കോതമംഗലം: കർഷക സംഘടനകളുടെ പ്രതിനിധിയായിട്ടാണ് കോതമംഗലത്ത് താൻ മത്സരത്തിനിറങ്ങുന്നതെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി കേന്ദ്രനേതൃത്വമോ സംസ്ഥാനനേതൃത്വമോ തന്നെ സമീപിച്ചിട്ടില്ലന്നും പി സി സിറിയക്. ഇന്ന് രാവിലെ കോതമംഗലത്തേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കർഷകരോട് ഇടത്-വലത് മുന്നണികൾ കടുത്ത വഞ്ചനയാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ടർമെരെ സമീപിക്കുകയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

കേരളാ കോൺഗ്രസ് നേതാവായ പി സി തോമസാണ് സ്ഥാനാർത്ഥിയാവണമെന്ന് ആവശ്യപ്പെട്ടത്. കർഷകരുടെ പ്രശ്‌നങ്ങൾക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാർത്ഥത ബോദ്ധ്യപ്പെട്ടതിനാലാണ് കർഷകസംഘടനകളുടെ നേതാവ് കൂടിയായ താൻ മത്സരിക്കാൻ തയ്യാറായതെന്നും വിജയിക്കുന്ന കാര്യത്തിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇൻഫാമിന്റെയും റബ്ബർ കർഷക സംരക്ഷണസമിതിയുടെയും ഭാരവാഹിയാണ് താനെന്നും സംസ്ഥാനത്തെ കാർഷികമേഖലയുടെ സമഗ്രപുരോഗതിയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി. എൻ ഡി എ പിൻതുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ഡോ. പി സി സിറിയക് കോതമംഗലത്ത് മത്സരിക്കുന്നത്.

രാവിലെ 11 മണിയോടെ കോതമംഗലത്ത് എൻ ഡി എ യുടെ ഇലക്ഷൻ കമ്മറ്റി ഓഫീസിലെത്തിയ ഡോ.പി സി സിറിയക്കിന് നേതാക്കൾ ഊഷ്മള സ്വീകരണം നൽകി. തുടർന്ന് ഇവിടെ നടന്ന യോഗത്തിൽ പി സി തോമസ്സ് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി .ഘടക കക്ഷികളിലെ പ്രമുഖ നേതാക്കളല്ലാം സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം ഗാന്ധി സ്‌ക്വയറിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം സ്ഥാനാർത്ഥിയും കൂട്ടരും നഗരപര്യടനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വരും ദിവസങ്ങളിലും പി സി തോമസ്സ് കോതമംഗലത്തുണ്ടാവുമെന്നാണ് പാർട്ടി നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന.

മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയും റബ്ബർ ബോർഡ് ചെയർമാനുമായിരുന്ന ഡോ. സിറിയക്കിനെ മത്സരരംഗത്തിറക്കുന്നതിൽ പി സി തോമസ്സിന് വ്യക്തമായ അജണ്ടയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. കോതമംഗലം കൂടി ഉൾപ്പെടുന്ന മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ ത്രീകോണ മത്സരത്തിൽ എൻ ഡി എ സ്ഥാനാർത്ഥായായി മത്സരിച്ച് പി സി തോമസ്സ് വിജയിച്ചിരുന്നു. അന്നത്തെ അനകൂല ഘടകങ്ങൾ പൊടിതട്ടിയെടുത്താൽ ഡോ. സിറിയക്കിനെ നിയമസഭയിലെത്തിക്കാമെന്നാണെത്രേ പി സി യുടെ കണക്കുകൂട്ടൽ. പാലായിൽ കെ എം മാണിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമുള്ള പിന്മാറ്റം പി സി യുടെ രാഷ്ട്രീയ പാപ്പരത്തമായിട്ടായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എൻ ഡി എക്ക് സമ്മാനിച്ച് പി സി വീണ്ടും താരമായിരിക്കുന്നത്. എന്തു വിലകൊടുത്തും പി സി സിറിയക്കിനെ നിയസഭയിലെത്തിക്കുക എന്നതാണ് പി സി യുടെ മുന്നിലുള്ള പ്രധാനലക്ഷ്യം. ഇക്കാര്യത്തിൽ ബിജെപി നേതൃത്വം കൈയും മെയ്യും മറന്ന് പ്രവർത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ ശക്തമായ നിർദ്ദേശം ബിജെപി പ്രാദേശിക നേതൃത്വത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. മറ്റ് ഘടകകക്ഷി നേതാക്കളെയും ഒരുമനസ്സോടെ കൂടെകൂട്ടാൻ പി സി യുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.