കോതമംഗലം: ലൈംഗികപീഡനത്തിനു വിധേയയായ പതിനാറുകാരി പെൺകുട്ടിയും കുടുംബവും ദുരൂഹസാഹചര്യത്തിൽ നാട്ടിൽനിന്ന് അപ്രത്യക്ഷരായി. കഴിഞ്ഞദിവസം രാത്രി ദുരൂഹസാഹചര്യത്തിൽ നെല്ലിമറ്റം സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തുനിന്നും വഴിയാത്രക്കാരായ ദമ്പതിമാരാണ് പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്തിയത്്. പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങി പൊലീസ് കേസെടുത്തില്ലെന്നുമുള്ള ആരോപണം നിലനിൽക്കെയാണ് പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും തിരോധാനം.

പെൺകുട്ടി 12 കാരിയായ സഹോദരിക്കും മാതാവിനുമൊപ്പമാണ് സമീപപ്രദേശമായ കവളങ്ങാട് വാടകയ്ക്ക് താമസിച്ചിരുന്നത്. അർദ്ധനഗ്നയായിരുന്ന പെൺകുട്ടിയെ അവശനിലയിലാണ് കഴിഞ്ഞ ദിവസം രാത്രി ദമ്പതിമാർ കണ്ടെത്തിയത്്. വിവരം സമിപവാസിയായ പൊതുപ്രവർത്തകൻ ഊന്നുകൽ പൊലീസിൽ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവം നിസാരവൽക്കരിക്കുകയും മേൽനടപടികൾ സ്വീകരിക്കാതെ സ്്്ഥലംവിടുകയുമായിരുന്നു. പീഡനത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകൂട്ടിയെ മാനസികരോഗിയായി ചിത്രീകരിച്ച് കേസൊതുക്കുന്നതിനായിരുന്നു പിന്നീടുള്ള പൊലീസ് നീക്കം

കോഴിക്കോടുനിന്നും അടുത്തിടെയാണ് പെൺകുട്ടിയുടെ കുടുംബം കോതമംഗലമടുത്തു കവളങ്ങാട് താമസമാക്കിയത്. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്ത് പെൺവാണിഭസംഘം മാതാവിനെയും പെൺമക്കളെയും ദുർനടപടികൾക്ക് വിനയോഗിക്കുന്നുണ്ടെന്നുള്ള സംശയം പ്രദേശവാസികൾക്കുണ്ട്. രാവിലെ ഒരാൾ ഓട്ടോറിക്ഷയുമായെത്തി മാതാവിനെയും പെൺകുട്ടികളെയും കയറ്റിക്കൊണ്ടുപോകാറുണ്ടെന്നും രാത്രി വൈകിയാണ് ഇവർ മടങ്ങിയെത്താറുള്ളതെന്നുമാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ പ്രദേശവാസിയായ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവ് ചരടുവലികൾ നടത്തുന്നുണ്ട്. പെൺകുട്ടികളെ പീഡക സംഘങ്ങൾക്ക് കൈമാറുന്നതും ഇടപാടുകൾ ഉറപ്പിക്കുന്നതും ഇയാളുടെ അറിവോടെയാണെന്നാണ് പരക്കേയുയർന്നിട്ടുള്ള ആക്ഷേപം.

ദിവസങ്ങങ്ങൾക്ക് മുൻപ് ചൈൽഡ് ലൈൻ പ്രവർത്തകർ നെല്ലിമറ്റത്തെത്തി പെൺകുട്ടിയിൽനിന്നും, സംഭവത്തിൽ നേരിട്ടിടപെട്ട പൊതുപ്രവർത്തകനിൽ നിന്നും പെൺകുട്ടിയ കണ്ടെത്തിയ അദ്ധ്യാപികയിൽ നിന്നും മൊഴിയെടുത്തിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായിട്ടാണ് പ്രാഥമിക നിഗമനമെന്നും വൈദ്യപരിശോധനക്കുശേഷമേ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകു എന്നുമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരോട് പറഞ്ഞത്. ചൈൽഡ് ലൈൻ പ്രശ്‌നത്തിൽ ഇടപെട്ടതോടെ കരുക്കുവീഴുമെന്നു മനസിലാക്കിയ വാണിഭ സംഘം മാതാവിനെയും മക്കളെയും മുക്കിയതാണെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്.

പെൺകുട്ടിക്ക് മാനസികരോഗമുണ്ടെന്നുള്ള മാതാവിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തങ്ങൾ മേൽനടപടികളൊഴിവാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. പെൺകുട്ടി അവശനിലയിലായിരുന്നെന്നും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടന്നും പൊതുപ്രവർത്തകനും അദ്ധ്യാപികയും അറിയിച്ചിട്ടും പൊലീസ് ഇക്കാര്യത്തിൽ തുടർനടപടിക്ക് തയ്യാറാവാത്തത്് ദുരൂഹതകൾക്കിടയാക്കിയിരുന്നു. തന്നെ രണ്ടുപേർ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപൊയെന്നും യാത്രയ്ക്കിടെ ഇവർ വസ്ത്രങ്ങൾ വലിച്ചഴിച്ചെന്നും ബലമായി ചുംബിച്ചെന്നും മറ്റെന്തൊക്കയോ ചെയ്്‌തെന്നും പെൺകുട്ടി തങ്ങളോടു പറഞ്ഞതായി അദ്ധ്യാപികയും പൊതുപ്രവർത്തകന്റെ ഭാര്യയും പൊലീസിനെ അറിയിച്ചിരിന്നു.

സംസാരിക്കാൻ പോലും കഴിയാത്ത നിലയിൽ അവശയും അർദ്ധനഗ്നയുമായിരുന്ന പെൺകുട്ടിക്ക് ആഹാരവും കുടിക്കാൻ വെള്ളവും നൽകിയത് പൊതുപ്രവർത്തകന്റെ ഭാര്യയായിരുന്നു. തുടർന്ന് അനുനയത്തിൽ വിവരങ്ങളാരാഞ്ഞപ്പോഴാണ് പെൺകുട്ടി വീട്ടമ്മയോടും അദ്ധ്യാപികയോടും താൻ നേരിട്ട കൊടിയ പീഡനങ്ങളേക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ലഭ്യമായ വിവരം.