- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ ആദിവാസി ബാലൻ കോവിഡ് ബാധിച്ച് മരിച്ച സംഭവം; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ കുടുംബം; കടുത്ത പനിയുണ്ടായിട്ടും കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ആശുപത്രിയും
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലൻ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ കുടുംബം. അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചത് കോട്ടത്തറ ആശുപത്രിയുടെ വീഴ്‌ച്ചയാണെന്ന ആരോപണവുമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്നാണ് കുടംബം പറയുന്നത്.
ശനിയാഴ്ച പുലർച്ചെയാണ് സൈജു, സരസ്വതി ദമ്പതികളുടെ മകൻ സ്വാദീഷ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ ചൊവ്വാഴ്ച അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം കാണിച്ചു. പനി കുറയാത്തതിനെ തുടർന്ന് വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. മരുന്ന് നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും കുട്ടി അവശനായതോടെ മാതാപിതാക്കൾ കിടത്തി ചികിത്സ ആവശ്യപ്പെട്ടു. എന്നാൽ ഇതവഗണിച്ച്, നിർബന്ധിച്ച് തിരികെ അയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ, ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്‌ച്ചയുണ്ടായിട്ടില്ലെന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.കുട്ടിയെ മൂന്ന് മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് മടക്കി അയച്ചത്. ചുമ ഒഴികെ മറ്റ് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അടുത്ത ദിവസം ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്നും അറിയിച്ചിരുന്നു. ചെറിയ കുട്ടിയായതുകൊണ്ടാണ് കോവിഡ് ടെസ്റ്റ് നടത്താതിരുന്നതെന്നും സൂപ്രണ്ട് ഡോ അബ്ദുൾ റഹ്‌മാൻ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ