- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി ജീവനക്കാർ നീതുവിനെ സഹായിച്ചിട്ടില്ല; ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യ മന്ത്രിക്കു റിപ്പോർട്ട് നൽകും! അന്വേഷണത്തിന് മുമ്പ് നിലപാട് പ്രഖ്യാപിച്ച അഡീഷണൽ ഡയറക്ടർ; അമ്മയെ കബളിപ്പിച്ച് കുട്ടിയുമായി അശ്വതി കടന്നത് വെറും ആറു മിനിറ്റ് കൊണ്ട്; കൂട്ടിരിപ്പുകാരെ തല്ലിചതയ്ക്കുന്ന സെക്യൂരിറ്റിക്കാർ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു; മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത്
കോട്ടയം: 'ആശുപത്രി ജീവനക്കാർ നീതുവിനെ സഹായിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യ മന്ത്രിക്കു റിപ്പോർട്ട് നൽകും' മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ വാക്കുകളാണ് ഇത്. അന്വേഷണം തുടങ്ങും മുമ്പ് തന്നെ റിപ്പോർട്ട് എന്തായിരിക്കുമെന്ന് പറയുന്ന അഡീഷണൽ ഡയറക്ടർ. അതായത് ഇനി ആരേയും കുറ്റക്കാരാക്കാൻ പാടില്ലെന്ന നിർദ്ദേശം കിട്ടയ ശേഷമാണ് അന്വേഷണത്തിന് ഉദ്യോഗസ്ഥൻ കോട്ടയം മെഡിക്കൽ കോളേജിലെത്തിയത് എന്ന് വ്യക്തം.
കേരളത്തിലെ മെഡിക്കൽ കോളേജുകളെ നിയന്ത്രിക്കുന്നത് മാഫിയകളാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തിൽ ആശുപത്രി വികസന സമിതികളുടെ മറവിൽ ജോലിക്ക് കയറുന്നവരാണ് മെഡിക്കൽ കോളേജുകളെ ഭരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും വരെ ഇവരെ ഭയമാണ്. ഇതിന്റെ ആകെ തുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകലും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയേയും കൂട്ടിരിപ്പുകാരേയും മർദ്ദിക്കുന്ന സെക്യൂരിറ്റിക്കാരുടെ ചിത്രം മലയാളിയുടെ മനസ്സിൽ വേദനയാണ്. എന്നാൽ കോട്ടയത്ത് തല്ലുന്ന സെക്യൂരിറ്റി പോയിട്ട് നോക്കുന്ന സുരക്ഷാ ജീവനക്കാർ പോലുമില്ല.
തിരുവനന്തപുരത്തും കോഴിക്കോടും കോട്ടയത്തുമെല്ലാം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാണ് മെഡിക്കൽ കോളേജ്. ആശുപത്രി വികസന സമിതികളിലൂടെ ഇഷ്ടക്കാർക്കെല്ലാം ജോലി നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിആർ ഫാൻസ് എന്ന് അറിയപ്പെടുന്ന ഗൂഡ സംഘമാണ് എല്ലാം നിയന്ത്രിക്കുന്നത്. സെക്യൂരിറ്റിക്കാരെ പോലും ക്രിമിനലായവരെ നിയമിക്കുന്നു. ഒരു വീട്ടിലെ നാലു പേരും മെഡിക്കൽ കോളേജിൽ വിവിധ പ്രോജക്ടിലായി സസുഖം ജോലിയും നോക്കുന്നു. ഇങ്ങനെ കടന്നുകൂടുന്നവർ ആരേയും ഭയക്കുന്നില്ല. ഇതാണ് മെഡിക്കൽ കോളേജുകളെ എന്തും നടക്കുന്ന കേന്ദ്രങ്ങളാക്കുന്നത്. പ്രൊഫഷണലുകളെ മെഡിക്കൽ കോളേജുകൾക്ക് താഴെ തട്ടിൽ നഷ്ടമാകുകയാണ്.
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ ഒന്നാം നിലയിലെ വാർഡിൽ എത്തി അശ്വതിയെ കബളിപ്പിച്ച് കുഞ്ഞുമായി പുറത്തിറങ്ങാൻ പ്രതി നീതു രാജിനു വേണ്ടിവന്നത് 6 മിനിറ്റ് മാത്രമാണ്. ആരും തടഞ്ഞതുമില്ല, ഒന്നും ചോദിച്ചതുമില്ല. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ എന്തെങ്കിലും ആവശ്യത്തിന് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇങ്ങനെ പോകാനാകില്ല. അതുകൊണ്ട് തന്നെ ആശുപത്രിയിലെ ആരോ നീതുവിനെ സഹായിച്ചുവെന്ന സംശയം ശക്തമാണ്. രാഷ്ട്രീയ ബന്ധമുള്ളവർ കുടുങ്ങുമെന്നതിനാൽ അന്വേഷണത്തിന് ആരും തയ്യാറല്ല.
വ്യാഴം ഉച്ചയ്ക്ക് 2.52ന് ആണ് നഴ്‌സിന്റെ വേഷത്തിൽ നീതു മകനെയും കൂട്ടി ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്നത്. മകനെ താഴത്തെ നിലയിൽ വിശ്രമ സ്ഥലത്തെ കസേരയിൽ ഇരുത്തി ഒന്നാം നിലയിലേക്ക് പടികൾ കയറിപ്പോയി. ഈ സമയം അവിടെയുണ്ടായിരുന്ന 2 സുരക്ഷാ ജീവനക്കാരും നീതുവിനെ ശ്രദ്ധിച്ചില്ല. 2.58നു നീതു വേഗം പടിയിറങ്ങി വന്നു. കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് ഇറങ്ങിവന്ന നീതു മകനെയും കൂട്ടി കവാടം കടന്നു പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അരും തടഞ്ഞില്ല. ഇതിന് കാരണം നീതുവിനെ അവിടെയുള്ളവർക്ക് നേരത്തെ അറിയാമായിരുന്നോ എന്ന സംശയമാണ് ശക്തമാകുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു നവജാത ശിശുവിനെ മോഷ്ടിച്ച സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരി എസ്.ടി.മിനിയെ സസ്‌പെൻഡ് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാ ബീവി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. തോമസ് മാത്യു അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിക്കു വീഴ്ച സംഭവിച്ചതായി ആശുപത്രി ആർഎംഒ ഡോ. ആർ.പി.രഞ്ജിൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നീതു കുഞ്ഞിനെയും തട്ടിയെടുത്തു കടന്നു പോകുന്നത് സുരക്ഷാ ജീവനക്കാരി ശ്രദ്ധിച്ചില്ലെന്ന കാര്യം സിസിടിവി ദൃശ്യത്തിൽ നിന്നു വ്യക്തമായതിനെ തുടർന്നാണ് സസ്‌പെൻഷൻ.
മറുനാടന് മലയാളി ബ്യൂറോ