- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിഎടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തത് വിനയായി: മൂന്ന് വിവാഹം കഴിച്ച യുവതി ആൾമാറാട്ടത്തിന് അറസ്റ്റിലായി; കൊറ്റനാട്ടെ പ്രീതിയെ കുടുക്കിയത് നാട്ടുകാരുടെ സംശയം
മല്ലപ്പള്ളി: സബ്ഇൻസ്പെക്ടർ വേഷം ധരിച്ച് ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കൽ വിജയന്റെ മകൾ പ്രീതി(30)യെ ആണ് പെരുമ്പെട്ടി പൊലീസ്അറസ്റ്റ് ചെയ്തത്.
ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പ്രീതി ഒമ്പതു വർഷം മുൻപ് നാടുവിട്ടു പോയതാണ്. ഇന്നലെ വൈകിട്ടാണ് ഒരു ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തിയത്. എസ്ഐയുടെ യൂണിഫോം ധരിച്ചു വന്ന പ്രീതിയെ കണ്ട് വീട്ടുകാർ ഞെട്ടി. പിന്നെ കുടുംബാംഗങ്ങളുമായി സെൽഫി എടുത്തു. മൂത്ത സഹോദരി ഈ സെൽഫി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിനയായത്.
പടം കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് സ്ഥലത്ത് വന്ന് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. ആൾമാറാട്ടം നടത്തിയതിനാണ് കേസ്. വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് താൻ ഈ വേഷം ധരിച്ചതെന്നും ഒന്നു രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഇവരുടെ മൊഴി.
പൊലീസ് ഇതു സംബന്ധിച്ച് അന്വേഷിക്കുകയാണ്. ഒമ്പതുവർഷം മുൻപ് നാടുവിട്ട പ്രീതി പാലക്കാട്ടായിരുന്നു താമസം. ഇതിനിടെ മൂന്നു വിവാഹവും കഴിച്ചു. മൂന്നു കുട്ടികളും ഉണ്ട്. ഇന്നലെ എറണാകുളത്ത് നിന്നും പൊലീസ് വേഷത്തിൽ ബസിൽ കയറി. തിരുവല്ലയിൽ വന്ന് അവിടെ നിന്ന് ഓട്ടോയിൽ വീട്ടിൽ എത്തുകയായിരുന്നു.
പൊലീസ് വേഷം ധരിച്ചെങ്കിലും തട്ടിപ്പോ മറ്റൊന്നുമോ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വേഷമിട്ടുള്ള ആൾമാറാട്ടം ജാമ്യമില്ലാ കുറ്റമാണ്. രണ്ടു വർഷം തടവ് ലഭിക്കാവുന്ന വകുപ്പായതിനാൽ കോടതി ജാമ്യത്തിൽ വിടാനാണ് സാധ്യത.