കോട്ടയം: അദ്ധ്യാപകനോട് പ്രണയം കടുത്ത പെൺകുട്ടി 'കാമുക'നെ തേടി കോട്ടയത്തെത്തി. ആന്ധ്രയിൽ നിന്നായിരുന്ന വരവ്. അദ്ധ്യാപകന് തന്നോട് പ്രണയമില്ലെന്നറിഞ്ഞ പെൺകുട്ടി പ്രതിസന്ധിയിലായി. ഇതോടെ വഴക്കം തുടങ്ങി. പെൺകുട്ടി ഇറങ്ങി പോവുകയും ചെയ്തു.

സംഭവം കണ്ട ഓട്ടോക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കോട്ടയം നഗരത്തിൽ കണ്ടെത്തി. ഒടുവിൽ പൊലീസിന്റെ ഇടപെടലിൽ ഇല്ലാത്ത പ്രണയം അവസാനിച്ചു. ആന്ധ്രക്കാരിയായ 17കാരിയാണ് കാമുകനെന്ന് കരുതിയ അദ്ധ്യാപകനെ തേടി കോട്ടയത്തെത്തിയത്. ഭാര്യയും മക്കളുമുള്ള അദ്ധ്യാപകന് പെൺകുട്ടിയോട് പ്രണയമില്ലെന്ന് പറയുന്നു. 

കണക്ക് പഠിപ്പിക്കുന്നതിനായി ഇയാൾ കഴിഞ്ഞയാഴ്ചയാണ് കോട്ടയത്തെത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ലോഡ്ജിൽ താമസിച്ചിരുന്ന അദ്ധ്യാപകനെ തേടി ബുധനാഴ്ച വൈകീട്ടോടെയാണ് പെൺകുട്ടിയെത്തിയത്. മുറിയിലെത്തിയ പെൺകുട്ടിയും അദ്ധ്യാപകനുമായി വാക്കുതർക്കമുണ്ടാവുകയും പെൺകുട്ടി പിണങ്ങിപ്പോവുകയുമായിരുന്നു. ഇതാണ് ഓട്ടോ ഡ്രൈവർമാർ കണ്ടത്.

പെൺകുട്ടിയെ കാണാതായെന്ന് വീട്ടുകാർ നേരത്തെ ആന്ധ്രയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോട്ടയത്ത് പെൺകുട്ടി പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ച് ആന്ധ്രാ പൊലീസിന് കൈമാറി.

പൊലീസ് അറിയിച്ചതനുസരിച്ച് വീട്ടുകാർ വ്യാഴാഴ്ചയെത്തി പെൺകുട്ടിയെ കൂട്ടിക്കാണ്ടുപോകും. ഇപ്പോൾ പെൺകുട്ടി വനിതാ പൊലീസിന്റെ കസ്റ്റഡിയിലാണ്.