കൊല്ലം: കൊട്ടാരക്കരയിൽ ബാധ ഒഴിപ്പിക്കൽ ക്രിയ നടത്തുന്നതിനിടെ യുവതിയെ മർദ്ധിച്ച സംഭവത്തിൽ അറസ്റ്റിലായ യുവ മന്ത്രവാദി ഓടനാവട്ടം മണികണ്ഠേശ്വരം വടക്കേക്കരവീട്ടിൽ ആദിഷ് മോഹനൻ(21) ദുർമന്ത്രവാദം നടത്തുന്നത് ആദ്യമായി. ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വച്ചുകൊണ്ട് നടത്തിയ ആഭിചാരക്രിയ പൊലീസ് എത്തിയതോടെ പൊളിഞ്ഞു. ഇതോടെ ക്ഷേത്ര ശാന്തിയായിരുന്ന യുവ മന്ത്രവാദിയുടെ ആദ്യ മന്ത്രവാദം തുടക്കത്തിൽ തന്നെ അവസാനിച്ചു. ഇന്നലെ രാത്രിയാണ് കൊട്ടാരക്കര നഗര മധ്യത്തിൽ ലോട്ടസ് റോഡിലുള്ള മുത്താരമ്മൻ കോവിലിൽ ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ദുർമന്ത്രവാദം നടത്തിയത്.

യുവതിയുടെ ശരീരത്തിൽ ബാധ കയറിയത് ഒഴിപ്പിക്കാനായിരുന്നു ശ്രമം. ക്ഷേത്രം ശാന്തിയായ ആദിഷ് മോഹനൻ തന്നെയാണ് മന്ത്രവാദിയായി എത്തിയത്. ഒഴിപ്പിക്കലിന്റെ ഭാഗമായി മന്ത്രവാദി ചൂരൽ പ്രയോഗം നടത്തി. ചൂരൽ പ്രയോഗമേറ്റതോടെ യുവതി അലറി നിലവിളിച്ചു. യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാർ സംഭവം പൊലീസിൽ അറിയിച്ചതോടെയാണ് യുവ മന്ത്രവാദി കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.

ആവണീശ്വരം സ്വദേശിയായ 38 വയസ്സുള്ള യുവതി ഏറെ നാളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു വരികയായിരുന്നു. നിരവധി ഡോക്ടർമാരെ കാണിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് ബാധകയറിയാതാണെന്ന സംശയം യുവതിയുടെ ഭർത്താവിന് ഉടലെടുത്തത്. ഇതോടെ നിരവധി ക്ഷേത്രങ്ങളിലും മന്ത്രവാദികളുടെ അടുത്തും പൂജകൾ ചെയ്തു വരികയായിരുന്നു. എന്നിട്ടും ഫലം കാണാതെ വന്നപ്പോഴാണ് മുത്താരമ്മൻ കോവിൽ ശാന്തിയായ ആദിഷിനോട് ഇക്കാര്യം യുവതിയുടെ ഭർത്താവ് പറയുന്നത്. മുത്താരമ്മൻ കോവിലിൽ വരുമാനം കുറവുള്ള കുടുംബ ക്ഷേത്രമാണ്. ഇതിനാൽ കിട്ടിയ അവസരം മുതലാക്കാൻ ആദിഷ് താൻ മന്ത്രവാദം നടത്തുമെന്നും ബാധ പൂർണ്ണമായും ഒഴിപ്പിക്കാമെന്നും യുവതിയുടെ ഭർത്താവിന് ഉറപ്പ് നൽകി. വ്യാഴാഴ്ച രാത്രിയിൽ എത്തണമെന്ന് നിർദ്ധേശിക്കുകയും ചെയ്തു. അങ്ങനെയാണ് യുവതിയും ബന്ധുക്കളും ഇന്നലെ രാത്രിയിൽ ക്ഷേത്രത്തിലെത്തുന്നത്. സാധാരണ ദിവസങ്ങളിൽ 7.30 നാണ് ക്ഷേത്ര നട അടയ്ക്കുന്നത്. എന്നാൽ ഇന്നലെ നട അടയ്ക്കാതിരുന്നപ്പോൾ ഒരു പൂജയുണ്ടെന്ന് ശാന്തി പറഞ്ഞതായി വിശ്വാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ദീപാരാധനയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം കളം വരച്ച് യുവതിയെ ഇരുത്തി. എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുകയും സിന്ദൂര പൊടി യുവതിയുടെ മേൽ വാരിയിടുകയും ഒഴിഞ്ഞു പോ എന്നാക്രോശിച്ചു കൊണ്ട് മന്ത്രവാദി വടിയെടുത്ത്
തല്ലുകയായിരുന്നു എന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അടിയേറ്റ യുവതി ഉച്ചത്തിൽ അലറി നിലവിളിച്ചു. ഇതോടെ പതിവില്ലാതെ ക്ഷേത്രം തുറന്നിരിക്കുന്നതും പൂജകളും കണ്ടതോടെ സമീപവാസികളും വഴിയാത്രക്കാരും ക്ഷേത്രത്തിന് സമീപം തടിച്ചു കൂടി. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര എസ്.ഐ. സി.കെ.മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. 'ഞങ്ങൾ എത്തുമ്പോൾ യുവതി നിലത്ത് കിടക്കുകയായിരുന്നു.

ബന്ധുക്കളോടും മന്ത്രവാദിയോടും കാര്യങ്ങൾ ചോദിച്ചപ്പോൾ ബാധ ഒഴിപ്പിക്കലാണ് നടന്നതെന്ന് സമ്മതിച്ചു. യുവതിയെ മർദ്ധിച്ചതായി തടിച്ചു കൂടിയ നാട്ടുകാർ പറഞ്ഞപ്പോൾ ഉടൻ യുവതിയെ താലൂക്കാശുത്രിയിലേക്ക് മാറ്റുകയും മന്ത്രവാദിയായ ക്ഷേത്രം ശാന്തി ആദിഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു' എസ്.ഐ സി.കെ മനോജ് മറുനാടനോട് പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യമായാണ് മന്ത്രവാദം നടത്തുന്നതെന്ന് സമ്മതിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്യും.

അതേ സമയം ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. ആദിഷ് ക്ഷേത്രത്തിലെ ശാന്തിയായിട്ട് ഒരുവർഷമാകുന്നതേയുളഅളൂ എന്നും ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്നും അവർ പറയുന്നു.