കോട്ടയം: പട്ടാപ്പകൽ വീട്ടമ്മയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വിളിച്ചുവരുത്തി ക്രമസമാധാനച്ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാനഭംഗപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ. അതുകൊണ്ട് കൂടിയാണ് പൊലീസ് സേനയുടെ മുഖം നഷ്ടപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട കോട്ടയം ഡിവൈ.എസ്‌പി: ആന്റണിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചതും. കോട്ടയം ടൗണിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സോണിയാഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനിടെ ഡിവൈ.എസ്‌പി. അപ്രത്യക്ഷനാകുകയായിരുന്നു. തുടർന്നായിരുന്നു പരാതിക്കാസ്പദമായ സംഭവം പൊലീസ് ക്വാർട്ടേഴ്‌സിൽ അരങ്ങേറിയത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ ഡിവൈ.എസ്‌പി. വിളിച്ചുവരുത്തുകയായിരുന്നെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ സ്ഥീകരിച്ചു. ഡിവൈ.എസ്‌പിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ സൈബർ വിഭാഗം പരിശോധിച്ച് തെളിവ് കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. പട്ടാപ്പകൽ വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി പൊലീസ് ക്വാർട്ടേഴ്‌സിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ചാമംപതാൽ തോട്ടുങ്കൽ സ്വദേശിയായ 34 കാരിയാണ് ഡിവൈ.എസ്‌പി ആന്റണിക്കെതിരെ പരാതി നല്കിയത്. പൊൻകുന്നത്ത് ഇന്റർനെറ്റ് കഫേ നടത്തിവരികയാണ് യുവതി. മണർകാട്ടേയ്ക്ക് മൊബൈലിൽ വിളിച്ചുവരുത്തിയശേഷം സ്വന്തം കാറിൽ മുട്ടമ്പലത്തെ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് ഡിവൈ.എസ്‌പി.യുടെ പീഡനം. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഈ സംഭവത്തെ എടുത്തിരിക്കുന്നത്. വീട്ടിൽ യുവതി എത്തിയകാര്യം ഡിവൈഎസ്‌പിയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ മേലധികാരി വിളിച്ചതിനെതുടർന്ന് ഡിവൈ.എസ്‌പി ക്ക് പോകേണ്ടി വന്നു. യുവതിയെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഡിവൈ.എസ്‌പി പുറത്തു പോയത്. മൂന്നു മണിക്കൂറോളം തനിക്ക് മുറിയിലെ തടങ്കലിൽ കഴിയേണ്ടിവന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും തടഞ്ഞുവച്ചതിനുമാണ് ഡിവൈ.എസ്‌പിയ്‌ക്കെതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. ഡിവൈ.എസ്‌പിയുടെ മൊബൈൽ ഫോൺ പരിശോധനയിൽ അന്നേദിവസം പലപ്രാവശ്യം യുവതിയെ വിളിച്ചിരുന്നതായും ദീർഘനേരം സംസാരിച്ചിരുന്നതായും സൈബർ വിഭാഗം കണ്ടെത്തിയിരുന്നു.

മണിമല സി.ഐ ആയിരിക്കെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ടി.എ.ആന്റണി യുവതിയുമായി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവും അദ്ദേഹത്തിന്റെ സഹോദരനും തമ്മിലുള്ള കേസിൽ യുവതിയുടെ ഭർത്താവിന് അനുകൂലമായ നിലപാടാണ് ആന്റണി സ്വീകരിച്ചത്. ഇതോടെ ഇരുവരും അടുക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ക്വാർട്ടേഴ്‌സിൽവച്ച് പീഡിപ്പിച്ച വിവരം വീട്ടമ്മ ഭർത്താവിനെ അറിയിച്ചതിനെതുടർന്ന് ഇരുവരും ചേർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്. എന്നാൽ വർഷങ്ങളായി യുവതിയെ പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നുമാണ് ഡിവൈ.എസ്‌പി ജില്ലാ പൊലീസ് ചീഫിനോട് വ്യക്തമാക്കിയതെന്നറിയുന്നു. തന്റെ ഓഫീസ് സ്റ്റാഫിനെ വിളിച്ച് നിരന്തരം യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും അതിനാലാണ് ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയതെന്നുമാണ് ഡിവൈ.എസ്‌പി നൽകിയ വിശദീകരണം.

സോണിയ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഡിവൈ.എസ്‌പി സ്ഥലത്തുനിന്ന് മാറിനിന്നത് ഗുരുതരമായ വീഴ്ചയായി ഡിജിപി വിലയിരുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് വിവരം ഫാക്‌സ് സന്ദേശത്തിലൂടെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് അയച്ചു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി ഉടൻ നടപടി എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

കോട്ടയം വാഴൂർ സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം അഡ്‌മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്‌പിക്കാണ് പകരം ചുമതല. സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ആന്റണിക്കെതിരെ കേസെടുത്തു. സോണിയാ ഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനിടെ ആന്റണി സ്ഥലത്തുനിന്നു അപ്രത്യക്ഷനാകുകയായിരുന്നു. തുടർന്നാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.