മലപ്പുറം: കുടുംബത്തകർച്ചയും അടുത്ത കുടുംബങ്ങളിൽനിന്നുള്ള ഒറ്റപ്പെടുത്തലുമായിരുന്നു വർഷങ്ങൾക്കു മുമ്പ് സൗദയെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. പിന്നീട് പണത്തിനുവേണ്ടി സ്വന്തം മക്കളെ ലൈംഗികവൃത്തിക്കു നിയോഗിക്കേണ്ട അവസ്ഥയിൽ വരെയെത്തി. കോട്ടക്കൽ പീഡനക്കേസിന്റെ ചുരുളഴിയുമ്പോൾ പുറത്താകുന്നത് ജിവിതത്തിൽ സുരക്ഷിതത്വം കിട്ടാതെ നരകിച്ച ബാലികമാരുടെ രോദനങ്ങളാണ്.

കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശിനി നാടോടി പറമ്പിൽ സൗദ(40) സ്വന്തം നാടും വീടും ഉപേക്ഷിച്ച് മുൻ ഭർത്താവിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു. പിന്നീട് ആ വിവാഹബന്ധം ഏറെ വൈകാതെ വേർപെട്ടു. കൊല്ലം കൊയിലാണ്ടി സ്വദേശി ബാപ്പൻകാട്ടിൽ ഹമീദു(48) മായി നടന്ന വിവാഹമായിരുന്നു ഒടുവിലത്തേത്. ഇതിനിടയിൽ നാലു വിവാഹം കഴിച്ചതായാണ് പൊലീസിനു വിവരം ലഭിച്ചത്.

ആദ്യവിവാഹം വേർപെടുത്തിയ സമയത്തുതന്നെ പലരുമായും ബന്ധമുണ്ടെന്ന പേരിൽ കുടുംബങ്ങളെല്ലാം ഒറ്റപ്പെടുത്തി. തുടർന്ന് സാഹചര്യങ്ങളും ഒറ്റപ്പെടലും മുതലെടുത്ത് പലരും സമീപിക്കാൻ തുടങ്ങി. ഈ പരിചയപ്പെടലും അടുപ്പവും വിവാഹം വരെ എത്തിയതോടെയാണ് കെട്ടുറപ്പും സ്ഥിരതയുമില്ലാത്ത നിരവധി വിവാഹങ്ങളായി മാറിയത്. സ്ത്രീത്വം പൂർണമായും ഊറ്റിയെടുത്ത ശേഷം ഓരോ ഭർത്താക്കന്മാരും ഉപേക്ഷിച്ചു. നാലു വിവാഹങ്ങളിലായി ജനിച്ച ഏഴു കുട്ടികളും സൗദയും ഇപ്പോഴത്തെ ഭർത്താവ് ഹമീദുമായാണ് താമസം.

പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്ന ഇവർ സുരക്ഷിതമായി വസിക്കാനുള്ള മറ്റൊരു ഇടം തേടിക്കൊണ്ടേയിരുന്നു. നാട്ടുകാരുടെയും അയൽവാസികളുടെയും എതിർപ്പിനും സംശയത്തിനും പിടികൊടുക്കാതെയായിരുന്നു ഓരോ ഇടപാടും നടത്തിയിരുന്നത്. അവസാനം കോട്ടക്കൽ പുലിക്കോട് പടിഞ്ഞാക്കരയിലെ സുരക്ഷിതമായ ക്വാർട്ടേഴ്‌സിലേക്കായിരുന്നു താമസം മാറ്റിയിരുന്നത്. നൂറുകണക്കിനു പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ അയൽവാസികൾക്കോ നാട്ടുകാർക്കോ ഇവരെകുറിച്ച് കാര്യമായ അറിവോ സംശയമോ ഇല്ലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമീപിച്ച 13 പേർ മാത്രമാണ്. എന്നാൽ നാൽപതോളം പേർ തന്നെ സമീപിച്ചതായും ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ ഉള്ളതായും പതിമൂന്നുകാരി മൊഴി നൽകിയെങ്കിലും കേസ് പതിനഞ്ചു പേരിൽ ഒതുക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ അധികവും 20- 35 പ്രയമുള്ളവരാണ്. കസ്റ്റമേഴ്‌സിനെ രഹസ്യമായി എത്തിക്കാൻ ഇടനിലക്കാരായി നിന്നിരുന്നത് പ്രദേശത്തു തന്നെയുള്ള രണ്ടു പേരും സൗദയുടെ മൂത്ത മകനുമായിരുന്നു. സന്ദർശക പ്രവാഹം അധികരിച്ചപ്പോൾ പണത്തിനും പ്രലോഭനങ്ങൾക്കും മീതെ രക്തബന്ധങ്ങൾക്കും സാമൂഹിക പ്രതിബന്ധങ്ങൾക്കും യാതൊരു വിലയും ഇല്ലാതാവുകയായിരുന്നു. സുഭിക്ഷമായ ഭക്ഷണങ്ങളും പളുപളുത്ത വസ്ത്രങ്ങളും നിരന്തര യാത്രയും. സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ കുട്ടികളുടെ മനസും മരവിക്കപ്പെട്ടു. മകളെ ആവശ്യപ്പെടുന്നവരിൽ നിന്നും മുവായിരം രൂപ നേരത്തെ കൈപ്പറ്റിയായിരുന്നു ക്വാർട്ടേഴ്‌സിലെ മുറിയിൽ വരുന്നവർക്കായി കിടക്ക വിരിച്ചിരുന്നത്. വലിയ തുക നൽകുന്നവർക്കു മാത്രമാണ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദം നൽകിയിരുന്നത്.

അല്ലാത്തവർക്ക് ബാഹ്യബന്ധങ്ങൾ മാത്രം. പറഞ്ഞുറപ്പിച്ച കരാർ ലംഘിക്കുന്നുണ്ടോ എന്ന് നോക്കാനായി മാതാവ് ഇടക്കിടക്ക് റൂമിൽ വരുമായിരുന്നു. പെൺകുട്ടി വിസമ്മതിച്ചാൽ കണ്ണുരുട്ടലും ഭീഷണിയും വേറെയുമുണ്ടാകുമായിരുന്നു. മൗനമായിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്യുന്നതു പിതാവ്. ഈ മാസം ആറിനായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർക്ക് രഹസ്യവിവരം ലഭിക്കുന്നത്. തൊട്ടുതലേന്നു രണ്ടു പേർ സൗദയെയും പെൺമക്കളെയും സമീപിച്ചിരുന്നു. പെൺകുട്ടിയെ മതിയെന്നു പറഞ്ഞ ഇവർക്ക് പതിമൂന്നുകാരിയായ മകളെ മാതാപിതാക്കൾ ഒരുക്കുകയായിരുന്നു. എന്നാൽ പതിമൂന്നിന്റെ വളർച്ച പോലുമില്ലാതിരുന്ന പെൺകുട്ടിയെ കണ്ടതോടെ സമീപിച്ചവരുടെ ഹൃദയം തകർന്നു. ഉടൻ തന്നെ ഇവർ ഇടപാട് നിർത്തി അവിടെനിന്നും ഇറങ്ങുകയായിരുന്നു. ഈ വിവരം ഒരു മാദ്ധ്യമപ്രവർത്തകന് കൈമാറുകയും പിന്നിട് മാദ്ധ്യമ പ്രവർത്തകൻ സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെയായിരുന്നു നീണ്ടകാലത്തെ ലൈംഗിക വേഴ്ചകളുടെയും കൂട്ടിക്കൊടുപ്പിന്റെയും ചുരുളഴിഞ്ഞത്.

സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്താൽ നിരവധി മാന്യന്മാരുടെ മുഖംമൂടിയായിരിക്കും വലിച്ചു കീറപ്പെടുക. എന്നാൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പതിമൂന്നുകാരിയെ പലർക്കായി കാഴ്ചവച്ചത്, പന്ത്രണ്ടുവയസുകാരിയെ സഹോദരൻ റഫീഖ് എന്ന മുഹമ്മദ് ഷഫീഖ് (19) ഉൾപ്പടെ പീഡിപ്പിച്ചത്, എട്ടു വയസുകാരനായ ഇളയ സഹോദരനെ പ്രകൃതിവിരുദ്ധ ലൈഗിക പീഡനം സഹോദരൻ ഉൾപ്പെടെയുള്ളവർ നടത്തി എന്നിവയാണവ.