കോട്ടയം: 'ഹൃദയം കൈമാറുന്ന' പ്രണയദിനത്തിൽ കരൾ പ്രിയതമന്. ഭാര്യ പകുത്തു നൽകിയ കരൾ ഭർത്താവിൽ വച്ചുപിടിപ്പിക്കുന്ന കരൾമാറ്റ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തേതും സംസ്ഥാനത്തെ സർക്കാർ മേഖലയിലെ രണ്ടാമത്തേതുമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണു സർക്കാർ മേഖലയിൽ ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. പൊതു ജനാരോഗ്യത്തിൽ നിർണ്ണായക കാൽവയ്‌പ്പാണ് ഈ ശസ്ത്രക്രിയ.

മെഡിക്കൽ കോളജ് ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. എല്ലാത്തിനും നേതൃത്വം നൽകിയത് ജനകീയ ഡോക്ടറായ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ടികെ ജയകുമാറും. നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ നടത്തി പുതു ചരിതം രചിച്ച ജയകുമാറിന്റെ നേതൃമികവും പ്രചോദനവുമാണ് ഡോ ആർ എസ് സിന്ധുവിനും കരുത്ത് നൽകുന്നത്.

തൃശൂർ കുന്നംകുളം, വേലൂർ കോട്ടപ്പടി, വട്ടേക്കാട്ടിൽ സുബീഷിന്റെ (42) കരൾ മാറ്റിവയ്ക്കലാണ് പൂർത്തിയായത്. ഭാര്യ പ്രവിജ (39) യാണു കരൾദാതാവ്. ശസ്ത്രക്രിയ 17 മണിക്കൂർ നീണ്ടു. പ്രവിജയുടെ കരളിന്റെ ഇടതുഭാഗത്തെ 40% ഭാഗം ശസ്ത്രക്രിയ ചെയ്‌തെടുത്തു. ഒപ്പം സുബീഷിന്റെ കരളിൽനിന്നു നീക്കം ചെയ്യേണ്ട ഭാഗവും മാറ്റി. വൈകിട്ട് അഞ്ചരയോടെ ഭാര്യയുടെ കരളിന്റെ ഭാഗം സുബീഷിനു വച്ചുപിടിപ്പിക്കുന്ന നടപടി തുടങ്ങി. രാത്രി 9.14നു പ്രവിജയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ഐസിയുവിലേക്കു മാറ്റി.

കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂർ നീണ്ടു.സർക്കാർ ആശുപത്രികളിൽ ലൈവ് ഡോണർ (ജീവിച്ചിരിക്കുന്നയാൾ കരൾ നൽകുന്ന രീതി) ആയിട്ടുള്ള ആദ്യ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ നടന്നത്. ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും അത് മരിച്ചയാളുടെ കരൾ വച്ചുപിടിപ്പിക്കുകയായിരുന്നു. മാത്രമല്ല, ശസ്ത്ര ക്രിയ വിജയകരമായിരുന്നുമില്ല.

രാത്രി 10.30നു സുബീഷിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം വെന്റിലേറിലേക്കു മാറ്റിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ പറഞ്ഞു. ഇനി 48 മണിക്കൂർ നിർണായകമാണ്. പുതിയ കരൾഭാഗത്തോടു സുബീഷിന്റെ ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിച്ച് കരളിന്റെ പ്രവർത്തനം സുഗമമാക്കുകയാണു ചികിത്സയിലെ മറ്റൊരു പ്രധാന ഘട്ടം. പഴക്കട നടത്തുന്ന സുബീഷ് 6 വർഷമായി കരൾ രോഗത്തിനു ചികിത്സയിലാണ്. കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പ്രശ്‌ന പരിഹാരം ഡോക്ടർ നിർദ്ദേശിച്ചപ്പോൾ ഭാര്യ തന്നെ കരൾ കൊടുക്കാൻ മുമ്പോട്ട് വരികയായിരുന്നു.

ഒരു പറ്റം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ടെക്നീനീഷ്യന്മാരുടെയും കഠിന പ്രയത്നമാണ് കോട്ടയത്തെ ശസ്ത്രക്രിയയെ വിജയത്തിലെത്തിച്ചത്. ഡോ. ഡൊമിനിക് മാത്യു, ഡോ.ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി , ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, ഗസ്സ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ് സിന്ധു, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്സ് സുമിത, നഴ്സുമാരായ അനു, ടിന്റു, ജീമോൾ, തീയേറ്റർ ടെക്നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ, മനോജ് കെ.എസ് , ഓപ്പറേഷൻ തിയേറ്റർ ഹെഡ് നഴ്സ് ഗോകുൽ, ഐ.സി.യു സീനിയർ നഴ്സ് ലിജോ , ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാന്റ് കോ ഓഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു, സീനിയർ നഴ്സ് മനു, ടെക്നീഷ്യന്മാരായ സാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത് . മുഴുവൻ സമയവും ഇവർക്ക് നിർദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും ഉണ്ടായിരുന്നു.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന് തുല്യമായ നേട്ടം! ലോകത്ത് ആദ്യമായി ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ, 1967ൽ ദക്ഷിണാഫ്രിക്കയിൽ നടന്നപ്പോൾ, ശാസ്ത്രലോകം വിലയിരുത്തിയത് അങ്ങനെ ആയിരുന്നു. പ്രധാന ആശുപത്രികളിൽ നിന്ന് വളരെ ദൂരെയുള്ള ഒന്നിൽ, ഒട്ടും അറിയപ്പെടാതിരുന്ന ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ് എന്ന സർജനാണ് ഈ ഓപ്പറേഷൻ നടത്തി ലോകത്തെ ഞെട്ടിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റി ഡോക്ടറായി അദ്ദേഹം മാറി. അപ്പോഴും തന്റെ കടമയും സാമൂഹിക ഉത്തരവാദിത്വവും ആ മുനഷ്യസ്‌നേഹി മറന്നില്ല. ിതേ പാതയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർ ടികെ ജയകുമാറിന്റേയും യാത്ര. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത്് ചരിത്രം സൃഷ്ടിച്ച, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാർ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലും നേതൃപരമായ മികവ് കാട്ടുന്നത്..

യാദൃച്ഛികമെങ്കിലും, പ്രണയിനികൾ സമ്മാനങ്ങൾ കൈമാറുന്ന വാലന്റൈൻസ് ഡേയിലാണ് പ്രവിജ സ്വന്തം കരൾ ഭർത്താവിന് പകുത്തുനൽകിയത്. പഴക്കച്ചവടക്കാരനായ സുബീഷിന് ആറ് വർഷം മുൻപ് കരൾ രോഗം കണ്ടെത്തിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം ചികിത്സ നടത്തി. ചെലവുകൾ താങ്ങാൻ പ്രയാസമായതിനാൽ കഴിഞ്ഞ വർഷം മുതൽ ചികിത്സ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

സ്വകാര്യ ആശുപത്രിയിൽ 30ലക്ഷം രൂപയിലേറെ രൂപ ചെലവുവരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപക്ക് ചെയ്തുകൊണ്ട്, സാധാരണക്കാർക്ക് പ്രാപ്യമായ രീതയിൽ ഈ മേഖലയെ ഡോ ജയകുമാർ മാറ്റിയെടുത്തു. മെഡിക്കൽ പ്രൊഫഷൻ വെറുമൊരു ജോലിയല്ല ഈ ഭിഷഗ്വരന്. ഒരുതരം ഭ്രാന്തമായ അഭിനിവേശം തന്നെയാണ്. അതുകൊണ്ടുതന്നെ വെറും രണ്ടോ മൂന്നോ മണിക്കുർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. കോട്ടയം മെഡിക്കൽ കോളജിനെ ഇന്ത്യയിലെ നമ്പർ വൺ എന്ന് പറയാവുന്ന രീതിയിൽ വളർത്തിയെടുത്തും ഇദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങൾ കൊണ്ടാണ്. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്ന ഇടപെടലാണ് ഇപ്പോഴത്തേത്.

നിർധനരായ രോഗികളുടെ അത്താണിയാണ് ഡോ. ജയകുമാർ. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും, പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വാങ്ങിയും, വണ്ടിക്കൂലി കൊടുത്തുമാണ് തീരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ രോഗികളെ സംബന്ധിച്ച് ജയകുമാർ വെറുമൊരു ഡോക്ടർ മാത്രമല്ല. തങ്ങളുടെ എല്ലാമാണ്.