- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാർട്ടേഴ്സിൽ വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും രാത്രിയിൽ യക്ഷി കറങ്ങി നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി താമസ സ്ഥല മാറ്റത്തിനുള്ള അപേക്ഷ; പ്രേതമെന്ന കാരണത്താൽ നടക്കില്ലെന്ന് അഡ്മിനിസ്ട്രേറ്ററും; പരാതി പറഞ്ഞ ജീവനക്കാരന് സസ്പെൻഷൻ; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും 'പ്രേത ശല്യം'
കോട്ടയം: ഗാന്ധിനഗറിലെ മെഡിക്കൽകോളേജ് ക്വാർട്ടേഴ്സിൽ പ്രേതശല്യമുണ്ടെന്ന് പരാതി നൽകിയ ജീവനക്കാരന് സസ്പെൻഷൻ. കോട്ടയം മെഡിക്കൽ കോളേജിന്റെ ഗൈനക്കോളജി ഒ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടടത്തിൽ നിന്നും രാത്രികളിൽ എന്നെ രക്ഷിക്കയ്ക്കണമെ എന്നുള്ള സ്ത്രിയുടെ നിലവിളികേൾക്കുന്നതായുള്ള സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലന്ന് വിലയിരുത്തലിൽ അന്വേഷണം എത്തിയിരുന്നു. ഇതിനിടെയാണ് പരാതിക്കാരന് സസ്പെൻഷൻ കിട്ടുന്നത്. അന്വേഷണത്തിൽ പ്രേതമില്ലെന്ന് തെളിഞ്ഞിട്ടും ആ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഈ ജീവനക്കാരൻ.
അർദ്ധരാത്രിയായാൽ പ്രേതശല്യമുണ്ടെന്നും ഉറങ്ങാൻ കഴിയാറില്ലെന്നുമാണ് ജീവനക്കാരൻ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്. എന്നാൽ പരാതി നൽകാനെത്തിയ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതോടെ സസ്പെൻഡ് ചെയ്യുകയായിരുന്നു. താമസിക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, രാത്രിയിൽ ഇവരുടെ പ്രേതം ഈ പ്രദേശത്തു കറങ്ങിനടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരൻ പരാതി നൽകിയത്. പല ദിവസങ്ങളിലും പ്രേതം നടന്നുപോകുന്നത് കണ്ടതായും പരാതിയിലുണ്ട്. ഈ കാരണം കൊണ്ട് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നുമാണ് പരാതിയിൽ ഉന്നയിച്ചത്.
എന്നാൽ പ്രേതമുണ്ട് എന്ന കാരണത്താൽ ക്വാർട്ടേഴ്സ് മാറ്റി തരാനാകില്ലെന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റർ ചൂണ്ടിക്കാണിച്ചത്. കെട്ടിടത്തിന് ചോർച്ചയോ മറ്റെന്തെങ്കിലും കാരണമോ എഴുതി നൽകാനും ആവശ്യപ്പെട്ടു. എന്നാൽ ഇതുകേട്ട് പരാതി നൽകാനെത്തിയയാൾ അഡ്മിനിസ്ട്രേറ്ററോട് തട്ടിക്കയറി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്ന് പ്രേതമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ താൻ പറയുന്നത് സത്യമാണെന്നും, പ്രേതത്തെ പലതവണ നേരിൽ കണ്ടതായും ജീവനക്കാരൻ പറയുന്നു. സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പരാതി നൽകുമെങ്കിലും ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ഇയാൾ പറയുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രേതമുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രികളിൽ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായാണ് പരാതി ഉയർന്നത്. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടത്. എന്നാൽ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാൻ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേർ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു. പരാതികൾ നിരവധി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്.
കെട്ടിടത്തിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് രാത്രികാലങ്ങളിലെത്തുന്ന പക്ഷി ചിലയ്ക്കുന്ന ശബ്ദം മാത്രമാണ് ഇവിടെ കേൾക്കുന്നതെന്നും ഈർപ്പം മൂലം ഉണ്ടായ തകരാറാണ് കെട്ടിടത്തിന്റെ വാതിൽ അടയാതിരുന്നതിന് കാരണമെന്നും സംശയിക്കത്തക്ക സാഹചര്യം നിലവില്ലന്നുമാണ് മെഡിക്കൽ കോളേജ് സെക്യൂരിറ്റി വിഭാഗവും പൊലീസും സംയുക്തമായി നടത്തീയ നിരീക്ഷണത്തിൽ വ്യക്തമായത്. കെട്ടിടത്തിൽ നിന്നും അർദ്ധരാത്രിയിൽ എന്നെ രക്ഷിക്കണമെ എന്ന് സ്ത്രീ ശബ്ദത്തിൽ നിലവിളി കേൾക്കുന്നതായുള്ള ആരോപണം ഏറെ ഭീതിയുണ്ടാക്കിയിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ കെട്ടിടത്തിലേയ്ക്ക് തിരിച്ച് സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ചിരുന്നു. കെട്ടിടത്തിന്റെ കുറച്ചുഭാഗത്ത് ഇരുട്ടുണ്ട്്. കാമറയിൽപ്പെടാതെ ഭിത്തിയോട് ചേർന്ന് നടന്നാൽ ഈ ഭാഗത്തെത്താമെന്ന നിരീക്ഷണവും അധികൃതരുടെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. അതിനാൽ പ്രദേശത്ത് ശക്തമായ നിരീക്ഷണത്തിന് ഹോസ്പിറ്റൽ സെക്യൂരിറ്റി വിഭാഗത്തിന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് സെക്യൂരിറ്റി വിഭാഗം ചീഫിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾ നീണ്ട കർശനനിരീക്ഷണത്തിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല എന്നാണ് സെക്യൂരിറ്റി വിഭാഗം ഉന്നതാധികൃതരെ അറിയിച്ചത്. കെട്ടിടത്തിന് സമീപത്തെ 12 ഏക്കറോളം ഭൂമി കാടുകയറി കിടക്കുകയാണ്. രത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് വെറുതെ ഒരു രസത്തിന് ആരെങ്കിലും ശബ്ദം പുറപ്പെടുവിച്ച ശേഷം മാറിനിന്നതാണോ എന്നായിരുന്നു ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും പ്രധാന സംശയം.
ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുള്ള അതിഥിത്തൊഴിലാളികളിൽ ചിലർ ഇവിടെ തങ്ങുന്നതായുള്ള വിവരവും അധികൃതർക്ക് ലഭിച്ചിരുന്നു. ഇവരുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഇതിന് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ