കോതമംഗലം: വണ്ണപ്പുറം കോട്ടപ്പാറ മലമുകളിലേയ്ക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം. മഞ്ഞുമുടിയ മലയുടെ താഴ്‌വാരം കാണുന്നതിനാണ് പുലർച്ചെ ഇവിടേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാൻ നിരവധിപേർ ഇവിടെ തമ്പടിച്ചിട്ടുണ്ട്. അടുത്തിടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മലയിലും താഴ്‌വാരത്തും മഞ്ഞ്പെയ്തിറങ്ങുന്നതുസംമ്പന്ധിച്ച ചിത്രങ്ങളും വീഡിയോകളും മറ്റും പുറത്തുവന്നത്.വിസ്തൃതമായ താഴ്‌വാരം മുഴുവൻ മഞ്ഞ് മൂടികിടക്കുന്ന ദൃശ്യം ഏറെ മനോഹരമാണ്.

വെൺമേഖങ്ങൾ പോലെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മഞ്ഞ് പുലർച്ചെ വെട്ടം വീഴുന്നതുമുതൽ ദൃശ്യമാവും.വെയിൽ ശക്തമാവുമ്പോൾ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. അതുകൊണ്ട് പുലർച്ചെയാണ് കൂടുതൽ പേരും ഇവിടേയ്ക്ക് എത്തുന്നത്.ബൈക്കുകളിലും കാറിലും മറ്റുമായി ദിനം പ്രതി നൂറുകണക്കിന് പേർ ഇവിടുത്തെ മനോഹര ദൃശ്യം കണ്ടാസ്വദിക്കാൻ ലക്ഷ്യമിട്ട് എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കുറവായിരുന്നെന്നാണ് ഇവിടം കണ്ടുമടങ്ങിയ സഞ്ചാരികളിൽ ചിലർ പുറത്തുവിട്ട വിവരം.തലേന്ന് മഴപെയ്താൽ മാത്രമാണ് പിറ്റേന്ന് പ്രദേശം മഞ്ഞിൽ മുടുന്ന പ്രതിഭാസം ദൃശ്യമാവുന്നുള്ളു എന്നാണ് ഇതേക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം. മഞ്ഞ് കുറവുള്ള അവസരത്തിലും താഴ്‌വാരത്തെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഏറെപ്പേർ എത്താറുണ്ടെന്നാണ് ഇവിടുത്തുകാർ പങ്കുവച്ച വിവരം. സഞ്ചാരികളുടെ പ്രവാഹം ശക്തമായതോടെ പുലർച്ചെ ഇവിടെ കാപ്പി-പലഹാര കച്ചവടക്കാരുടെ എണ്ണവും പെരുകി..ചുക്കുകാപ്പിക്കാണ് ഏറെ ഡിമാന്റ്.

കാളിയാർ ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്നതാണ് കോട്ടപ്പാറ മലയിലെ വ്യൂപോയിന്റ്. വിസ്തൃതമായ പാറക്കൂട്ടങ്ങളിൽ തമ്പടിച്ചാണ് സഞ്ചാരികൾ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുന്നത്. സഞ്ചാരികളിൽ ചിലർ രാത്രികാലങ്ങളിൽ മലമുകളിൽ തമ്പടിച്ച് മദ്യപാനവും മറ്റും നടത്തുന്നത് നാട്ടുകാരെ അലോസരപ്പെടുത്തുന്നുണ്ട്.

പാറകെട്ടിന്റെ ചരിഞ്ഞ പ്രദേശത്താണ് കൂടുതൽ പേരും കാഴ്ചകാണാൻ നിൽക്കുന്നത് .കാലൊന്ന് തെറ്റിയാൽ പതിക്കുക അഗാതമായ കൊക്കയിലേക്കാണ്. അപകടസാധ്യത കണക്കിലെടുത്ത് അടുത്തിടെ വനംവകുപ്പധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ നിന്നും 25 കിലോമീറ്ററും കോതമംഗലത്തുനിന്നും 18 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 20 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. വണ്ണപ്പുറത്തുനിന്നും മല മുകളിലേയ്ക്കുള്ള 4 കിലോമീറ്ററോളം വരുന്ന റോഡ് കുണ്ടും കുഴിയുമായ നിലയിലാണ്.നിരവധി ഇരുചക്രവാഹന യാത്രികർ ഇവിടെ റോഡിലെ ഗർത്തങ്ങളിൽ വീണ് പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്.