- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണങ്ങൾ പെരുകുന്നു; കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ കോവിഡ് ബാധിച്ച് മരിച്ചു.
കോട്ടയം: കോവിഡിന്റെ രണ്ടാംവരവ് കേരളത്തിൽ മരണനിരക്ക് വർദ്ധിപ്പിക്കുകയാണ് . പ്രമുഖരടക്കം നിരവധിപേരാണ് അനുദിനം മരിക്കുന്നത്. കോട്ടയം നഗരസഭാ മുൻ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) കോവിഡ് ബാധിച്ച് അന്തരിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ വൈകീട്ട് നടന്നു.
ന്യൂമോണിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രൻ കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, കോട്ടയം ബസേലിയസ് കോളജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോട്ടയം നഗരസഭാഗം, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
വിദ്യാർത്ഥി, യുവജന പ്രക്ഷോഭങ്ങളിൽ മുന്നണി പോരാളിയായിരുന്നു. പരേതരായ നീലകണ്ഠൻ നായരുടെയും ശങ്കരിയമ്മയുടെയും മകനാണ്. ഭാര്യ: പ്രസീദ (വാകത്താനം സർവിസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ). മകൻ: ഭഗത് ചന്ദ്രൻ (പ്ലസ് വൺ വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം മാധവൻപടി).
നിര്യാണ വാർത്തയറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ മെഡിക്കൽ കോളജിലെത്തി. മുൻ കേന്ദ്ര മന്ത്രി വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.സി. ജോസഫ്, കുര്യൻ ജോയ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ