- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെ
കോട്ടയം: ജോസ് കെ മാണിയെ ഒപ്പം കൂട്ടിയുള്ള ഇടതു മുന്നണിയുടെ രാഷ്ടീയ ബലപരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ പരിക്കേറ്റത് സിപിഐക്ക്. ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനം പൂർത്തിയാക്കിയപ്പോൾ മുന്നണിയിലെ ഒന്നാം സ്ഥാനം സിപിഎമ്മിനൊപ്പം ജോസ് കെ മാണിയും പങ്കിട്ടു. ഇതോടെ ജില്ലയിൽ ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം സിപിഐക്ക് സാങ്കേതികമായി നഷ്ടമായി.
22 ഡിവിഷനുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റുകൾ നൽകാനാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനമായത്. 11 സീറ്റുകൾ നൽകണമെന്നായിരുന്നു ജോസ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അത് സിപിഎമ്മിനേക്കാൾ വലിയ പരിഗണന ആകുമെന്നതിനാൽ അതിന് ആരും തയ്യാറായില്ല.
സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകളിൽ മത്സരിക്കുമെന്നും ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരൊ സീറ്റിൽ വീതം മത്സരിച്ച ജനതാദൾ എസിനും എൻസിപിക്കും ഇത്തവണ സീറ്റ് ഇല്ല. വിജയ സാധ്യ നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ പറഞ്ഞു. ജില്ലയിൽ അപൂർവ്വ ഇടങ്ങളിൽ തർക്കം നിലനിൽക്കുന്നു. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പതിവിന് വിരുദ്ധമായി ഏറെ തർക്കങ്ങൾക്ക് ഒടുവിലാണ് കോട്ടയത്ത് എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായത്. മുന്നണിയിലെ പുതിയ കക്ഷിയായ ജോസ് വിഭാഗത്തിന് നൽകുന്ന സീറ്റിന് സംബന്ധിച്ചായിരുന്ന് തർക്കം. 11 സീറ്റിൽ അവകാശ വാദം ഉന്നയിച്ച ജോസ് വിഭാഗം 9 സീറ്റിൽ തൃപ്തിപെടുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഒരണ്ണം മാത്രമേ വിട്ട് നൽകൂ എന്ന നിലപാടിലായിരുന്നു സിപിഐ. ഒരു സീറ്റുകൂടി വിട്ടുകൊടുക്കണമെന്ന നിർദ്ദേശമാണ് സിപിഐഎം സിപിഐക്ക് മുന്നിൽ വെച്ചത്. എന്നാൽ, സിപിഐയുടെ നിലപാടാണ് മുന്നണി അംഗീകരിച്ചത്.
സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേർന്നിരുന്നെങ്കിലും തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും യോഗം ചേർന്നത്. ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാല മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് സിപിഐ. അതേസമയം ജില്ലാ പഞ്ചായത്തിൽ 11 ഉം പാലായിൽ 13 സീറ്റുമാണ് കേരളാ കോൺഗ്രസ് ചോദിച്ചിരിക്കുന്നത്.
ഇതോടെ സിപിഐഎമ്മും കേരള കോൺഗ്രസും മത്സരിക്കുന്ന സീറ്റുകൾ തുല്യമായിരിക്കുകയാണ്. ഇടതു മുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ വരവ് അത്രകണ്ട് മോശമായില്ലെന്നാണ് സീറ്റു വിഭജന കാര്യത്തിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. മറുവശത്ത് യുഡിഎഫിനുള്ളിലെ തർക്കങ്ങൾ ഇനിയും തീർന്നിട്ടില്ല. മുസ്ലിംലീഗാണ് ഇവിടെ ഉടക്കുമായി രംഗത്തുള്ളത്.
മറുനാടന് മലയാളി ബ്യൂറോ