയും പുറത്താക്കിയെന്നും ഒറ്റയ്ക്കാണ് താമസമെന്നും അന്വേഷണത്തിൽ വ്യക്തമായതായും എസ് ഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.