കോട്ടയം: സിവിൽ സർവീസിലേക്ക് യുവാക്കൾ കൂടുതലായി രംഗത്തെത്തുന്ന സമയമാണ് ഇപ്പോൾ. ഭരണമികവിനൊപ്പം തന്നെ സ്വയം മാർക്കറ്റിംഗിനും മിടുക്കരാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥ തലമുറയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പോലും അഭിപ്രായപ്പെടുന്നത്. എന്നാൽ, വാർത്തകതളിൽ നിറയുമ്പോൾ പലപ്പോഴും വിവാദത്തിലും ഇവർ ചെന്നുചാടി. സൗന്ദര്യം അൽപ്പം കൂടിപ്പോയത് എന്നതു കൊണ്ട് മാത്രമാണ് മെറിൻ ജോസഫ് ഐപിഎസ് പലപ്പോഴും വിവാദങ്ങളിൽപെട്ടത്. മെറിനെ പോലെ തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥയാണ് കോട്ടയം അസിസ്റ്റന്റ് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ.

മംഗളം വാരികയുടെ കവർ ഗേളായി മാറിയാണു ദിവ്യ ശ്രദ്ധ നേടിയെങ്കിലും അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്നു. ഒരു കലാകാരി കൂടിയാണ് ദിവ്യ. ഡോക്ടർ എന്ന നിലയിലും ശ്രദ്ധേയയായ ദിവ്യ എസ് അയ്യരെ തേടി പിന്നീട് വിവാദം ഉണ്ടായത് ചക്കുളത്തുകാവ് പൊങ്കാലയുടെ നാരീപൂജയുടെ പരസ്യത്തിൽ വന്നതോടെയാണ്. ദിവ്യയുടെ ചിത്രം സഹിതം നാരീപൂജയുടെ പരസ്യം വന്നതോടെ ഇത് വിവാദമാകുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് അസിസ്റ്റന്റ് കലക്ടർക്കെതിരെ വിമർശനം ഉയർന്നത്.

കലക്ടറുടെ കാല് കഴുകേണ്ട അവസ്ഥ വരുമെന്ന കാര്യം സൂചിപ്പിച്ചായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം. അൽപ്പം വൈകിയാണെങ്കിലും ഈ വിമർശനങ്ങളോട് പ്രതികരിച്ച് ഒടുവിൽ ദിവ്യ എസ് അയ്യർ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോട്ടയം അസിസ്റ്റന്റ് കലക്ടർ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയത്. നാരീപൂജയിൽ പങ്കെടുക്കുന്ന പരസ്യത്തിൽ താൻ അഭിനയിച്ചിട്ടില്ലെന്നാണ് ദിവ്യ എസ് അയ്യർ പറയുന്നത്.

തനിക്കെതിരായ സത്യാവസ്ഥ അറിയാതെയാണ് അവർ വിമർശിച്ചത്. ഞാനൊരു പരസ്യത്തിലും അഭിനയിച്ചിട്ടില്ല, ആർക്കും എന്റെ പാദം കഴുകാനും ഇരുന്നു കൊടുത്തിട്ടില്ല. പരിപാടിയുടെ ഉദ്ഘാടനത്തിനു ചെല്ലാമെന്നാണ് സമ്മതിച്ചത്. തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പാദപൂജയിൽ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഈ ചടങ്ങിനെ കാണുന്നതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോയത്.- ദിവ്യ തന്റെ നിലപാട് വ്യക്തമാക്കുന്നു.

സൗന്ദര്യം കൂടിയതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ അസിസ്റ്റന്റ് കലക്ടർ നേരിടേണ്ടി വന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വാദം. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും ദിവ്യ തന്റെ നിലപാട് അഭിമുഖത്തിൽ വ്യക്തമാക്കി. ''സൗന്ദര്യം ശാപമൊന്നുമായി തോന്നിയിട്ടില്ല. സൗന്ദര്യം കൊണ്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും അവരുടെ മനസിൽ ചേക്കേറാനും കഴിയുന്നത് അനുഗ്രഹമായി കാണുന്നു. ഒപ്പം കുറച്ച് ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ നിറത്തിലോ ബാഹ്യ സൗന്ദര്യത്തിലോ ഒന്നും വിശ്വസിക്കുന്നില്ല. മനസിന്റെ സൗന്ദര്യമാണ് പ്രധാനം''.

സോഷ്യൽ മീഡിയയിലൂടെയാണ് കലക്ടർ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ, താൻ ഫേസ്‌ബുക്കിൽ ഇപ്പോഴില്ലെന്നാണ് അവർ പറയുന്നത്. 2009 വരെ ഞാൻ ഫേസ് ബുക്കിൽ ഉണ്ടായിരുന്നു. പിന്നെ പഠനത്തിലും മറ്റും ശ്രദ്ധിച്ചു. കൂട്ടുകാരോടൊക്കെ എന്നും സംവദിക്കുന്നയാളാണ് ഞാൻ. പക്ഷേ, അതിന് ഫേസ്‌ബുക്കിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജനകീയമായ കാര്യങ്ങൾക്ക് അത് സഹായകമാകുമെങ്കിൽ ഔദ്യോഗികമായ പേജ് തുടങ്ങും. അല്ലാതെ നിർബന്ധമൊന്നുമില്ല, സോഷ്യൽ മീഡിയയ്ക്ക് കുറച്ച് നെഗറ്റിവിറ്റിയുമുണ്ട്. അതിനെ മറികടന്ന് നല്ല രീതിയിൽ വിനിയോഗിക്കുന്നതാണ് യഥാർഥ വെല്ലുവിളിയെന്നും ദിവ്യ വ്യക്തമാക്കി.

യുവ ഉദ്യോഗസ്ഥർ ജനകീയരാവാനുള്ള ഒരു കാരണം സാങ്കേതിക വിദ്യ വികസിച്ചതാണെന്നാണ് ദിവ്യ എസ് അയ്യർ വിലയിരുത്തുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം വന്നതുകൊണ്ട് ജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരം കൂടി. ഉദ്യോഗസ്ഥരുടേയും പെരുമാറ്റത്തിൽ മാറ്റം വന്നു. ജനങ്ങൾ ഇന്ന് അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ഐവറി ടവർ കൺസെപ്റ്റ് മാറി. നോർത്ത് ഇന്ത്യയിലൊക്ക ഇനിയും മാറാനുണ്ട്. കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരു പാട് വികസിച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുമായി ഉദ്യോഗസ്ഥരെ അടുപ്പിച്ചുവെന്നുമാണ് ദിവ്യയുടെ പക്ഷം.