കോതമംഗലം: മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനെത്തിയപ്പോൾ പരിചയപ്പെട്ടു. വീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി. 4 മണിക്കൂറോളം കറക്കി കൊണ്ടു നടന്ന ശേഷം വീടിനുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെച്ച് പീഡിപ്പിച്ചു. 15 കാരിയായ ആദിവാസി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ പൊലീസുകാർ ഞെട്ടി.

ആദ്യഘട്ടത്തിൽ മൊഴി അവിശ്വസിയം എന്ന നിലപാടിലായിരുന്ന പൊലീസ്, അന്വേഷണം മുറുകിയപ്പോൾ അക്ഷരാർത്ഥത്തിൽ അന്തം വിട്ടു. പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയായിരുന്നെന്ന് തെളിവു സഹിതം ഇക്കൂട്ടർക്ക് ബോദ്ധ്യമായി. സംഭവവുമായി ബന്ധപ്പെട്ട് 21-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോതമംഗലം തൃക്കാരിയൂർ കാക്കനാട്ട് ബേസിൽ കെ വാവച്ച നെയാണ് മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഹോട്ടൽ മനേജ്‌മെന്റിന് പഠിച്ചു വരികയായിരുന്നു.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കോതമംഗലം സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപത്തെ മൊബൈൽ റീച്ചാർജ്ജ് കേന്ദ്രത്തിൽ കൂപ്പൺ വാങ്ങാനെത്തിയപ്പോൾ ബേസിൽ പെൺകുട്ടിയുടെ പേരുവിവരങ്ങൾ ചോദിച്ച് പരിചയപ്പെടുകയായിരുന്നു. കോതമംഗലത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പരിചയപ്പെട്ട ശേഷം ഇവർ കുറച്ചു നേരം സൗഹൃദ സംഭാഷണങ്ങളുമായി ബസ്സ് സ്റ്റാന്റ് പരിസരത്ത് തങ്ങി. പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്നതിനാൽ വീട്ടിൽ കൊണ്ടാക്കമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടി മറുത്തൊന്നും പറഞ്ഞില്ല.

ഉടൻ ബൈക്കുമായെത്തി പെൺകുട്ടിയേയും കയറ്റി ബേസിൽ ഭൂതത്താൻകെട്ട് ഭാഗത്തേക്ക് ഓടിച്ച് പോയി. ഭൂതത്താൻകെട്ടിലെത്തിയപ്പോൾ പാർക്കിൽ കയറി. സന്ധ്യയായതോടെ ജീവനക്കാരനെത്തി പുറത്താക്കി. പിന്നെ 6.30 തോടെ ഇവിടെ നിന്നും കുട്ടമ്പുഴക്കപ്പുറത്തുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് യാത്രയായി. പെൺകുട്ടിയുടെ വീടിന് സമീപത്തെത്തിയപ്പോൾ രാത്രി 8.30 തോടടുത്തിരുന്നു. ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ബേസിൽ മടങ്ങി.

സന്ധ്യ മുതൽ പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ഇതിനിടയിലാണ് രാത്രി 9 മണിയോടെ പെൺകുട്ടി വീട്ടിലെത്തുന്നത്. വീട്ടുകാർ വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി സംഭവിച്ചതെല്ലാം വള്ളി പുള്ളി വിടാതെ വിവരിച്ചു. തുടർന്ന് പെൺകുട്ടിയുമായെത്തി വീട്ടുകാർ വിവരം കുട്ടമ്പുഴ പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞ ഡി വൈ എസ് പി ഉടൻ അന്വേഷണം ആരംഭിക്കാൻ കോതമംഗലം സി ഐ വി റ്റി ഷാജനോട് നിർദ്ദേശിക്കുകയായിരുന്നു.

തന്നേ കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിയാൻ കഴിയുന്ന യാതൊരുവിവരവും പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ചില്ല. നഗരത്തിലെ പ്രധാന പാതകൾ ദൃശ്യമാകും വിധത്തിൽ സ്ഥാപിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലെ സീ സീ റ്റീവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബേസിൽ പെൺകുട്ടിയേയും കൊണ്ട് ബൈക്കിൽ പോകുന്ന ദൃശ്യം ലഭിച്ചു.

ഇതേ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് ആര് കേട്ടാലും അവിശ്വസിനീയം എന്ന് തോന്നിക്കുന്ന പീഡന കേസിന്റെ യഥാർത്ഥ ചിത്രം പുറത്തായത്. പെൺകുട്ടി വെളിപ്പടുത്തിയ വസ്തുതകൾ അക്ഷരം പ്രതി ശരിയാണെന്ന് നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഡി വൈ എസ് പിക്കും ബോദ്ധ്യമായി. തുടർന്നാണ് ബേസിലിനെ കസ്റ്റിഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ബേസ്സിൽ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.