കോതമംഗലം: ഒന്നുകിൽ ധർണ്ണയിൽ പങ്കെടുക്കണം. അല്ലെങ്കിൽ ക്രിസ്മസ്സ് കാലത്ത് നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കണം. ഇന്ന് നടക്കുന്ന തൊടുപുഴ ഡി ഇ ഓഫീസ് മാർച്ചിൽ ആളെക്കൂട്ടാൻ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിലെ പ്രാധാന പരാമർശം ഇങ്ങിനെ:

കഴിഞ്ഞ ദിവസങ്ങളിലാണ് ഈ സർക്കുലർ രൂപതയ്ക്കുകീഴിലെ സ്‌കൂളുകളിൽ എത്തിയത്. ഈ വർഷത്തെ അദ്ധ്യാപക സെമിനാറിൽ പങ്കെടുക്കാത്ത ജീവനക്കാർ കൃത്യമായി ഈ രണ്ട് വ്യവസ്ഥകളിൽ ഒന്ന് പാലിക്കണമെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാർ ഇത് സംബന്ധിച്ചുള്ള കാര്യം വെള്ളപേപ്പറിൽ എഴുതി ഇത് സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്‌മാസ്റ്റർ എന്നിവർക്കുമുമ്പാകെയും സ്‌കൂൾ ലോക്കൽ മാനേജർക്ക് മുമ്പിലും ഹാജരാക്കി ഒപ്പ് വയ്‌പ്പിച്ച് കോർപ്പറേറ്റ് എജ്യൂക്കേഷൻ ഓഫീസിൽ ഹാജരാക്കണമെന്നാണ് ഈ സർക്കുസറിൽ നിർദ്ദേശിച്ചിട്ടുള്ളത്.

ഓരോവർഷവും അദ്ധ്യാപകരുടെ നിലവാരവും മറ്റും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെമിനാർ സംഘടിപ്പിക്കാറുണ്ടെന്നും ഈ സെമിനാറിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ഏജൻസി ആവശ്യപ്പെടാറുണ്ടെന്നുമാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഈ വർഷം സംഘടിപ്പിച്ച ഇത്തരത്തിൽപ്പെട്ട സെമിനാറിൽ പങ്കെടുക്കാത്ത അദ്ധ്യാപകരോടാണ് വ്യവസ്ഥകളിൽ രണ്ടിലേതെങ്കിലും ഒന്ന് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് സ്‌കൂളുകളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

വ്യക്തപരമായി മാത്രം തീരുമാനമെടുക്കേണ്ട രണ്ട് കാര്യങ്ങളും ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള രൂപതയുടെ നീക്കം വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ജോലിയെ ബാധിക്കുമോ എന്ന ഭയപ്പാട് ഉള്ളതിനാലാണ് പരസ്യപ്രതിഷേധത്തിന് തങ്ങൾ തയ്യാറാവാത്തതെന്നും ഒരു വിഭാഗം അദ്ധ്യാപകർ പറയുന്നു.

അദ്ധ്യാപക നിയമനങ്ങൾ നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രൂപത ഏഡ്യൂക്കേൻ ഏജൻസി ഇന്ന് രാവിലെ തൊടുപുഴയിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുള്ളത്.

സമരപരിപാടിയിൽ പങ്കെടുക്കാൻ ഹെഡ്‌മാസ്റ്റർമാരും അദ്ധ്യാപകരും മറ്റും തൊടുപുഴയ്ക്ക് തിരിച്ചതോടെ രുപതയ്ക്കുകീഴിലെ നിരവധി സ്‌കൂളുകളിൽ ക്ലാസ്സുകൾ നടക്കുന്നില്ലന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇടുക്കി-എറണാകുളം ജില്ലകളിലായി 90-ൽപരം സ്‌കൂളുകൾ രൂപതയ്ക്കുകീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.