കോട്ടയം: സാധാരണ ഗതിയിൽ ആറ് എംഎൽഎമാരുള്ള പാർട്ടി മുന്നണിയിൽ നിന്നും പുറത്തു പോകുമ്പോൾ മുന്നണിയിൽ പ്രകടമാകേണ്ടത് കടുത്ത ആശങ്കയാണ്. എന്നാൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തേക്കെന്ന് പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ പ്രത്യേകിച്ച് കോട്ടയത്തെ കോൺഗ്രസിൽ ആഹ്ലാദം അണപൊട്ടുകയാണ്. മാണിയുടെ പാർട്ടി കാരണം തെരഞ്ഞെടുപ്പിൽ പോലും സീറ്റു കിട്ടാതിരുന്ന കോട്ടയത്തെ കോൺഗ്രസ് നേതാക്കാളാണ് മാണിയുടെ പോക്കിനെ ആഘോഷിക്കുന്നത്. ചുരുക്കത്തിൽ പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ നേട്ടവുമില്ലാതെയാണ് മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തുചാടിയിരിക്കുന്നത്. ഇപ്പോഴത്തെ മാണിയുടെ പോക്കിൽ കേരളാ കോൺഗ്രസിലെ അടിത്തട്ടിൽ തന്നെ അമർഷം പുകയുന്നുണ്ട്.

രമേശ് ചെന്നിത്തലയെ ശത്രുവായി പ്രഖ്യാപിച്ചാണ് മാണി യുഡിഎഫ് വിട്ടതെങ്കിൽ അകത്തെ ശത്രു ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പുമായിരുന്നു. കോട്ടയത്ത് എ ഗ്രൂപ്പു നേതാക്കൾ തന്നെയാണ് പലപ്പോഴും മാണിക്കെതിരെ നിലിന്നിരുന്നത്. തങ്ങൾക്ക് അവസരം ലഭിക്കാത്തത് തന്നെയായിരുന്ന എ ്ഗ്രൂപ്പ് നേതാക്കളുടെ പ്രധാന പരാതി. ബാർകോഴയിലെ ഗൂഢാലോചനക്കാർ ഐ ഗ്രൂപ്പാണെന്ന് പറഞ്ഞ് മുന്നണി വിടുമ്പോൾ കോട്ടയത്തെ എ ഗ്രൂപ്പുകാർ സന്തോഷിക്കുകയാണ്.

എന്തായാലും മാണി മുന്നണി വിട്ടതോടെ കോട്ടയത്തെ കോൺഗ്രസുകാർ ഏറെ ആഹ്ലാദത്തിലാണ്. മുൻകാലങ്ങളിൽ നേരിട്ട മുറിവുകൾക്ക് കണക്കുതീർക്കാനുള്ള അവസരമായാണ് വേർപിരിയലിനെ കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതൃത്വം വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജനത്തിൽ ജില്ലയിൽ അവഗണിക്കപ്പെട്ടിരുന്നു എന്നത് കോൺഗ്രസിന് എന്നും അമർഷത്തിനിടയാക്കിയിരുന്നു. ഉള്ളിലമർത്തിയ ഈ രോഷം വ്യക്തമാകുന്നതായിരുന്നു ഞായറാഴ്ച പകൽ ഡി.സി.സി. ഓഫീസിന് മുന്നിൽനിന്നും ആരംഭിച്ച ആഹഌദപ്രകടനം. മധുര വിതരണവുമുണ്ടായി. യുഡിഎഫ് വിടുന്നുവെന്ന മാണിയുടെ പ്രഖ്യാപനമെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ജില്ലയിൽ പലയിടങ്ങളിലും മാണിക്കെതിരെ യൂത്ത് കോൺഗ്രസും പ്രകടനവുമായി രംഗത്തെത്തി.

കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ ആറിലും മത്സരിച്ചത് മാണി വിഭാഗമായിരുന്നു. ഇതിൽ ഒരു സീറ്റെങ്കിലും കഴിഞ്ഞതവണ വിട്ടുതരണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥനയും ഫലിച്ചില്ല. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും മത്സരിച്ചപ്പോൾ കോൺഗ്രസിലെ മറ്റുനേതാക്കൾക്ക് മത്സരിക്കാനായി ജില്ലയിൽ അവശേഷിച്ചത് സംവരണമണ്ഡലമായ വൈക്കം മാത്രം.

കോട്ടയം ലോക്‌സഭാ സീറ്റും കേരള കോൺഗ്രസ്എമ്മിന്റെ കൈവശമാണ്. 'രണ്ടില'യ്ക്ക് വോട്ടുചെയ്യാനായി മാത്രമായി ജില്ലയിലെ പ്രവർത്തകരെ തളച്ചിടുന്നതിൽ വ്യാപക അമർഷമാണ് മുതിർന്ന കോൺഗ്രസ് നേതാക്കളിലുമുണ്ടായിരുന്നത്. പൂഞ്ഞാർ സീറ്റിൽ കണ്ണുവച്ച ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കുപോലും നിരാശനാകേണ്ടിവന്നു. എന്നാൽ, കോൺഗ്രസ് മോഹിച്ച സീറ്റുകളിൽ കേരള കോൺഗ്രസ് പതറിവീഴുന്നതാണ് പിന്നെ കണ്ടത്. പൂഞ്ഞാറിലും ഏറ്റുമാനൂരിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചതായി മാണിവിഭാഗം ആരോപിച്ചു. പാലായിൽ തന്നെ വീഴ്‌ത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ശുദ്ധികലശത്തിനുള്ള വേളയെന്നാണ് മാണിയുടെ പിരിഞ്ഞുപോകലിനെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. ഒരു മുന്നണിയിലുണ്ടായിരുന്നവരുടെ നേർക്കുനേർ പോരാട്ടത്തിനാവും ഇനി മധ്യതിരുവിതാംകൂർ സാക്ഷിയാകുക.

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ബന്ധം തുടരുമെന്നാണ് മാണി അറിയിച്ചിരിക്കുന്നത്. പറ്റില്ലെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും പറഞ്ഞു കഴിഞ്ഞു. ഇതോടെ യുഡിഎഫ് മുന്നണി ബന്ധം വിച്ഛേദിച്ചതിന്റെ ആദ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലാണ്. മുന്നണിധാരണകൾ പാലിച്ചു മുന്നോട്ടു പോകുമെന്നാണു കെ.എം മാണിയുടെ പ്രഖ്യാപനമെങ്കിലും മുന്നണിവിട്ടശേഷം സഹകരണം വേണ്ടെന്നാണു യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ വ്യക്തമാക്കിയത്. ഇതോടെ ഏതാനും ജില്ലകളിൽ പ്രാദേശിക രാഷ്ട്രീയം നീറിപ്പുകയുമെന്നുറപ്പായി.

കേരള കോൺഗ്രസ് ശക്തികേന്ദ്രമായ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും കോൺഗ്രസും ചേർന്നു ഭരിക്കുന്നതു ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 40 പഞ്ചായത്തുകളാണ്. ഒൻപതു ബ്ലോക്ക് പഞ്ചായത്തിൽ ഒൻപതിലും ഇരുവരും ചേർന്നു ഭരിക്കുന്നു. പാലാ നഗരസഭയിൽ കേരള കോൺഗ്രസിനു മാത്രമായി ഭൂരിപക്ഷമുണ്ട്. തദ്ദേശസ്വയംഭരണത്തിൽനിന്നു വേർപിരിയാൻ തീരുമാനമുണ്ടായാൽ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭരണനഷ്ടമുണ്ടാകുന്ന ജില്ല കോട്ടയമാകും.

കേരള കോൺഗ്രസ് പ്രസിഡന്റ് പദത്തിലുള്ള പാലാ നഗരസഭ ഒഴികെ 16 പഞ്ചായത്തുകളിലും ഭരണനഷ്ടമുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷന്മാരുള്ള 24 പഞ്ചായത്തുകളിൽ 14 സ്ഥലത്തെങ്കിലും കോൺഗ്രസിനും ഭരണനഷ്ടമുണ്ടാകും. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 21 സീറ്റിൽ കോൺഗ്രസ് എട്ട്, കേരള കോൺഗ്രസ് ആറ് എന്നതാണു നില. ഇരുവരും പിരിഞ്ഞാൽ ജില്ലാ പഞ്ചായത്തും യുഡിഎഫിനു നഷ്ടമാകും.

കോട്ടയം നഗരസഭയിൽ കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്തിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലും കേരള കോൺഗ്രസ് പിന്തുണയില്ലെങ്കിൽ യുഡിഎഫ് ഭരണം അനിശ്ചിതത്വത്തിലാകും. ഇടുക്കിയിലെ മൂന്നു ബ്ലോക്ക് പ!ഞ്ചായത്തുകളിലും 10 ഗ്രാമ പഞ്ചായത്തുകളിലും കേരള കോൺഗ്രസ് (എം) പിന്തുണയിലാണു കോൺഗ്രസ് പ്രസിഡന്റുമാർ ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കട്ടപ്പന നഗരസഭയിലെ രണ്ടു ടേമുകളിലും കോൺഗ്രസിനാണ് അധ്യക്ഷപദവി.

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൊടുപുഴയിൽ മൂന്ന് അംഗങ്ങളുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫിലെ നിർണായക ശക്തിയാണ്. ഇടുക്കിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലാണു കേരള കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനമുള്ളത്. പി.ജെ.ജോസഫ് എംഎൽഎയുടെ തട്ടകമായ പുറപ്പുഴ പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) ഒറ്റയ്ക്കാണു ഭരണം. ശേഷിക്കുന്ന നാലു പഞ്ചായത്തുകളിൽ കോൺഗ്രസ് പിന്തുണയോടെയാണു കേരള കോൺഗ്രസ് (എം) പ്രസിഡന്റുമാർ തിരഞ്ഞെടുക്കപ്പെട്ടത്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരസഭയിലെയും പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോൽ പഞ്ചായത്തുകളിലെയും ഭരണത്തെ ബാധിക്കും. സ്വതന്ത്രൻ പ്രസിഡന്റ് ആയ കല്ലൂപ്പാറയിൽ കേരള കോൺഗ്രസ് (എം) എൽഡിഎഫിനെ പിൻതുണയ്ക്കുകയാണെങ്കിൽ ഭരണം എൽഡിഎഫിനു ലഭിക്കും. കവിയൂർ പഞ്ചായത്തിൽ കേരള കോൺഗ്രസിന്റെ ഏക അംഗം പ്രസിഡന്റ് ആണ്.

യുഡിഎഫിന് അഞ്ച് സീറ്റ് ഉണ്ടായിരുന്ന ഇവിടെ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായിരുന്നതിനാൽ കേരള കോൺഗ്രസ് (എം) അംഗം പ്രസിഡന്റ് ആവുകയായിരുന്നു. എറണാകുളം ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാകും. യുഡിഎഫ് ഭരണമുള്ള ആരക്കുഴ പഞ്ചായത്തിൽ കേരള കോൺഗ്രസിനു നാലും കോൺഗ്രസിനു മൂന്നും അംഗങ്ങളാണുള്ളത്.

മഞ്ഞള്ളൂർ പഞ്ചായത്തിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫ് ഭരണം. തൃശൂർ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന ഒരു നഗരസഭയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു പഞ്ചായത്തിലും കേരള കോൺഗ്രസ് നിലപാടു ഭരണത്തെ ബാധിക്കും. ഇരിങ്ങാലക്കുട നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നതു രണ്ടു കേരള കോൺഗ്രസ് (എം) അംഗങ്ങളുടെ കൂടി പിന്തുണയിലാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കു 19 വീതം സീറ്റാണ് ഇവിടുള്ളത്.

പാവറട്ടി പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചത് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെയും കേരള കോൺഗ്രസിന് അംഗമുണ്ട്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റേതാണു ഭൂരിപക്ഷം. കേരള കോൺഗ്രസ് നിലപാട് ഇവിടെ നിർണായകമാകും. ആലപ്പുഴ ജില്ലയിൽ കേരള കോൺഗ്രസിന് 26 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജില്ലാ പഞ്ചായത്തിൽ ഒന്നും ബ്ലോക്ക് പഞ്ചായത്തിൽ മൂന്നും നഗരസഭകളിൽ ഒൻപതും അംഗങ്ങളുണ്ട്.

ആറു സ്ഥിരം സമിതികളും രണ്ടു വൈസ് പ്രസിഡന്റുമാരുമുണ്ട്. ചേർത്തല, ചെങ്ങന്നൂർ നഗരസഭകളിലും തലവടി, മാന്നാർ, പള്ളിപ്പാട് ഗ്രാമ പഞ്ചായത്തുകളിലും ഭരണം നിലനിർത്താൻ കേരള കോൺഗ്രസ് പിന്തുണ യുഡിഎഫിന് ആവശ്യമുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഭരിക്കുന്നത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ കേരള കോൺഗ്രസിനു രണ്ടു സീറ്റുണ്ട്.

ഫലത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങളുടെ ഗുണഭോക്താക്കളായി എൽഡിഎഫ് മാറുമെന്നത് തീർച്ചയാണ്. ഇതിനിടെ മാണിയെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളുമായി എൻഡിഎയും സജീവമാണ്. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനമെന്ന ഓഫർ ഉറപ്പായാൽ എൻഡിഎ മുന്നണിക്കൊപ്പം ചേക്കേറാനാണ് മാണിയുടെ നീക്കം.