കോതമംഗലം:വിദേശത്ത് കഴിയുന്ന മക്കളുടെ അടുത്തേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റിനും മറ്റു ചെലവ്ക്കുമായി വ്യദ്ധ ദമ്പതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയും 900 ഡോളറും കവർച്ച ചെയ്യപ്പെട്ടു. വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച കോതമംഗലം പെരുമണൂർ മാളിയേക്കൽ ജോസഫ് വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് ശനിയാഴ്ച രാത്രി കവർച്ച ചെയ്യപ്പെട്ടത്.

വീടിനകത്തു കയറിയ മോഷ്ടാക്കൾ മേശയുടെ പൂട്ടു തകർത്താണ് പണം കൈക്കലാക്കിയത്. തൊട്ടടുത്തുണ്ടായിരുന്ന അലമാരയിൽ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്നു. ഈ അലമാര തുറക്കാനുള്ള ശ്രമം വിജയിക്കാത്തതിനാൽ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. ജോസഫും ഭാര്യയും വീടുപൂട്ടി വൈക്കത്തുള്ള മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു കവർച്ച.

ഇന്നു രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് വാതിലുകളും ജനലുകളും തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് ഇയ്യാൾ ജോസഫിനേ വിവരം അറിയിച്ചു. പൊലീസിലും വിവരം നൽകി. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. വാതിലിലും മേശയിലും അലമാരയിലുമെല്ലാം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

ജോസഫിന്റെ ആൺമക്കളിൽ ഒരാൾ ഓസ്ട്രേലിയയിലും മറ്റൊരാൾ അമേരിക്കയിലുമാണ്. രണ്ടാഴ്ച കഴിഞ്ഞ് ജോസഫും ഭാര്യയും ഇവരോടൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി പുറപ്പെടാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നൊരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസം ജോസഫ് ബാങ്കിൽ നിന്നും എടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്.

കോതമംലം സിഐവി.റ്റി.ഷാജൻ, എസ്.ഐ.ലൈജുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദയ്ക്കത്തൻ ജസ്റ്റിൻ ജോഫിന്റെ നേതൃത്വത്തിൽ പരിശോധയും പൂർത്തിയാക്കി.അഞ്ച് വിരലടയാളങ്ങൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ആരുടെതെല്ലാമാണെന്ന് തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

കളമശേരി ഡോഗ് സ്‌ക്വാഡിലെ റൂണിയെ കൊണ്ടുവന്ന് പരിശോധന നടത്തി.മോഷ്ടാക്കൾ ഉപേക്ഷിച്ച വാക്കത്തിയുടെ ഗന്ധം ശ്വസിച്ച നായ പെരുമണൂർ നിന്നും ഊന്നുകൽ റോഡിൽ നുറു മീറ്ററോളം ഓടിയ ശേഷം തിരികേ പോന്നു. മോഷ്ടാക്കളെ കണ്ടെത്തൂന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ജോസഫിന്റെ വീട്ടിലേക്ക് എത്തുന്ന പ്രധാന പാതകളിലെ സിസി ടിവി ക്യമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് പൊലീസ് നീക്കം തുടങ്ങി.