കോട്ടയം: സ്മാർട്ട് സിറ്റിയും കണ്ണൂർ വിമാനത്താവളവുമൊക്കെ ഉദ്ഘാടനം ചെയ്തു ക്ഷീണിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ യഥാർഥ പിൻഗാമി ആരെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം കിട്ടിയ ഉത്തരമാണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നത്. കോട്ടയത്തെ കെഎസ്ആർടിസി ഗാരേജിന്റെ 'പുതിയ മുഖ'മാണ് തിരുവഞ്ചൂർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തയ്‌ക്കൊപ്പം പത്രങ്ങളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്നത് വകുപ്പുമന്ത്രിയുടെയും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും മുഖമാണ്. ഗാരേജിന്റെ പുതിയ മുഖം ഒരിടത്തും കാണാനുമില്ല.

'കാണിക്കാൻ പറ്റില്ലല്ലോ....മുഖം പോയിട്ട് ഉടൽ പോലും ആയിട്ടില്ല ഈ ഗാരേജിന്' എന്നു നാട്ടുകാർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഗാരേജിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ചിത്രവും പുറത്തുവന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ പിൻഗാമി തിരുവഞ്ചൂർ തന്നെയെന്ന പരിഹാസം ഉയർന്നത്.

കണ്ണൂർ വിമാനത്താവളവും സ്മാർട്ട് സിറ്റിയും പോലെയാണു കോട്ടയം കെഎസ്ആർടിസി ഗാരേജ് ഉദ്ഘാടനവുമെന്ന് ചിത്രങ്ങൾ തെളിയിക്കുന്നു. ഉദ്ഘാടനം നടത്തിയത് ബസ് സ്റ്റാൻഡിൽ കെട്ടിയ പന്തലിലെ സ്റ്റേജിലാണ്. മാത്രമല്ല, ഉദ്ഘാനത്തിനു തയ്യാറാക്കിയ ബഹുവർണ്ണ നോട്ടീസിൽ ബസ്സുകൾ നിരത്തിയിട്ടിരിക്കുന്ന പുതിയ ഗാരേജിന്റെ ഗംഭീരചിത്രവുമുണ്ട്. എന്നാൽ, ഇതൊന്നും യഥാർഥത്തിൽ അവിടെ ഇല്ലെന്ന സത്യവും പുറത്തുവന്ന മറ്റു ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

അതിനിടെ, പുതുതായി വന്ന സ്‌കാനിയ ബസിന്റെ സർവീസ് ഉദ്ഘാടനം ചെയ്യാൻ അതിൽ തന്നെ നഗരം ചുറ്റിയ മന്ത്രിക്കും പരിവാരങ്ങൾക്കും പണി കിട്ടുകയും ചെയ്തു. കഴിഞ്ഞദിവസം ഉദ്ഘാടനം നടത്തിയ പാലത്തിനു സമീപം വാരിക്കുഴിയിൽ അകപ്പെട്ട് ബസ് ഒരു വഴിക്കാകുകയും ചെയ്തു. സാരമായ പ്രശ്‌നമുള്ളതിനാൽ അതിന്റെ പണി തീർക്കാൻ സമയമെടുക്കും. അതുകൊണ്ടു തന്നെ കോട്ടയം ഡിപ്പോയിൽ നിന്നുള്ള സ്‌കാനിയ സർവീസ് വൈകുമെന്നുമാണ് സൂചന.