- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രീ റോഡിന്റെ തുടക്കത്തിൽ നിർമ്മിച്ച ശീമാട്ടി റൗണ്ടാന നാടിന് നൽകിയത് സൽപ്പേര്; ഗതാഗതം എളുപ്പമാക്കി നിർമ്മതി പൊളിച്ച് ആകാശപ്പാതയുടെ പണി തുടങ്ങിയത് ജനങ്ങൾക്ക് നൽകിയത് ദുരിതം; കോട്ടയത്തെ കിറ്റ്‌കോ പദ്ധതിയിൽ ഇനി വിജിലൻസ് അന്വേഷണം
കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിർമ്മാണം അന്വേഷിക്കാൻ ഒടുവിൽ വിജിലൻസും എത്തി. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും.
കോട്ടയം നഗരത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു ശീമാട്ടി റൗണ്ടാന. ഗതാഗത നിയന്ത്രണത്തിനു മറ്റു നഗരങ്ങളിൽപോലും മതിയായ സംവിധാനം ഇല്ലാതിരുന്ന കാലത്താണ് കോട്ടയത്ത് ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ മറ്റു റോഡുകൾ സംഗമിക്കുന്നിടത്ത് ശീമാട്ടി റൗണ്ടാന പണിതത്. ഇതോടെ വാഹന ഗതാഗതം എളുപ്പമുള്ളതായി. ഈ സ്ഥലത്താണ് ആകാശപ്പാത എത്തിയത്. ഇതാണ് അശാസ്ത്രീയത മൂലം എങ്ങും എത്തായെ പോയത്.
പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിർദ്ദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആകാശപാത പൊളിച്ചു മാറ്റുന്ന കാര്യത്തിൽ ആലോചനയിലാണ് റോഡ് സുരക്ഷ അഥോറിറ്റി എന്നും സൂചനയുണ്ട്. ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം ആരംഭിച്ചെന്നാണ് പരാതി.
പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുമ്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ചിന്തകൾ. 2016-ലാണ് ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. കിറ്റ്‌കോയ്ക്കായിരുന്നു നിർമ്മാണ ചുമതല.
ഭരണം മാറിയതോടെ നിർമ്മാണവും നിലച്ചു. 2019-ൽ ഗാന്ധിസ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്‌കരിച്ചെങ്കിലും തൂണുകൾ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല. നാലു മാസം മുന്പ് ഗതാഗതമന്ത്രി ആന്റണി രാജു കോട്ടയത്ത് എത്തിയപ്പോൾ ആകാശപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തുടർ നടപടികളുണ്ടായില്ല.
കോട്ടയം നഗരം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ഒന്നാണ് പ്രധാന ജങ്ഷനിലുള്ള റൗണ്ടും അവിടെ ആകാശത്ത് പണിത് വച്ചിരിക്കുന്ന ഇരുമ്പുകൂടും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡിന് ഇരു വശങ്ങളിലേക്കും പോകാനായി നിർമ്മിക്കുന്ന ആകാശപ്പാതയുടെ നിർമ്മാണം അനന്തമായി നീളുന്നതാണ് വിവാദത്തിന് കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ പണിത് വച്ചതാണ് ഈ റൗണ്ടാന. ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ചു മാറ്റി കമ്പകൾ നാട്ടിയെങ്കിലും അതിനപ്പുറം പണിയൊന്നും നടന്നില്ല.
രൂപരേഖയിൽ ഉൾപ്പെടെ മാറ്റം വരുത്തി പദ്ധതി ജനോപകരപ്രദമായ വിതത്തിൽ ആവിഷ്‌ക്കരിക്കണമെന്ന് ഇപ്പോഴും വാദമുണ്ട്. ഏതായാലും കിറ്റ്‌കോയുമായുള്ള കരാർ അവസാനിപ്പിക്കാൻ ധാരണയായി. അശാസ്ത്രീയമായ നിർമ്മാണത്തിന് പുറമേ കൃത്യസമയത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതും കിറ്റ് കോയ്ക്ക് തിരിച്ചടിയായി. രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ കിറ്റ്‌കോയുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ആറ് കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിൽ രണ്ട് കോടി രൂപ കിറ്റ്‌കോ കൈപ്പറ്റുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ