കോട്ടയം : നാടിനെ നടുക്കിയ പാറമ്പുഴയിലെ കൂട്ടക്കൊലയിലെ പ്രതിയെന്നു സംശയിക്കപ്പെടുന്നാളിന്റെ യഥാർത്ഥ പേര് കണ്ടെത്താൻ പോലും പൊലീസിനായിട്ടില്ല. കേരളത്തിനു പുറത്ത് മൂന്നും കേരളത്തിനകത്ത് അഞ്ചും സംഘങ്ങളായി തിരിഞ്ഞ്് വൻപൊലീസ് സേന അഞ്ചു ദിവസമായി പ്രതിയെ തെരഞ്ഞുവരികയാണെങ്കിലും കൊലയാളിയെന്നു കരുതപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ പേരുപോലും കണ്ടെത്താനാവാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാണ്.

പ്രതിയെന്നു കരുതുന്ന നിഹാൽ സിങ് തങ്ങളുടെ കൈയെത്തും ദൂരത്താണെന്നു ഒരു വിഭാഗം പൊലീസുകാർ അവകാശപ്പെടുന്നുമുണ്ട്്. പ്രതിയെത്തേടി ഡൽഹിയിലും യുപിയിലും വലവിരിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു അതേസമയം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നു പോലും പണം വാങ്ങിയാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നത് മറ്റൊരു നാണക്കേട്. പ്രതിയെ തേടി മുംബൈയ്ക്കു പോയ സംഘത്തിനു വഴിച്ചെലവിന് പതിനായിരം രൂപ അന്വേഷണസംഘത്തിലുള്ള ഒരു പൊലീസുകാരന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കണമെന്നു പൊലീസിൽനിന്നു നിർദ്ദേശം വന്നതിനെത്തുടർന്നു കൊല്ലപ്പെട്ടവരുടെ അടുത്തബന്ധുക്കൾ പണം ഇട്ടുകൊടുക്കുകയായിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേന്നായിരുന്നു ഇത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ, തൊഴിലുടമകൾ നിർബന്ധമായും അന്യസംസ്ഥാന തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡും ഫോട്ടോയും സഹിതം അതതു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് കാണിച്ച അനാസ്ഥയാണ് ഇപ്പോൾ വിനയായിരിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളും തീവ്രവാദ സംഘടനകളിലെ പ്രവർത്തകരുമുണ്ടെന്ന നിഗമനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് മുമ്പു നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ 13 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തിയത്. യഥാർത്ഥസംഖ്യ ഇതിലും കൂടും. പക്ഷേ, ഇവരുടെ വിലാസമോ ജോലിയെടുക്കുന്ന സ്ഥലത്തെപ്പറ്റിയോ ഒരു രേഖയും ഇപ്പോൾ എവിടെയുമില്ല.

മിക്കവാറും തൊഴിലിടങ്ങളിൽ തന്നെയാണ് ഇവർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നതെന്നു കണ്ടെത്തിയിട്ടും ഇക്കാര്യത്തിൽ സർക്കാർ വലിയ അനാസ്ഥയാണ് തുടരുന്നതെന്ന് ആക്ഷേപമുണ്ട്. അച്ഛനും അമ്മയും യുവാവായ മകനും കൊല്ലപ്പെട്ട കുടുംബത്തിന്റെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലിക്കു നിന്ന ഫിറോസാബാദ് സ്വദേശി ജയ്‌സിങ്ങാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസ് പുറത്തുവിട്ട ആദ്യ വിവരം. എന്നാൽ ഫിറോസാബാദിലെ ഈ വിലാസത്തിൽ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് കാണാനായത് ജയ്‌സിങ്ങ് എന്ന വെറ്ററിനറി ഡോക്ടറെയാണ്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പേര് നിഹാൽ സിങ്ങ് എന്നാണന്നു കണ്ടെത്തിയിട്ടുണ്ട് എന്നാൽ ഈ പേരും യഥാർത്ഥമാണോയെന്ന് ഉറപ്പില്ല. ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇയാൾ ഫോൺ നമ്പർ സ്വന്തമാക്കിയത് വ്യാജ മേൽ വിലാസത്തിലാണോയെന്നാണ് പൊലീസിന്റെ സംശയം.

അതേസമയം കൊല്ലപ്പെട്ട പ്രസന്ന ചില ദിവസങ്ങൾക്ക് മുമ്പ് പ്രതിയുടെ ഭാര്യയുടെ പ്രസവത്തിന്റെ ചെലവിനായി പതിനായിരം രൂപ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഒരു അക്കൗണ്ടിൽ ഇട്ടു നൽകിയിരുന്നു. ഈ വിവരങ്ങൾ ബന്ധുക്കൾ പൊലീസിനു നൽകിയിരുന്നു. ഈ അക്കൗണ്ട് പിന്തുടർന്ന് പ്രതിയെ കണ്ടെത്താൻ കഴിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവിൽ കേരളത്തിനു പുറത്ത് മുംബൈയിലും ഡൽഹിയിലും ആഗ്രയിലുമായാണ് പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിനകത്താകട്ടെ പ്രതിയുടെ സുഹൃത്തുക്കളെയും പ്രതിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെയും കണ്ടെത്താൻ അഞ്ചു സംഘങ്ങളെയാണു നിയോഗിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽനിന്ന് കച്ചവട സംബന്ധമായ ബില്ലുകളും പണം സംബന്ധിക്കുന്ന രേഖകളുമെല്ലാം നഷ്ടപ്പെട്ടത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല പ്രതിയെന്നു കരുതുന്ന യു പി സ്വദേശിയെ കൊല്ലപ്പെട്ട പ്രവീണിനു പരിചയപ്പെടുത്തിക്കൊടുത്ത കോട്ടയത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു അന്യഭാഷാ തൊഴിലാളിയെയും കാണാതായിട്ടുണ്ട്. ഇതിനിടെ കൊലപാതകം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ പ്രതിയും പ്രവീൺലാലും തമ്മിൽ തർക്കം നടന്നിരുന്നുവെന്നു പറയുന്നതു ശരിയല്ലെന്നു ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ പതിനെട്ടിന് രാവിലെയാണ് പാറമ്പുഴ തുരുത്തേൽ കവലയിൽ വീടിനോടു ചേർന്ന് ഡ്രൈ വാഷിങ്ങ് സ്ഥാപനം നടത്തിവന്നിരുന്ന മൂലേപറമ്പിൽ ലാലസൻ, ഭാര്യ പ്രസന്ന, മകൻ പ്രവീൺ ലാൽ എന്നിവരെ സ്ഥാപനത്തിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ സ്ഥാപനത്തിൽ കഴിഞ്ഞ രണ്ടുമാസമായി പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.